കെഎസ്ആര്‍ടിസി യാത്രാസംവിധാനം വിപുലമാക്കി
Friday, January 12, 2018 11:45 AM IST
ശബരിമല: മകരവിളക്ക് ദര്‍ശനത്തിനുശേഷം തീര്‍ഥാടകര്‍ക്ക് സുഗമമായി മലയിറങ്ങുന്നതിന് കെഎസ്ആര്‍ടിസിയുടെ വിപുലമായ പൊതുഗതാഗത സൗകര്യത്തിന് രൂപരേഖ തയാറാക്കി.
400 ബസുകള്‍ പമ്പയില്‍ നിന്ന് നിലയ്ക്കലിലേക്ക് 800 ചെയിന്‍ സര്‍വീസുകള്‍ നടത്തും. കെഎസ്ആർടിസി മാനേജിംഗ് ഡയറക്ടർ എ. ഹേമചന്ദ്രൻ പന്പയിലെത്തി ക്രമീകരണങ്ങൾ വിലയിരുത്തി.
മകരവിളക്ക് ദിവസം നിലയ്ക്കല്‍, പെരുനാട്, പ്ലാപ്പള്ളി, പമ്പ എന്നിവിടങ്ങളില്‍ റിക്കവറി വാഹനമുള്‍പ്പടെ മെക്കാനിക്കിന്റെ സേവനം ലഭിക്കും. എരുമേലി റൂട്ടില്‍ മെക്കാനിക്കുള്ള റിക്കവറി വാഹനം പട്രോളിംഗ് നടത്തും. ടാറ്റാ, പിവിഎസ് എന്നിവരുമായി സഹകരിച്ച് മൊബൈല്‍ സ്ക്വാഡിനെയും സജ്ജമാക്കിയിട്ടുണ്ട്.
പത്ത് സ്പെയര്‍ ഡ്രൈവര്‍മാരുടെയും കണ്ടക്ടര്‍മാരുടെയും സേവനം ലഭ്യമാക്കും.
നിലയ്ക്കലില്‍ നിന്ന് കൂടുതല്‍ തീര്‍ഥാടകരുള്ള ദീര്‍ഘദൂര റൂട്ടിലേക്ക് തിരക്കനുസരിച്ച് സർവീസ് നടത്താനുള്ള ക്രമീകരണവും ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് കെഎസ്ആര്‍ടിസി സ്പെഷല്‍ ഓഫീസര്‍ ഡി. രാജേന്ദ്രന് അറിയിച്ചു.