ഉജ്ജ്വല സ്വീകരണത്തില്‍ പേട്ടതുള്ളല്‍
Friday, January 12, 2018 12:40 PM IST
എരുമേലി: അമ്പലപ്പുഴ ആലങ്ങാട്ട് സംഘങ്ങളുടെ പേട്ടതുള്ളല്‍ മണിക്കൂറുകള്‍ നീളുമ്പോഴും വഴിയിലുടനീളം ഹാരങ്ങളും പാനീയങ്ങളുമായി സ്വീകരണമൊരുക്കി നാട്ടുകാര്‍ കാത്തുനിന്നു. സര്‍ക്കാരിന്റെ ഔദ്യോഗിക സ്വീകരണം ദേവസ്വം പ്രസിഡന്റ് എ. പത്മകുമാര്‍ ഇരുസംഘങ്ങള്‍ക്കും നല്കി. ബോര്‍ഡിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരും ഒപ്പമുണ്ടായിരുന്നു.
ജില്ലാഭരണകൂടത്തിന് വേണ്ടി കളക്ടറുടെ പ്രതിനിധിയായി തഹസില്‍ദാര്‍ ജോസ് ജോര്‍ജാണ് ഇരുസംഘങ്ങളേയും സ്വീകരിച്ചത്. രാവിലെ തന്നെ എംഎല്‍എ പി.സി. ജോര്‍ജ് സ്ഥലത്തെത്തിയിരുന്നു. പേട്ടതുള്ളലിന്റെ തുടക്കത്തില്‍ ചെണ്ടകൊട്ടിയും സ്വീകരണം നല്‍കിയിട്ടുമാണ് അദ്ദേഹം മടങ്ങിയത്. ജില്ലാ പഞ്ചായത്തംഗം മാഗി ജോസഫ് ബ്ലോക്ക് പ്രസിഡന്റ് ആശാജോയി, ബ്ലോക്ക് അംഗം പി.കെ അബ്ദുൾ കരീം, പഞ്ചായത്ത് പ്രസിഡന്റ് ടി.എസ്. കൃഷ്ണകുമാര്‍ തുടങ്ങിയവര്‍ സ്വീകരണം നല്കി. എന്‍എസ്എസ്, എസ്എന്‍ഡിപി, വിശ്വകര്‍മ്മസഭ, വെള്ളാള മഹാസഭ, വ്യാപാരി സംഘടനകള്‍, വിവിധ വകുപ്പുകള്‍, കെഎസ്ആര്‍ടിസി, കെഎസ്ഇബി തുടങ്ങി നിരവധി സ്വീകരണങ്ങളോടെയാണ് ഇരുസംഘങ്ങളും വലിയമ്പലത്തിലെത്തി പേട്ടതുള്ളല്‍ സമാപിച്ചത്.
വിശ്വാസം തെറ്റിക്കാതെ കൃഷ്ണപരുന്തും നക്ഷത്രവും
എരുമേലി: അമ്പലപ്പുഴ സംഘത്തിന്റെ തുള്ളല്‍ തുടങ്ങാന്‍ അനുമതിയായി ആകാശത്ത് പരുന്ത് പറന്നെത്തിയപ്പോള്‍ നിലയ്ക്കാത്ത ശരണം വിളികളോടെ എരുമേലി ശബ്ദമുഖരിതമായി. ഇതുവരെ തെറ്റിയിട്ടില്ലാത്ത കാഴ്ച അരക്കിട്ടുറപ്പിച്ചാണ് പരുന്തിന്റെ സാന്നിധ്യം നാട്ടുകാരില്‍ ഭക്തിയുടെ നിര്വൃതിയിലാക്കിയത്. ആലങ്ങാട് സംഘത്തിന്റെ പേട്ടതുള്ളല്‍ തുടരുമ്പോള്‍ മാനത്ത് നക്ഷത്രം കണ്ടപ്പോൾ ആയിരങ്ങളുടെ കണ്ഠങ്ങളില്‍ നിന്ന് ഉച്ചത്തില്‍ ശരണസ്തുതികളുയര്ന്നു.
മാതൃക കാണാന്‍ വിദേശികള്‍
രാജ്യം കണ്ണിമചിമ്മാതെ അഭിമാനത്തോടെ കണ്ട എരുമേലിയുടെ മതമൈത്രിയായ പേട്ടതുള്ളല്‍ ലോകത്തിന് പകരാന്‍ കാമറകളുമായി നിരവധി വിദേശികളാണെത്തിയത്. അവരെയെല്ലാം അതിഥികളായി കണ്ട് പാനീയങ്ങള്‍ നല്കി സ്വീകരിച്ചു നാട്ടുകാര്‍. അവരോടൊപ്പം സെല്ഫിയെടുക്കാവാന് യുവാക്കള്‍ മാത്രമല്ല സ്ത്രീകളും നിരവധിയുണ്ടായിരുന്നു. മലയാളസിനിമാസംവിധായകന് ലാല്‍ജോസും സംഘവും മറ്റൊരു ആകര്‍ഷണമായിരുന്നു. ഒരു ഹ്രസ്വചിത്രത്തിന് വേണ്ടിയാണ് ചന്ദനക്കുടവും ഇന്നലെ പേട്ടതുള്ളലും പകര്‍ത്താന്‍ ലാല്‍ ജോസും സംഘവുമെത്തിയത്.