മകരവിളക്ക് ഞായറാഴ്ച; ശബരിമലയും പരിസരങ്ങളും ഭക്തിസാന്ദ്രം
Sunday, January 14, 2018 10:15 AM IST
മകരവിളക്കിനും മകരസംക്രമണ പൂജയ്ക്കും മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ ശബരിമലയും പന്പയും ഭക്തിലഹരിയിലാണ്. നാളെ ഉച്ചയ്ക്ക് 1.47-നാണ് മകരസംക്രമ പൂജയും സംക്രമ അഭിഷേകവും നടക്കുന്നത്. തിരുവനന്തപുരം കവടിയാർ കൊട്ടാരത്തിലെ കന്നി അയ്യപ്പന്മാർ നാളികേരത്തിൽ നിറച്ചുകൊണ്ടുവരുന്ന നെയ്യാണ് അഭിഷേകത്തിന് ഉപയോഗിക്കുന്നത്. വൈകിട്ട് 6.30നാണ് തിരുവാഭരണം ചാർത്തി ദീപാരാധനയും മകരജ്യോതി ദർശനവും നടത്തുന്നത്. രാത്രി മാളികപ്പുറത്തുനിന്നുള്ള എഴുന്നള്ളത്തിനുശേഷം ഹരിവരാസനത്തോടെ നട അടയ്ക്കും.
ധനുമാസ രാവിലെ തണുപ്പിനെ ശരണം വിളിച്ചു പ്രതിരോധിച്ചാണ് തീർഥാടകർ മലകയറുന്നത്. മകരജ്യോതി ദർശനത്തിനു ശബരിമലയിലും പരിസരത്തും പർണശാലകൾ കെട്ടി തീർഥാടകർ ശരണംവിളിച്ചുകഴിയുകയാണ്. കാലാവസ്ഥ തങ്ങൾക്കു പ്രശ്നമല്ലാത്ത രീതിയിൽ ഭക്തലഹരിയിലാണ് തീർഥാടകർ. തിരുവാഭരണം പന്തളത്തുനിന്നു സന്നിധാനത്തേക്കു പുറപ്പെട്ടതോടെ ശബരിമലയിലേക്കുള്ള തീർഥാടകരുടെ വരവ് ഇരട്ടിയിലധികമായി. മുഴുവൻ വഴികളും തീർഥാടകരെക്കൊണ്ടു നിറഞ്ഞുകവിഞ്ഞു.
എരുമേലിയിൽനിന്നുള്ള പരന്പരാഗത പാതയിലും പുല്ലുമേടുവഴിയും കർണാടക, ആന്ധ്ര, തമിഴ്നാട് സംസ്ഥാനങ്ങളിൽനിന്നുള്ള തീർഥാടകരാണ് ഏറെയും എത്തുന്നത്. മലബാറിൽനിന്നുള്ള തീർഥാടകരാണ് പർണശാലകൾ കെട്ടി കഴിയുന്നത്. മകരവിളക്കിന് എത്തിയിരിക്കുന്ന തീർഥാടകർക്ക് എല്ലാ സൗകര്യങ്ങളും ചെയ്തുകൊടുക്കുന്നതിന് സർക്കാരിന്റെ വിവിധ വകുപ്പുകളും ദേവസ്വം ബോർഡും ഏകോപിപ്പിച്ചാണ് പ്രവർത്തിക്കുന്നത്. ദേവസ്വം പ്രസിഡന്റ് എ. പത്മകുമാർ അടക്കം ബോർഡിന്റെ ഉന്നതരെല്ലാം സന്നിധാനത്ത് ക്യാന്പ് ചെയ്യുകയാണ്.
അടിയന്തര സാഹചര്യമുണ്ടായാൽ നേരിടാൻ ദുരന്തനിവാരണ വകുപ്പിന്റെ കീഴിൽ അടിയന്തര ഓപ്പറേഷൻ സെല്ലും ജില്ലാ ഭരണകൂടം സന്നിധാനത്ത് ഒരുക്കിയിട്ടുണ്ട്. ഇന്നും നാളെയുമുള്ള തിരക്ക് നിയന്ത്രിക്കുന്നതിന് സന്നിധാനത്തുള്ള 3500 പോലീസ് സേനാംഗങ്ങൾക്കു പുറമെ 300 പേരെ അധികം ഇന്നലെ മുതൽ സന്നിധാനത്ത് നിയോഗിച്ചിട്ടുണ്ട്. പന്പയിലെയും സന്നിധാനത്തെയും സർക്കാർ ആശുപത്രികളിലും സന്നിധാനം വരെയുള്ള താത്കാലിക ആശുപത്രികളിലും ഡോക്ടർമാരെയും പാരാമെഡിക്കൽ ജീവനക്കാരെയും അധികമായി നിയോഗിച്ചിട്ടുണ്ട്.
മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഇന്നു വൈകുന്നേരം സന്നിധാനത്ത് എത്തും. ഐജി എ. ശ്രീജിത്ത് സന്നിധാനത്ത് ക്യാന്പ് ചെയ്താണ് പോലീസിന്റെ പ്രവർത്തനങ്ങൾ വിലയിരുത്തുന്നത്.
ശബരിമല ഉൾവനങ്ങളിൽ പർണശാലകൾ കെട്ടി തീർഥാടകർ കഴിയുന്നതിനാൽ അതീവ ജാഗ്രതാ നിർദേശമാണ് പോലീസും വനംവകുപ്പും നല്കിയിരിക്കുന്നത്. വനംവകുപ്പിന്റെ എലിഫന്റ് സ്ക്വാഡിന്റെ പട്രോളിംഗും സന്നിധാനത്തിനു ചുറ്റുമുള്ള വനംപ്രദേശങ്ങളിൽ നടത്തുന്നുണ്ട്.
ഹെലിക്പോറ്ററിൽ പോലീസ് ആകാശനിരീക്ഷണവും നടത്തുന്നുണ്ട്. മകരവിളക്കിനു മുന്നോടിയായുള്ള പന്പവിളക്കും പന്പസദ്യയും ഇന്നു നടക്കും. ഇന്ന് ഉച്ചയോടെ തീർഥാടകർ പന്പാ തീരത്ത് ഒന്നിച്ചിരുന്നാണ് സദ്യ കഴിക്കുന്നത്. അയ്യപ്പന്റെ സാന്നിധ്യം സദ്യയിൽ ഉണ്ടാകുമെന്നാണ് വിശ്വാസം. സന്ധ്യക്ക് മണ്ചിരാതുകളിൽ ദീപം തെളിയിച്ച് പന്പാ നദിയിലൂടെ ഒഴുക്കും. ഇതോടെ പന്പ ദീപപ്രഭയാൽ ശോഭിക്കും. സന്നിധാനവും പന്പയും തീർഥാടകരെക്കൊണ്ട് നിറയുകയും ശരണംവിളികളാൽ മുഖരിതമായ അന്തരീക്ഷവുമാണ് ഉള്ളത്.