തിരുവാഭരണ പാതയിലുടനീളം വിശ്രമകേന്ദ്രങ്ങൾ പണിയുമെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ്
Sunday, January 7, 2018 5:07 PM IST
പന്തളത്തുനിന്ന് സന്നിധാനം വരെ നീളുന്ന തിരുവാഭരണപാത വിശുദ്ധ പാതയായി പ്രഖ്യാപിക്കുന്ന കാര്യം ദേവസ്വം ബോർഡിന്റെ പരിഗണനയിലാണെന്ന് പ്രസിഡന്റ് എ.പത്മകുമാർ. തിരുവാഭരണ ഘോഷയാത്രയുമായി ബന്ധപ്പെട്ട പന്തളത്തെ ക്രമീകരണങ്ങൾ വിലയിരുത്താൻ ചേർന്ന യോഗത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ഇതിനു മുന്നോടിയായി പാതയിലുടനീളം കാൽനടയായെത്തുന്ന തീർഥാടകർക്ക് സൗകര്യങ്ങളൊരുക്കുമെന്നും അദ്ദേഹം പറഞ്ഞു. 83 കിലോമീറ്റർ നീളുന്ന പാതയിൽ, എട്ട് കിലോമീറ്ററുകൾ ഇടവിട്ട് സ്ഥിരം വിശ്രമകേന്ദ്രങ്ങൾ പണിയും. ശൗചാലയങ്ങൾ, വിരിവയ്ക്കാനുള്ള സൗകര്യം അടക്കം ക്രമീകരിക്കും.
ബോർഡിന്റെ അധീനതയിൽ വരുന്ന തൊട്ടടുത്ത ക്ഷേത്രങ്ങൾക്ക് ഇതിന്റെ പരിപാലനത്തിന്റെ ചുമതല നല്കാനാണ് തീരുമാനമെന്നും അദ്ദേഹം പറഞ്ഞു. ഒന്പതിന് ആറന്മുളയിൽ ഹൈ പവർ കമ്മിറ്റി, ബോർഡ് ചീഫ് എൻജിനിയർ, തിരുവാഭരണപാത സംരക്ഷണസമിതി ഭാരവാഹികൾ എന്നിവർ യോഗം ചേർന്ന് എസ്റ്റിമേറ്റ് തയാറാക്കും. അടുത്ത തീർത്ഥാടനകാലത്തിനു മുന്പ് പദ്ധതി പൂർത്തീകരിക്കുകയാണ് ലക്ഷ്യം.
തിരുവാഭരണ ഘോഷയാത്രയിലും മകരവിളക്കുത്സവത്തിലും പന്തളം കൊട്ടാരത്തിന്റെ നിർദേശങ്ങൾ പൂർണമായി പരിഗണിക്കുമെന്ന് അദ്ദേഹം പറഞ്ഞു. പന്തളം വലിയകോയിക്കൽ ക്ഷേത്രത്തിലെ അന്നദാനത്തിന് ഇനി ബോർഡ് ഫണ്ട് അനുവദിക്കില്ലെന്നും ബോർഡ് ഫണ്ട് നല്കിയിരുന്ന മുൻ വർഷങ്ങളിലെ കണക്കുകളിലെ പൊരുത്തക്കേടാണ് ഇത്തരത്തിൽ തീരുമാനത്തിന് കാരണമെന്നും അദ്ദേഹം പറഞ്ഞു. ഉപദേശകസമിതി സ്വന്തം നിലയിൽ പണം കണ്ടെത്തണം. എന്നാൽ, ദേവസ്വം ബോർഡ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസറുടെയും ഉപദേശകസമിതി സെക്രട്ടറിയുടെയും ജോയിന്റ് അക്കൗണ്ടിലൂടെ മാത്രമേ പണമിടപാടുകൾ പാടുള്ളൂ. ഓഡിറ്റ് കൃത്യമായി നടത്തുമെന്നും അദ്ദേഹം അറിയിച്ചു. ഘോഷയാത്രയ്ക്കൊപ്പം പോകുന്നവർക്കായി നല്കുന്ന പാസുകൾ കർശനമായി നിയന്ത്രിക്കും.
