മകൻ അജി തങ്കഅങ്കിരഥം ഒരുക്കി; വെള്ളിയാഴ്ച ആറന്മുളയിൽ നിന്നു പുറപ്പെടും
Thursday, December 21, 2017 8:47 AM IST
നാല് പതിറ്റാണ്ടിലേറെക്കാലം ശബരിമലയിലേക്കുള്ള തങ്ക അങ്കി രഥം നിർമിക്കുകയും സാരഥിയാകുകയും ചെയ്ത കോഴഞ്ചേരി കൊല്ലീരേത്ത് തങ്കപ്പനാചാരിയുടെ നിയോഗവുമായി മകൻ അജി തങ്കപ്പൻ നാളെ സാരഥിയാകും.
നാല് പതിറ്റാണ്ട് തങ്ക അങ്കി രഥം നിർമിച്ച് സാരഥിയായ തങ്കപ്പനാചാരി കഴിഞ്ഞ വർഷം ഒക്ടോബർ 24 നാണ് മരിച്ചത്. മണ്ഡലപൂജയ്ക്ക് അയ്യപ്പ വിഗ്രഹത്തിൽ ചാർത്തുന്നതിന് ചിത്തിരതിരുനാൾ മഹാരാജാവ് നടയ്ക്ക് 450 കിലോഗ്രാം തൂക്കമുള്ള തങ്ക അങ്കിയാണ് പതിറ്റാണ്ടുകളായി ഈ രഥത്തിൽ ആറന്മുളയിൽ നിന്നും കൊണ്ടു പോകുന്നത്. ആദ്യകാലത്ത് തങ്കപ്പനാചാരി തന്റെ ജീപ്പ് കോട്ടയത്തെത്തിച്ച് രഥമാക്കി മാറ്റുകയായിരുന്നു.
ഒരിക്കൽ ജീപ്പ് കോട്ടയത്ത് നിന്നും മോഷണം പോയി. തന്റെ രഥ നിർമാണം മുടങ്ങുമോയെന്ന് തങ്കപ്പനാചാരി വിഷമിച്ചു. ജീപ്പ് തിരികെ ലഭിച്ചാൽ എല്ലാവർഷവും തന്റെ വീട്ടുമുറ്റത്ത് വച്ച് രഥം നിർമിക്കാമെന്ന് അദ്ദേഹം തീരുമാനിച്ചു. ഇതോടെ തങ്കപ്പനാചാരിക്ക് തന്റെ മോഷണം പോയ ജീപ്പ് തിരികെ ലഭിച്ചു. അദ്ദേഹം ജീപ്പ് കോഴഞ്ചേരിയിലെ വീട്ടിലെത്തിച്ച് രഥം നിർമിച്ചു. തങ്ക അങ്കി രഥത്തിന്റെ സാരഥിയായി ആറന്മുളയിൽ നിന്നും ശബരിമലയിലേക്കു പോയിത്തുടങ്ങി.
തങ്കപ്പനാചാരി രൂപകല്പന ചെയ്ത രഥം കമനീയമാണ്. ശബരിമല ക്ഷേത്രത്തിന്റെ മാതൃകയിലാണ് തങ്ക അങ്കി രഥം. പതിനെട്ടാം പടിയും പൊന്നിൻ കൊടിമരവും ക്ഷേത്രവും അയ്യപ്പവിഗ്രഹവും എല്ലാം ഉണ്ട്. തങ്കഅങ്കി രഥം വണങ്ങുമ്പോൾ ശബരിമല ക്ഷേത്രദർശനം നടത്തുന്ന അനുഭവമാണെന്ന് ഭക്തരും പറയുന്നു. രഥം നിർമിക്കുന്നതിനും സാരഥിയാകുന്നതിനും മരിക്കുംവരെ ഒരു മുടക്കവും തങ്കപ്പനാചാരിക്ക് ഉണ്ടായില്ല.
തങ്കപ്പനാചാരി മരിച്ചെങ്കിലും ചരിത്രം ഏല്പിച്ച ഉത്തരവാദിത്വം മുടങ്ങാതിരിക്കാൻ മകൻ അജികുമാർ തീരുമാനിക്കുകയായിരുന്നു. സഹോദരൻ അനുകൂമാറും സഹായത്തിനുണ്ട്. വൃശ്ചികം ഒന്നു മുതൽ വ്രതം നോറ്റുവരുന്നു. അയ്യപ്പ സ്മരണയോടെ രഥം നിർമാണം പൂർത്തിയാക്കി കഴിഞ്ഞു. അവസാന മിനുക്ക് പണികളിലാണ് അജി. നാളെ രാവിലെ ഏഴോടെ തങ്ക അങ്കിയും വഹിച്ചുകൊണ്ടുള്ള രഥം ആറന്മുളയിൽ നിന്നും ശബരിമലയിലേക്ക് പുറപ്പെടും. 25ന് ഉച്ചയോടെ തങ്ക അങ്കി രഥം പമ്പയിലെത്തും. അവിടെ നിന്നും ശിരസിലേന്തിയാണ് തങ്ക അങ്കി ശബരിമല സന്നിധാനത്തിലെത്തിക്കുക. അന്ന് വൈകുന്നേരം ദീപാരാധനയ്ക്കും മണ്ഡലപൂജാ ദിനമായ 26നും തങ്ക അങ്കി അയ്യപ്പ വിഗ്രഹത്തിൽ അണിയിക്കും. 22ന് വൈകുന്നേരം ഓമല്ലൂരിലും 23ന് കൊന്നി മുരിങ്ങമംഗലത്തും 24ന് പെരുന്നാട്ടിലും തങ്ക അങ്കി രഥം താവളമടിക്കും.
തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് എ.പത്മകുമാർ ഇത്തവണ ആറന്മുള മുതൽ ശബരിമല വരെ ഘോഷയാത്രയെ അനുഗമിക്കുന്നുണ്ട്.