സന്നിധാനത്തെ ആയുര്‍വേദ ആശുപത്രിയിൽ തിരക്കോട് തിരക്ക്
Monday, December 18, 2017 7:58 AM IST
സന്നിധാനത്തെ സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സ തേടിയെത്തുന്ന അയ്യപ്പഭക്തരുടെ തിരക്കു കൂടുന്നു. ശരാശരി 650 രോഗികളെ നോക്കുന്ന വലിയ നടപ്പന്തലിനോടു ചേർന്ന ആശുപത്രിയിൽ എത്തുന്നത്. എത്തുന്നവരില്‍ 200ലധികം അയ്യപ്പഭക്തരുണ്ടാകും. കൂടാതെ വലിയനടപ്പന്തല്‍ മുതല്‍ പതിനെട്ടാംപടിവരെ തിരക്ക് നിയന്ത്രിക്കുന്ന പോലീസുകാരും ഉദ്യോഗസ്ഥരുമാണ്. 300 പോലീസുകാരെങ്കിലും ദിവസവും ഇവിടെയെത്തി തൈലവും ബാമും വാങ്ങിപ്പോകും.
കഠിനമായ മല കയറി വലിയ നടപ്പന്തലിന് സമീപം എത്തുമ്പോള്‍ തന്നെ അയ്യപ്പന്മാർക്ക് കാലില്‍ മസില്‍പിടുത്തം, നടുവിന് വേദന, കാല്പ്പാദത്തിന് വേദന എന്നിവയുണ്ടാകും. പൊടികൊണ്ടുള്ള അലര്‍ജിയുള്ളവരും എത്താറുണ്ടെന്ന് ആശുപത്രിയുടെ ചുമതലയുള്ള സീനിയര്‍ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്. ഷാജു പറഞ്ഞു. ഒരുദിവസം അഞ്ച് ഡോക്ടര്‍മാരുടെ സേവനം ഇവിടെ ലഭ്യമാണ് 13 ജീവനക്കാർ മൂന്ന് ഷിഫ്റ്റിലാണ് ജോലി. രാവിലെ അഞ്ചു മുതല്‍ പത്ത് വരെ ഒരു ഡോക്ടറും പത്ത് മുതല്‍ രാത്രി 11.30വരെ മൂന്ന് ഡോക്ടര്‍മാരും രാത്രി 11 മുതല്‍ പുലര്‍ച്ചവരെ ഒരു ഡോക്ടറുടെയും സേവനം സര്‍ക്കാരും ആരോഗ്യവകപ്പും ഉറപ്പുവരുത്തിയിട്ടുണ്ട്.