മകരജ്യോതി കണ്ടു മടങ്ങിയത് ഭക്തിക്കൊപ്പം കനത്ത സുരക്ഷയുടെ അകമ്പടിയോടെ
Monday, January 15, 2018 1:27 PM IST
വളവിലും ജംഗ്ഷനിലും മുക്കിലും മൂലയിലും ചുവപ്പും പച്ചയും സിഗ്നൽ വെളിച്ചവുമായി ശബരിമല പാതയെ സേഫ് സോൺ ആക്കി പോലീസ് കാത്തുനിന്നു. പൊന്നമ്പലമേട്ടിൽ തെളിഞ്ഞ മകരജ്യോതിയെ ഭക്തിയോടെ കണ്ണുകളിൽ നിറച്ച് നിർവൃതിയോടെ മലയിറങ്ങിയ ഭക്തർക്ക് റോഡിൽ വഴികാട്ടുകയായിരുന്നു പോലീസിന്റെ സിഗ്നൽ ലൈറ്റുകൾ.
ഇന്നലെ രാത്രി ഏഴരയോടെ പാതകളിൽ തീർഥാടകരുടെ മടക്കയാത്ര ആരംഭിച്ചിരുന്നു. തുടർന്നങ്ങോട്ട് വാഹനപ്രളയമായിരുന്നു. വഴി തിരിച്ചുവിടാനുളള റൂട്ടുകൾ നേരത്തേ നിശ്ചയിച്ച് പോലീസ് ഡ്യൂട്ടി ആരംഭിച്ചതിനാൽ വാഹന തിരക്ക് നിയന്ത്രിക്കാനായി. നാട്ടുകാരുടെ വാഹനങ്ങളെ ശബരിമല പാതയിൽ വഴി തിരിച്ചുവിട്ടും തിരക്ക് നിയന്ത്രിച്ചു.
മോട്ടോർ വാഹന വകുപ്പിന്റെ പട്രോളിംഗ് സ്ക്വാഡുകൾ പ്രധാന ടൗണുകളിൽ ക്യാമ്പ് ചെയ്തിരുന്നു. തിരക്കേറിയ മുക്കൂട്ടുതറ ടൗണിൽ കൂടുതൽ പോലീസുകാരെയാണ് ഡ്യൂട്ടിക്ക് നിയോഗിച്ചിരുന്നത്. കൊക്കയും കൊടുംവളവും അപകടസാധ്യതകൾ നിറഞ്ഞതുമായ കണമലയിലും കോരുത്തോട്, വനപാതകളിലും പ്രത്യേകമായി ഡ്യൂട്ടി പോയിന്റുകൾ പോലീസ് ക്രമീകരിച്ചിരുന്നു. എരുമേലി പേട്ടക്കവല, രാജാപ്പടി, ടിബി റോഡ് ജംഗ്ഷൻ, പ്രപ്പോസ്, കണ്ണിമല, കൊരട്ടി എന്നിവിടങ്ങളിൽ തീർഥാടക വാഹന തിരക്ക് നിയന്ത്രിക്കാൻ പോലീസ് ഏറെ ബുദ്ധിമുട്ടി. കണമലയിലും മുക്കൂട്ടുതറയിലും ആംബുലൻസുകൾ ക്രമീകരിച്ചതിന് പുറമെ മൊബൈൽ മെഡിക്കൽ സംഘത്തെയും നിയോഗിച്ചിരുന്നു. ഫയർഫോഴ്സിന്റെ താത്ക്കാലിക ഓഫീസിൽ അടിയന്തര സാഹചര്യം നേരിടാനുളള തയാറെടുപ്പിലാണ് ജീവനക്കാർ ഡ്യൂട്ടിയിലുണ്ടായിരുന്നത്. എരുമേലി സർക്കാരാശുപത്രിയിൽ ഏഴ് ഡോക്ടർമാർ ഉൾപ്പടെയുളള സംഘം പ്രത്യേകമായി ഡ്യൂട്ടിയിലുണ്ടായിരുന്നു.
മടക്കയാത്രയുടെ വിവരങ്ങൾ ഏകോപിപ്പിക്കാൻ എരുമേലിയിൽ റവന്യു കൺട്രോൾ റൂം പ്രവർത്തിച്ചത് കാഞ്ഞിരപ്പളളി തഹസിൽദാരുടെ നേതൃത്വത്തിലായിരുന്നു. കാഞ്ഞിരപ്പളളി ഡിവൈഎസ്പി ഇമ്മാനുവേൽ പോൾ, അസിസ്റ്റന്റ് സ്പെഷൽ ഓഫീസറും ഡിവൈഎസ്പിയുമായ ജി അശോക് കുമാർ, മണിമല സിഐ ടി.ഡി. സുനിൽ കുമാർ, എസ്ഐ മനോജ് മാത്യു എന്നിവരുൾപ്പെട്ട വിപുലമായ സംഘമാണ് കണമല മുതൽ ശബരിമല പാതയുടെ നിയന്ത്രണം ഏറ്റെടുത്ത് ഗതാഗതം ക്രമീകരിച്ചത്.