ഹരിവരാസനം പുരസ്കാരം കെ.എസ് ചിത്രയ്ക്ക് സമ്മാനിച്ചു
Monday, January 15, 2018 1:32 PM IST
മതസൗഹാർദത്തിനും ദേശീയോദ്ഗ്രഥനത്തിനും നൽകിയ സംഭാവനകൾ പരിഗണിച്ച് കേരള സർക്കാർ നൽകുന്ന 2018ലെ ഹരിവരാസനം പുരസ്കാരം പ്രശസ്ത ഗായിക കെ.എസ്. ചിത്രയ്ക്ക് സന്നിധാനത്ത് മന്ത്രി കടകംപള്ളി സുരേന്ദ്രൻ സമ്മാനിച്ചു.
ശ്രീധർമശാസ്താ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ രാജു എബ്രഹാം എംഎൽഎ അധ്യക്ഷത വഹിച്ചു. ബി. അജയകുമാർ പ്രശസ്തി പത്രം വായിച്ചു. ശബരിമല ഉന്നതാധികാര സമിതി ചെയർമാൻ റിട്ടയേഡ് ജസ്റ്റീസ് എസ്. സിരിജഗൻ മുഖ്യപ്രഭാഷണം നടത്തി. റിട്ടയേഡ് ജസ്റ്റീസ് അരിജിത് പസായത്, തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് എ. പത്മകുമാർ, ബോർഡംഗം കെ.പി ശങ്കരദാസ്, കമീഷണർ സി.പി. രാമരാജപ്രേമ പ്രസാദ്, ചലച്ചിത്രനടൻ ജയറാം എന്നിവർ പ്രസംഗിച്ചു.
സോപാന സംഗീതത്തോടെയാണ് ചടങ്ങിന് തുടക്കമായത്. പുരസ്കാരം സ്വീകരിച്ച ശേഷം ചിത്ര സ്വാമിഭക്തിയിലലിഞ്ഞ് നടത്തിയ ഗാനാർച്ചന തീർഥാടകർക്ക് വിരുന്നായി. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക് ഭാഷകളിലും ഗാനമാലപിച്ച് വിവിധ സംസ്ഥാനങ്ങളിൽ നിന്നെത്തിയ ഭക്തരുടെ നിറഞ്ഞ കൈയടി നേടി. 2012ലാണ് ആദ്യമായി ഹരിവരാസനം അവാർഡ് നൽകിയത്. അത് കെ. ജെ. യേശുദാസിനായിരുന്നു. ജയൻ (ജയവിജയ), പി. ജയചന്ദ്രൻ, എസ്.പി ബാലസുബ്രഹ്മണ്യൻ, എം.ജി. ശ്രീകുമാർ, ഗംഗൈ അമരൻ എന്നിവർ തുടർന്നുള്ള വർഷങ്ങളിൽ പുരസ്കാരത്തിന് അർഹരായി.