വികസനത്തിന് ഇടനിലക്കാരുടെയും കോ-ഓർഡിനേറ്റർമാരുടെയും സഹായം വേണ്ടെന്ന് ദേവസ്വംബോർഡ് പ്രസിഡന്റ്
Wednesday, December 20, 2017 8:52 AM IST
ശബരിമല വികസനത്തിന്റെ പേരിൽ ഇടനിലക്കാരുടെയും കോ-ഓർഡിനേറ്റർമാരുടെയും സഹായം വേണ്ടെന്ന് ദേവസ്വംബോർഡ് പ്രസിഡന്റ് എ.പദ്മകുമാർ. ശബരിമല സ്പോൺസേർസ് കോ-ഓർഡിനേറ്റർ എന്ന തസ്തിക ഉപയോഗിച്ച് ചിലർ പ്രവർത്തിക്കുന്നുണ്ടെന്നും ഇവരുടെ പേരിൽ വിജിലൻസ് കേസെടുത്ത സാഹചര്യത്തിലാണ് പ്രസിഡന്റ് ഇങ്ങനെ പ്രതികരിച്ചത്.
സ്പോൺസേർസ് കോ-ഓർഡിനേറ്റർ എന്ന തസ്തിക ദേവസ്വംബോർഡിന്റെ കീഴിലില്ല. ഈ തസ്തിക ഉപയോഗിച്ച് സന്നിധാനത്ത് ചിലർ പ്രവർത്തിക്കുന്നുണ്ടെന്ന വിവരം ബോർഡിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും കഴിഞ്ഞകാലങ്ങളിൽ ഇവർക്കു ലഭിച്ച എല്ലാ ആനുകൂല്യങ്ങളും തിരിച്ചുപിടിക്കാൻ ഇന്നു ചേരുന്ന ദേവസ്വംബോർഡ് യോഗം തീരുമാനിക്കുമെന്നും പദ്മകുമാർ പറഞ്ഞു.
ഇന്നലെയാണ് സന്നിധാനം മീഡിയ സെന്ററിലെ അന്യസംസ്ഥാന പത്രത്തിന്റെ ഓഫീസിൽ റെയ്ഡ് നടത്തിയപ്പോൾ സ്പോൺസേർസ് കോ-ഓർഡിനേറ്റർ എന്ന പേരിലുള്ള അഞ്ച് തിരിച്ചറിയൽ കാർഡുകളും മറ്റും കണ്ടെടുത്തു. സംഭവത്തെപ്പറ്റി കൂടുതൽ അന്വേഷണം നടത്താൻ ദേവസ്വം വിജിലൻസ് പോലീസിനോട് ആവശ്യപ്പെട്ടിരിക്കുകയാണ്.