മദ്യപിച്ച് ശബരിമലയിൽ ബഹളമുണ്ടാക്കി; പിഴ 1001 തവണ ശരണം വിളി
Friday, January 12, 2018 12:10 PM IST
ശബരിമല: ശബരിമലയിലും സമീപസ്ഥലങ്ങളിൽനിന്നും മദ്യപിച്ച് ബഹളമുണ്ടാക്കിയതിന് സന്നിധാനം പോലീസ് പിടികൂടിയ ഏഴുപേർക്ക് വ്യത്യസ്തമായ ശിക്ഷയാണ് പോലീസ് നല്കിയത്. ഇവരെ സന്നിധാനം പോലീസ് സ്റ്റേഷനു മുന്നിലിരുത്തി 1001 തവണ ശരണം വിളിക്കാനും ഭജനപാഠാനുമാണ് സന്നിധായനം എസ്ഐ ബി. വിനോദ് കുമാർ നിർദേശം നൽകിയത്.
ഇതേ തുടർന്ന് പിടികൂടിയ അടൂർ പഴകുളം സ്വദേശികളായ പുരുഷോത്തമൻ ആചാരി(58), പ്രശാന്ത് (39), കറ്റാനം സ്വദേശി സന്തോഷ്(35), ചന്ദനപ്പള്ളി സ്വദേശി വിനോദ് (33), കുന്നിക്കോട് സ്വദേശി അജയ്(30), നാഗർകോവിൽ സ്വദേശി സുധാകർ (70), തൃശൂർ സ്വദേശിയും ജാർഖണ്ഡിൽ സ്ഥിരതാമസക്കാരുമായ മുരളീധരൻ(52) എന്നിവരെക്കൊണ്ട് രാവിലെ മുതൽ ശരണം വിളിപ്പിച്ചത്.
കഴിഞ്ഞ കുറെ ദിവസങ്ങളായി ശബരിമലയിൽനിന്ന് പിടിക്കുന്ന മദ്യപാനികൾക്ക് ഇത്തരത്തിലുള്ള ശിക്ഷയാണ് സന്നിധാനം പോലീസ് നൽകിയത്. ഇതുകൂടാതെ ഇവരുടെ പേരിൽ പെറ്റി കേസും രജിസ്റ്റർ ചെയ്യുമെന്ന് സന്നിധാനം പോലീസ് പറഞ്ഞു.