പതിവ് തെറ്റിക്കാതെ കാണിക്കാര്‍സംഘം ഒമ്പതിന് സന്നിധാനത്ത്
Friday, December 8, 2017 9:09 AM IST
അയ്യപ്പനോടുള്ള കൃത്യത പാലിക്കുന്നതില്‍ ഒരുവിട്ടുവീഴ്ചയും ചെയ്യാത്ത തിരുവനന്തപുരം കുറ്റിച്ചാല്‍ പഞ്ചായത്തിലെ കാണിക്കാര്‍ ആദിവാസിസംഘം നാളെ വൈകുന്നേരം ആറിന് സന്നിധാനത്ത് ദര്‍ശനത്തിനും സമര്‍പ്പണത്തിനുമായി എത്തിച്ചേരും. കുറ്റിച്ചാല്‍ പഞ്ചായത്തിലെ ആദിവാസി ക്ഷേത്രമായ കോട്ടൂര്‍ മുണ്ടണിമാടന്‍ തമ്പുരാന് ക്ഷേത്രത്തിന്റെ നേതൃത്വത്തിലാണ് അഗസ്ത്യാര്‍കൂടം മലനിരകളിലെ ഉള്‍ക്കാടുകളില്‍ വരുന്നവരില്‍ നിന്നുള്ള 87 അംഗസംഘം എത്തിച്ചേരുക.
അഗസ്ത്യാഗുരുവിനെ ഗുരുസ്ഥായിയായി സങ്കല്‍പ്പിച്ച് പൂജിച്ച് വരുന്നവരാണ് കാണിക്കാര്‍ വിഭാഗം. വൃശ്ചികം ഒന്നുമുതല്‍ മുണ്ടണിമാടന്‍ തമ്പുരാന് ക്ഷേത്രത്തില്‍ നിന്നും മാലയിട്ട് വ്രതമെടുക്കുന്ന സ്ത്രീകളും കുട്ടികളും ഉള്‍പ്പടെയുള്ള സംഘം വ്രത ശുദ്ധിയോടെതന്നെ കാട്ടില്‍നിന്നും ചെറുതേന്‍, കാട്ടുകുന്തിരിക്കം, കദളിക്കുല തുടങ്ങിയ വനവിഭവങ്ങള്‍ ശബരീശ്വന് കാണിക്കവയ്ക്കാന്‍ ശേഖരിക്കുന്നു. അയ്യപ്പനെ സ്വന്തം ചാത്താവ്(ശാസ്താവ്) അയ്യനുമായി കണക്കാക്കുന്ന ഇവര്‍ ഈറ്റയിലും ചൂരലിലും നെയ്തെടുക്കുന്ന പൂജാവട്ടികളും ഭഗവാന് പൂജാ ആവശ്യങ്ങള്‍ക്കായി സമര്‍പ്പിക്കും. പമ്പ മുതല്‍ സന്നിധാനംവരെ ആചാരപ്രകാരം ചിട്ട തെറ്റിക്കാതെ വരുന്ന ഈ സംഘത്തിന്് പോലീസ് സഹായവും ദേവസ്വംബോര്‍ഡിന്റെ സൗകര്യങ്ങളും നല്‍കിവരുന്നുണ്ട്.