മകരവിളക്ക് താന്ത്രിക ചടങ്ങുകൾക്ക് വെള്ളിയാഴ്ച തുടക്കം
Friday, January 12, 2018 12:13 PM IST
ശബരിമല: ശബരിമലയിലെ മകരവിളക്ക് ഉത്സവത്തോടനുബന്ധിച്ചുള്ള താന്ത്രികചടങ്ങുകൾക്ക് ഇന്ന് തുടക്കം കുറിക്കും. വൈകന്നേരം ദീപാരാധനയ്ക്കുശേഷം പ്രാസാദ ശുദ്ധിക്രിയകളോടുകൂടിയാണ് ചടങ്ങുകൾ ആരംഭിക്കുന്നത്.
നാളെ ഉച്ചയ്ക്ക് ബിംബ ശുദ്ധിക്രിയകൾ നടക്കും. 14-ന് ഉച്ചയ്ക്ക് 1.47-നാണ് മകരസംക്രമ പൂജ. തുടർന്ന് വൈകുന്നേരം 6.30-ന് തിരുവാഭരണം ചാർത്തി ദീപാരാധനയും തുടർന്് മകരവിളക്ക് ദർശനവും നടക്കും. 15-ന് രാത്രി 9.30-ന് മാളികപ്പുറത്ത് ക്ഷേത്രത്തിൽനിന്ന് സന്നിധാനത്തേക്ക് എഴുന്നള്ളത്ത് നടക്കും. 16-ന് വൈകുന്നേരം അഞ്ചിനാണ് പന്തളം രാജപ്രതിനിധിക്ക് ആചാര പരമായ സ്വീകരണം നൽകുന്നത്.് 17-ന് രാത്രി 9.30-ന് മാളികപ്പുറം ക്ഷേത്രത്തിൽനിന്ന് സന്നിധാനത്തേകക് എഴുന്നള്ളത്ത് നടക്കും. ഇക്കുറി എഴുന്നള്ളിപ്പിന് ആന ഉണ്ടായിരിക്കില്ല.
മണ്ഡല-മകര വിളക്ക് തീർഥാടനത്തിന് സമാപനം കുറിച്ചുകൊണ്ട് 18-ന് രാവിലെ പത്തിന് നെയ്യഭിഷേകവും തുടർന്ന് കളകാഭിഷേകവും നടക്കും. രാത്രി 9.30-ന് മാളികപ്പുറത്തുനിന്ന് ശരംകുത്തി വരെ എഴുന്നള്ളത്ത് നടക്കും. 19-ന് രാത്രി പത്തോടെ ഭക്തജനങ്ങളുടെ ദർശനം സമാപിക്കും. തുടർന്ന് 10.30-ന് മാളികപ്പുറത്ത് ഗുരുതി നടക്കും. 20-ന് രാവിലെ ഏഴിന് പന്തളം രാജപ്രതിനിധി ദർശനം നടത്തും. തുടർന്ന് മണ്ഡലമകരവിളക്ക് തീർഥാടനത്തിന് പരിസമാപ്തി കുറിച്ച് ക്ഷേത്രനട അടയ്ക്കും.
ക്ഷേത്രനട അടച്ചതിനുശേഷം പണക്കിഴിയും ശ്രീകോവിലിന്റെ താക്കോലും ദേവസ്വം മാനേജർക്ക് കൈമാറും. ഇതോടുകൂടി ഈ വർഷത്തെ മണ്ഡലമകരവിളക്ക് തീർഥാടനം പരിപൂർണാകും. 15 മുതൽ 18 വരെ എല്ലാ ദിവസവും വൈകുന്നേരം ദീപാരാധനയ്ക്കുശേഷം പടിപൂജയും ഉദയാസ്തമയ പൂജയും നടക്കും.