പന്പയിലെ ആംബുലൻസുകളുടെ ഇന്ധനക്ഷാമത്തിന് പരിഹാരമായി
Friday, January 12, 2018 11:54 AM IST
ശബരിമല: ആരോഗ്യവകുപ്പ് പന്പയിൽ ക്രമീകരിച്ചിരുന്ന ആംബുലൻസുകളുടെ ഇന്ധനക്ഷാമത്തിന് പരിഹാരമായി. അടിയന്തര സാഹചര്യം ഉണ്ടായാൽ ഉപയോഗിക്കാൻ പന്പയിൽ മാത്രം 18 ആംബുലൻസുകളും രണ്ടു മിനിബസുകളുമാണ് ആരോഗ്യവകുപ്പ് ക്രമീകരിച്ചിരുന്നത്. എന്നാൽ ഇവയ്ക്ക് ഡീസൽ അടിക്കാനുള്ള പണം സർക്കാരിൽനിന്നു ലഭിച്ചിരുന്നില്ല. ട്രഷറി നിയന്ത്രണമാണ് ഇതിനു കാരണമെന്നാണ് അധികൃതർ പറഞ്ഞിരുന്നത്.
പല ആവർത്തി ആരോഗ്യവകുപ്പിലെ പന്പയിലെയും സന്നിധാനത്തെയും ഉയർന്ന ഉദ്യോഗസ്ഥർ വിഷയത്തിന്റെ ഗൗരവം മന്ത്രിതലത്തിൽ ശ്രദ്ധയിൽപ്പെടുത്തിയിട്ടും പരിഹാരമില്ലായിരുന്നു. അടിയന്തരസാഹചര്യം ഉണ്ടായാൽ ആംബുലൻസുകൾ ഉപയോഗിക്കാൻ പറ്റാത്ത സാഹചര്യമാണെന്നു മനസിലാക്കിയ തിരുവിതാംകൂർ ദേവസ്വംബോർഡ് പ്രശ്നത്തിലിടപെട്ട് പന്പയിലും നിലയ്ക്കലിലുമുള്ള ബോർഡിന്റെ പെട്രോൾ പന്പുകളിൽനിന്ന് ആവശ്യമായ ഇന്ധനം നിറയ്ക്കാനുള്ള അനുമതി നൽകി പ്രശ്നത്തിനു പരിഹാരം കാണുകയായിരുന്നു. ഇതിനാവശ്യമായ കൂപ്പണുകളും ബോർഡ് നൽകി.
ശബരിമലയുമായി ബന്ധപ്പെട്ട് സാന്പത്തികതടസമുണ്ടാകരുതെന്നു കർശന നിർദേശം മുഖ്യമന്ത്രി നൽകിയിട്ടും അതു ഫലപ്രദമായി പ്രയോജനപ്പെട്ടില്ല. സീസൺ ആരംഭിച്ചപ്പോൾ ആരോഗ്യവകുപ്പ് ആദ്യഗഡു എന്ന നിലയിൽ പണം നൽകിയിരുന്നു. എന്നാൽ രണ്ടാം ഘട്ടത്തിൽ സഹായം നൽകിയില്ല. ഇതേത്തുടർന്നാണ് ദേവസ്വംബോർഡ് ഇടപെട്ട് താത്കാലിക പരിഹാരം കണ്ടെത്തിയത്.
മണ്ഡലകാലത്ത് പന്പയിൽ ക്രമീകരിച്ചിരുന്ന ആംബുലൻസുകളിൽ പകുതിയിലധികവും പൂർണസജ്ജമല്ലായിരുന്നുവെന്ന പരാതി നിലനിൽക്കുന്നു. മകരവിളക്ക് ഉത്സവത്തിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ ശബരിമലയിലേക്ക് എല്ലാ പാതയിലൂടെയും വൻ തീർഥാടകപ്രവാഹമാണ്.
ഈ സാഹചര്യത്തിൽ ജില്ലയിലെ എല്ലാ സർക്കാർ ആശുപത്രികളും പ്രാഥമികാരോഗ്യ കേന്ദ്രങ്ങളും പൂർണ സജ്ജമാകണമെന്ന് മുഖ്യമന്ത്രി നിർദേശിച്ചിട്ടും പലേടത്തും അലംഭാവമാണെന്ന് ആരോഗ്യവകുപ്പിലെതന്നെ ഉദ്യോഗസ്ഥർ പറയുന്നു.