ഡോക്ടര്‍ സുരേഷ്ബാബുവിന് സന്നിധാനത്ത് 28-ാമത്തെ വര്‍ഷം
Wednesday, December 20, 2017 8:54 AM IST
ഡോ. ജി സുരേഷ്ബാബുവിന് സന്നിധാനത്തെ സേവനം, കഴിഞ്ഞ 28 വര്‍ഷമായി അയ്യപ്പനുള്ള ഭക്തിനിര്‍ഭരമായ അര്‍ച്ചനയാണ്. സന്നിധാനത്തെയും പമ്പയിലെയും സര്‍ക്കാര്‍ ആതുരാലയങ്ങളുടെ ഓരോഘട്ടത്തിലേയും വളര്‍ച്ചയ്ക്ക് സാക്ഷ്യംവഹിച്ച ഡോക്ടര്‍ ഇപ്പോള്‍ ശബരിമലയിലെ ഹെല്‍ത്ത് നോഡല്‍ ഓഫീസറാണ്. 1989ലാണ് ഡോക്ടര്‍ സേവനത്തിനായി ആദ്യം ശബരിമലയിലെത്തുന്നത്. അന്ന് കരിമലയില്‍ കാട്ടുകമ്പില്‍ കെട്ടിയുണ്ടാക്കിയ സംവിധാനത്തിലായിരുന്നു ചികിത്സയെന്ന് ഓര്‍ക്കുന്നു. ആരോഗ്യവകുപ്പ് നിരന്തരമായി ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ നീലിമലമുകളിലും അപ്പാച്ചിമേടും ഓരോ കാര്‍ഡിയാക് സെന്ററുകള്‍ നിലവില്‍വന്നു.
2008-09 കാലത്താണിത്. കാര്ഡിയാക സെന്ററുകള്‍ വന്നതോടെ ഹൃദ്രോഗം മൂലമുള്ള മരണനിരക്ക് ഗണ്യമായി കുറഞ്ഞു. ഇപ്പോള്‍ സന്നിധാനത്ത് രണ്ട് എമര്‍ജന്‍സി ആംബുലന്‍സുകളുടെ സേവനം ലഭ്യമായി. ഇതോടെ ശരിയായ കാര്‍ഡിയാക് ചികിത്സയ്ക്കായുള്ള അവസരവുമായി. രണ്ട് ഡിസ്പെന്‍സറികളില്‍ നിന്ന് നിലവിലെ അവസ്ഥയിലെത്താന്‍ ഏറെ കടമ്പകളുണ്ടായി. ഇപ്പോള്‍ സന്നിധാനത്തെ സര്‍ക്കാര്‍ ആശുപത്രിയില്‍ 1600 രോഗികളും പമ്പയില്‍ 1000 രോഗികളും ദിവസേന എത്തുന്നു. എല്ലാ മരുന്നുകളും സര്‍ക്കാര്‍ സ്റ്റോക്ക് ചെയ്തിട്ടുണ്ട്. ഓക്സിജന്‍ പാര്‍ലറുകള്‍ തുടങ്ങിയതോടെ മരണനിരക്ക് 40ല്‍ നിന്ന് 15ന് ഉള്ളിലേയ്ക്ക് കുറഞ്ഞതായി സുരേഷ്ബാബു പറഞ്ഞു.
പേവിഷത്തിനുവരെയുള്ള മരുന്നുകള്‍ ഫാര്‍മസിയില്‍ ഉണ്ട്. ആറ് ബെഡുകളുള്ള സന്നിധാനത്തെ ആശുപത്രിയില്‍ ഇസിജി, മോണിറ്റര്‍ സൗകര്യം, കാരുണ്യാ ഫാര്‍മസി, ലാബ് തുടങ്ങിയ സജ്ജീകരണങ്ങളായി. അദ്ദേഹത്തിന് സഹായികളായി ഡോ. ദീപു, ഡോ. ശ്രീകുമാര്‍ എന്നിവരും ഉണ്ട്. അടൂര്‍ ജനറല്‍ ആശുപത്രിയില്‍ ഡോക്ടറാണ് സുരേഷ്ബാബു ഇപ്പോൾ.