വന്മതില്പോലെ പേട്ടതുള്ളല്‍ സംഘങ്ങള്‍ക്കിടയില്‍ സൗകര്യമൊരുക്കി പോലീസ്
Friday, January 12, 2018 12:38 PM IST
എരുമേലി: മാസങ്ങളായി കോടതികള്‍ നീണ്ട ആലങ്ങാട് സംഘങ്ങളിലെ പേട്ടതുള്ളല്‍ അവകാശ തര്‍ക്കം ഒടുവില്‍ പോലീസിന് മുമ്പിലെത്തുമ്പോള്‍ എങ്ങനെ പരിഹരിക്കണമെന്നറിയാതെ കുഴയുകയായിരുന്നു ഉദ്യോഗസ്ഥര്‍. ഇറങ്ങിപ്പോക്കും ആരോപണങ്ങളും നിറഞ്ഞുനിന്ന അനുരഞ്ജന ചര്‍ച്ചകള്‍ക്കൊടുവിലും ഔദ്യോഗിക പേട്ടതുള്ളല്‍ ആര് നടത്തുമെന്നുള്ളത് സംബന്ധിച്ച തര്‍ക്കം തീര്‍ന്നിരുന്നില്ല.
എന്നാല്‍ ജില്ലാ പോലീസ് മേധാവി മുഹമ്മദ് റഫീക്കിന്റെ തീരുമാനം അംഗീകരിക്കുവാന്‍ ഇരു സംഘംങ്ങളും തയാറായതാണ് ഇന്നലെ പേട്ടതുള്ളല്‍ ശുഭപര്യവസാനമായി മാറിയത്. കോടതി ഉത്തരവില്‍ വ്യക്തമായി പറഞ്ഞിരിക്കുന്ന അമ്പാടത്ത് വിജയകുമാറിനെ ആലങ്ങാട് സംഘത്തിന്റെ പെരിയോനായി പേട്ടതുള്ളലിന് നേതൃത്വം നല്കാന് അനുമതി നല്‍കുമെന്ന് എസ്പി അറിയിച്ചിരുന്നു.
എതിര്‍പ്പുള്ളവര്‍ക്ക് ആചാരപെരുമയോടെ പേട്ടുതുള്ളാന് അവസരം നല്‍കുമെന്നും എസ്പി വ്യക്തമാക്കിയിരുന്നു. ഇരുസംഘങ്ങള്‍ക്കും തുള്ളാല് സമയം ക്രമീകരിച്ച് കൊടുത്ത എസ്പി ഒരു വാക്കുകൂടി പറഞ്ഞിരുന്നു. കോടതി ഉത്തരവ് ഇനിയുമുണ്ടായാല്‍ അത് അംഗീകരിച്ച് പേട്ടതുള്ളലിന് ക്രമീകരണം ഒരുക്കുമെന്നാണ് എസ്പി അറിയിച്ചിരുന്നത്. തര്‍ക്കങ്ങള്‍ മാറ്റിവച്ച് ഇരുസംഘങ്ങളും ആലങ്ങാടെന്ന പേരില്‍ പേട്ടതുള്ളി.