കോടതിയിലെ കേസിനായി ക്ഷേത്രത്തിന്റെ പേര് മാറ്റേണ്ടതില്ലെന്നും ശബരിമല ശ്രീധർമശാസ്താ ക്ഷേത്രം എന്ന പേര് നിലനിർത്തുമെന്നും പ്രസിഡന്റ് അറിയിച്ചു. സ്വകാര്യവാഹനങ്ങൾ അടക്കം നിലയ്ക്കലിൽ വരെ മാത്രം യാത്ര അനുവദിക്കുന്ന പദ്ധതി ആലോചനയിലുണ്ടെന്നും തടസങ്ങളില്ലെങ്കിൽ അടുത്ത തീർഥാടന കാലത്തിന് മുന്പ് ഇത് നടപ്പാക്കാൻ ശ്രമിക്കുമെന്നും നിലയ്ക്കലിലെ 251 ഏക്കർ സ്ഥലം ഇതിനായി വിനിയോഗിക്കാനാണ് ആലോചനയെന്നും പത്മകുമാർ പറഞ്ഞു.
ഗ്രീൻ പ്രോട്ടോക്കോൾ എന്ന പേര് പലർക്കും മനസിലാവുന്നില്ലെന്നാണ് അനുമാനമെന്ന് ജില്ലാ കളക്ടർ ആർ.ഗിരിജ പറഞ്ഞു. പ്ലാസ്റ്റിക് ഒഴിവാക്കുക എന്ന ആശയം തന്നെ പ്രചാരണത്തിനുപയോഗിക്കുമെന്നും അവർ പറഞ്ഞു. പ്ലാസ്റ്റിക് നിരോധനം കഴിഞ്ഞ വർഷം ഫലപ്രദമായി നടത്താനായി. ഇക്കാര്യത്തിൽ ഇത്തവണയും ജാഗ്രത പുലർത്തുന്നുണ്ട്. പന്തളം ക്ഷേത്രപരിസരത്ത് ശുചീകരണ ജോലികൾ കാര്യക്ഷമമായി നടക്കുന്നുണ്ടെങ്കിലും നഗരസഭയുടെ മറ്റിടങ്ങളിലെ മാലിന്യപ്രശ്നം സംബന്ധിച്ച് പരാതികളുണ്ടെന്നും കളക്ടർ പറഞ്ഞു.
തിരുവാഭരണ ഘോഷയാത്രയുമായി ബന്ധപ്പെട്ട് കർശനമായ സുരക്ഷാക്രമീകരണങ്ങളാണ് തയാറാക്കിയിരിക്കുന്നതെന്ന് അടൂർ ഡിവൈഎസ്പി ആർ.ജോസ് അറിയിച്ചു. ദേവസ്വം ബോർഡ് അംഗം ശങ്കർദാസ്, നഗരസഭാ കൗണ്സിലർ കെ.ആർ.രവി, കൊട്ടാരം നിർവാഹകസംഘം പ്രസിഡന്റ് പി.ജി.ശശികുമാരവർമ, ഉപദേശകസമിതി പ്രസിഡന്റ് ജി.പൃഥിപാൽ തുടങ്ങിയവർ യോഗത്തിൽ പ്രസംഗിച്ചു. നഗരസഭാ ഭരണസമിതിയെ പ്രതിനിധീകരിച്ച് ആരും യോഗത്തിൽ പങ്കെടുത്തതുമില്ല.
പുണ്യം പൂങ്കാവനം ദിനം ഞായറാഴ്ച
ഞായറാഴ്ച ശബരിമല സന്നിധാനത്ത് പുണ്യംപൂങ്കാവനം ദിനം ആഘോഷിക്കും. സന്നിധാനം ഓഡിറ്റോറിയത്തിൽ രാവിലെ 11ന് ആഘോഷപരിപാടി സംഘടിപ്പിക്കും. പുണ്യംപൂങ്കാവനം നോഡൽ ഓഫീസറും കൊച്ചിറേഞ്ച് ഐജിയുമായ പി. വിജയൻ പങ്കെടുക്കും.