നെയ്യഭിഷേകം: ഇടനിലക്കാരെ ഒഴിവാക്കുമെന്ന് ദേവസ്വം ബോര്‍ഡ്
Monday, December 18, 2017 7:57 AM IST
നെയ്യഭിഷേകവുമായി ബന്ധപ്പെട്ട് ഇടനിലക്കാരെ ഒഴിവാക്കി വരുമാനനഷ്ടം കുറയ്ക്കാന്‍ ദേവസ്വംബോര്‍ഡ് ശക്തമായ നടപടികളിലേക്കു കടന്നതായി ദേവസ്വംബോര്‍ഡംഗം കെ. രാഘവന്. ബോര്‍ഡ് ജിവനക്കാരുടെ പ്രത്യേക യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇപ്പോള്‍ സന്നിധാനത്ത് എത്തുന്ന അയ്യപ്പഭക്തരെ പലതരത്തില്‍ താത്കാലിക ജീവനക്കാരും ഇടനിലക്കാരും ചേര്‍ന്ന് ചൂഷണം ചെയ്യുന്നതായി ബോര്‍ഡിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. പലരില്‍നിന്നും യാതൊരു ഉത്തരവാദിത്വവും ഇല്ലാതെ നെയ്യ് സ്വീകരിച്ചശേഷം അഭിഷേകം ചെയ്തതായി വരുത്തി പണം തട്ടുന്നത് ശ്രദ്ധയിൽപെട്ടിട്ടുണ്ട്. ഇത്തരം ആരോപണങ്ങള്‍ക്കും വെട്ടിപ്പുകള്‍ക്കും തടയിടുന്നതിന് ദേവസ്വം പില്‍ഗ്രിം സെന്ററുകളിൽ ദേവസ്വം ബോര്‍ഡിന്റെ പൂര്‍ണ ഉത്തരവാദിത്വത്തില്‍ ഇന്നു മുതല്‍ വ്യക്തമായ ബോര്‍ഡ് സ്ഥാപിച്ച് സംവിധാനം ഒരുക്കും.
ഓരോ പില്‍ഗ്രിം സെന്ററുകളിലും താമസിക്കുന്നവര്‍ക്ക് ദേവസ്വത്തിന്റെ ഉത്തരവാദിത്വത്തില്‍ നെയ്യ് സംഭരിച്ച് അഭിഷേകം ചെയ്ത് കൊടുക്കാനാണ് തീരുമാനം. അഭിഷേകം ചെയ്ത നെയ്യ് അയ്യപ്പഭക്തര്‍ക്ക് കൃത്യനിഷ്ഠയോടെയും ഉത്തരവാദിത്വത്തോടെയും സത്യസന്ധതയോടെയും നല്‍കാനുള്ള ചുമതല ദേവസ്വം ബോര്‍ഡ് ജീവനക്കാര്‍ക്ക് അല്ലെങ്കില്‍ കെയര്‍ടേക്കര്‍മാര്‍ക്ക് നല്‍കും. ഓരോ കെയര്‍ടേക്കര്‍മാരും നിയമാനുസൃതം രസീതും നല്‍കും. ഇതുവഴി അയ്യപ്പഭക്തര്‍ക്ക് തട്ടിപ്പില്‍നിന്ന് ഒഴിവാകാനും മണിക്കൂറുകളോളം അഭിഷേകം ചെയ്ത നെയ്ക്കായുള്ള കാത്തിരിപ്പ് ഒഴിവാക്കാനും കഴിയുമെന്ന് കെ. രാഘവന് പറഞ്ഞു.