കെഎസ്ആർടിസി ബസുകൾ പമ്പയിൽ പാർക്ക് ചെയ്യും
Friday, December 15, 2017 4:26 AM IST
ദുരന്തനിവാരണ നിയമത്തിലെ 34 (ജെ) വകുപ്പ് പ്രകാരം കെഎസ്ആർടിസി ബസുകൾക്ക് പാർക്ക് ചെയ്യുന്നതിനുള്ള സൗകര്യം പമ്പയിൽ കെഎസ്ആർടിസി ഒരുക്കി. വെള്ളിയാഴ്ച വൈകിട്ട് മുതൽ ബസുകൾ ഇവിടെ പാർക്ക് ചെയ്യുമെന്ന് കെഎസ്ആർടിസി സ്പെഷൽ ഓഫീസർ രാജേന്ദ്രൻ നായർ പറഞ്ഞു.
പന്പ - കെഎസ്ആർടിസി ബസ് സ്റ്റേഷനു പിൻഭാഗത്തുള്ള 70 സെന്റ് സ്ഥലത്താണ് കരുതൽ ശേഖരമായി മുൻകാലങ്ങളിൽ ബസുകൾ പാർക്ക് ചെയ്തിരുന്നത്. എന്നാൽ ഈ തീർഥാടനകാലം ആരംഭിച്ചപ്പോൾ ഈ സ്ഥലം വേലികെട്ട് തിരിക്കുകയും ഇവിടെ വൃക്ഷത്തൈകൾ നട്ടുപിടിപ്പിക്കുകയും ചെയ്തിരുന്നു.
സ്ഥലമില്ലാതായതോടെ പാർക്കിംഗും പ്രതിസന്ധിയിലായിരുന്നു. ഇതേത്തുടർന്നു മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ നിർദേശപ്രകാരമാണ് ദുരന്തനിവാരണ നിയമത്തിലെ പ്രത്യേക വകുപ്പ് അനുസരിച്ച് ബസുകൾ പാർക്ക് ചെയ്യാൻ ജില്ലാ കളക്ടർ ആർ. ഗിരിജ ഉത്തരവിട്ടത്.