സന്നിധാനത്ത് വൻതിരക്ക്
Sunday, January 7, 2018 5:11 PM IST
മകരവിളക്ക് മഹോൽസവത്തോടനുബന്ധിച്ച് തീർഥാടകരുടെ വൻതിരക്ക്. പതിനെട്ടാംപടി ചവിട്ടാൻ കാത്തുനിൽക്കുന്ന അയ്യപ്പഭക്തരുടെ ക്യൂ മരക്കൂട്ടംവരെ പലപ്പോഴും നീളുകയാണ്. നെയ്യഭിഷേകത്തിന് സാധിക്കാതിരുന്ന തീർഥാടകർ സന്നിധാനത്ത് വിവിധയിടങ്ങളിൽ വിരിവെച്ച് കാത്തിരിക്കുകയാണ്. തീർഥാടക ബാഹുല്യം കണക്കിലെടുത്ത് സുഖദർശനം സാധ്യമായ തീർഥാടകർ പന്പയിലേക്ക് മലയിറങ്ങണമെന്ന് നിർദേശം നൽകിയിട്ടുണ്ട്.
കേരളത്തിന് പുറമേ തമിഴ്നാട്, കർണാടക, ആന്ധ്രാപ്രദേശ്, തെലുങ്കാന എന്നീ സംസ്ഥാനങ്ങളിൽ നിന്നുള്ള അയ്യപ്പഭക്തരാണ് കൂടുതലായും അയ്യപ്പസന്നിധിയിലെത്തുന്നത്. ഭക്തജനങ്ങളുടെ ബാഹുല്യം നിരീക്ഷിച്ച് സുരക്ഷാക്രമീകരണങ്ങൾ ശക്തമാക്കിയിട്ടുണ്ട്.
നിലയ്ക്കൽ, ചാലക്കയം, പന്പ, മരക്കൂട്ടം എന്നിവിടങ്ങളിൽ തീർഥാടകരെ പോലീസ് നിയന്ത്രിക്കുന്നുണ്ട്. പോലീസ്, ഫയർഫോഴ്സ്, എൻഡിആർഎഫ്, റാപിഡ് ആക്ഷൻ ഫോഴ്സ് തുടങ്ങിയ സേനാവിഭാഗങ്ങളും സുരക്ഷിത തീർഥാടനത്തിന് ജാഗ്രതയോടെ പ്രവർത്തിക്കുകയാണ്. സംസ്ഥാന സർക്കാരും ദേവസ്വംബോർഡും സുരക്ഷിത തീർഥാടനവും സുഖദർശനവും ഉറപ്പുവരുത്തുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ട്.
മണ്ഡലം മകരവിളക്ക് ഉൽസവത്തിനോടനുബന്ധിച്ച് ഓണ്‍ലൈനായി ബുക്ക് ചെയ്ത 14 ലക്ഷത്തോളം തീർഥാടകരിൽ ഒൻപത് ലക്ഷത്തോളംപേർ ഇതിനോടകം തീർഥാടനം നടത്തിയിട്ടുണ്ട്. ഓണ്‍ലൈനായി ബുക്ക് ചെയ്യാതെ ദർശനം നടത്തുന്ന തീർഥാടകരുടെ എണ്ണം ഇതിന്റെ പതിൻമടങ്ങാണ്. അയ്യപ്പഭക്തർക്ക് അടിസ്ഥാനസൗകര്യവും അന്നദാനവും ഉറപ്പുവരുത്തിയിട്ടുണ്ട്. അപ്പം, അരവണ എന്നിവ ആവശ്യാനുസരണം തീർഥാടർക്ക് ലഭ്യമാകുന്നുണ്ട്.