ശബരിമലയിൽ നിലയ്ക്കാത്ത ഭക്തജനപ്രവാഹം
Friday, January 12, 2018 12:16 PM IST
ശബരിമല:മകരവിളക്ക് ഉത്സവത്തിന് മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കേ ശബരിമലയിൽ ഭക്തജനങ്ങളുടെ നിലയ്ക്കാത്ത പ്രവാഹമാണ്. മുൻവർഷങ്ങളിൽനിന്ന് വ്യത്യസ്തമായ യാതൊരു നിയന്ത്രണവുമില്ലാതെ തീർഥാടകരുടെ ആവശ്യത്തിനാണ് അരവണയും ഉണ്ണിയപ്പരവും വിതരണം ചെയ്യുന്നത്. കരുതൽ ശേഖരമായ 25 ലക്ഷം ടിൻ അരവണയും മൂന്നുലക്ഷം ഉണ്ണിയപ്പവും ഉണ്ടെന്ന് ശബരിമല ഫെസ്റ്റിവൽ കണ്ട്രോളർ കെ.എസ്. വിനോദ് അറിയിച്ചു.
സുരക്ഷയ്ക്കായി ഡ്രോണും
ശബരിമല: സന്നിധാനത്ത് മകരവിളക്കിനോടനുബന്ധിച്ച് ഒരുക്കുന്ന പ്രത്യേക സുരക്ഷാസന്നാഹങ്ങളുടെ ഭാഗമായി പോലീസിന്റെ ഹെലികാം(ഡ്രോണ്‍) പരീക്ഷണ ആകാശനിരീക്ഷണം നടത്തി. പോലീസ് സേനയ്ക്കായി അടുത്തയിടെവാങ്ങിയ ഹെലികാമറയാണ് ഇതിനായി കൊണ്ടുവന്നിരിക്കുന്നത്. ഇതിനുപുറമെ ചെന്നൈ അണ്ണാ സർവകലാശാലയുടെ രണ്ട് ഡ്രോണുകൾ കൂടി എത്തും.
ഇന്നു മുതൽ മകരവിളക്ക് ദിവസമായ ഞായറാഴ്ചവരെ പോലീസ് കാമറകൾ ആകാശത്തുനിന്നുള്ള കാഴ്ചകൾ ചികഞ്ഞ് സുരക്ഷയ്ക്ക് ആക്കം കൂട്ടും. സന്നിധാനത്ത് സ്വന്തം ഹെലികാമുമായി പോലീസ് എത്തുന്നത് ഇതാദ്യമായാണ്. സ്പെഷ്യൽ ബ്രാഞ്ച് എസ്ഐ എ. എം. ശ്രീകുമാറിനാണ് കാമറുടെ നിയന്ത്രണച്ചുമതല. ഡ്രോണുകൾ കൈകാര്യം ചെയ്യാൻ പരിശീലനം നേടിയ ഏഴുപേർ ഇക്കുറി സന്നിധാനത്തുണ്ട്.