അനീഷ് സൈമൺ: ഹൂസ്റ്റൺ കൺവൻഷന്‍റെ യുവരക്തം
ഹൂസ്റ്റണിൽ നടക്കുന്ന സീറോമലബാർ ദേശീയ കൺവൻഷന്‍റെ ഇതുവരെയുള്ള ഒരുക്കങ്ങൾ സംഘാടനമികവിന്‍റെ നേർചിത്രമായി മാറുമ്പോൾ അതിൽ ഒരു യുവപ്രതിഭയുടെ കൈയൊപ്പു കൂടിയുണ്ട്. റാന്നി സ്വദേശിയായ അനീഷ് ഏബ്രഹാം സൈമൺ. കൺവൻഷന്‍റെ ഇവന്‍റ് കോ-ഓർഡിനേറ്ററായ അനീഷ് അമേരിക്കയിലെ മലയാളികളായ മുതിർന്നവരിലും യുവജനങ്ങളിലും ഒരുപോലെ സുപരിചിതനായ വ്യക്തിത്വമാണ്. കൺവൻഷന്‍റെ ഒരുക്കങ്ങൾ ക്രോഡീകരിക്കുന്നതിലും മറ്റു കമ്മിറ്റി സഹവർത്തിക്കുന്നവരുടെയും അവശ്യസൗകര്യങ്ങൾ ഉറപ്പുവരുത്തുന്നതിലുമെല്ലാം ഈ മുപ്പത്തൊമ്പതുകാരന്‍റെ നിറസാന്നിധ്യമുണ്ട്. സ്ഥിരോത്സാഹവും നേതൃപാടവവും കൈമുതലായ അനീഷ് ഏതു പ്രതിസന്ധിയിലും അനേകരെ ഒരു കുടക്കീഴിൽ അണിനിരത്താൻ അതിസമർഥനാണ്. അദ്ദേഹത്തിന്‍റെ കീഴിൽ കഴിഞ്ഞ 14 മാസമായി യുവജനങ്ങളുടെ ഒരു വലിയ നിരതന്നെ കൺവൻഷന്‍റെ ഉന്നമനത്തിനായി രാപ്പകൽ അധ്വാനിക്കുന്നു.

റാന്നി പഞ്ചായത്ത് മുൻ പ്രസിഡന്‍റ് പവ്വത്ത് സൈമൺ ഏബ്രഹാമിന്‍റെയും റാന്നി സെന്‍റ് തോമസ് കോളജിലെ റിട്ട. പ്രഫസർ ആനി സൈമണിന്‍റെയും മകനായ അനീഷ് 2002ലാണ് അമേരിക്കയിലെത്തുന്നത്. ടെക്സസ് എ ആൻഡ് എം യൂണിവേഴ്സിറ്റിയിൽ നിന്ന് മെക്കാനിക്കൽ എൻജിനിയറിംഗിൽ ബിരുദാനന്തരബിരുദവും ഹാർവാർഡ്, ബെർകർലി യൂണിവേഴ്സിറ്റികളിൽ നിന്ന് മാനേജ്മെന്‍റ് വിഷയങ്ങളിൽ പ്രാവീണ്യവും നേടിയ ഈ യുവാവ് പിന്നീട് തൊട്ടതെല്ലാം പൊന്നാക്കി മുന്നേറുകയായിരുന്നു. ഊർജ മേഖലയിൽ മികച്ച ജോലി സമ്പാദിച്ച അനീഷ് ഓഫ്‌ഷോർ ഓയിൽ ആൻഡ് ഗ്യാസ് ഇൻഡസ്ട്രിയിലും പ്രശോഭിച്ചു.


നിലവിൽ ഗൾഫ് ഓഫ് മെക്സിക്കോയുടെ ഫീൽഡ് ഡെവലപ്മെന്‍റ് മാനേജരും യു‌എസ്‌എയിലെ ഇക്വിനറിനായുള്ള സീനിയർ ലീഡർഷിപ്പ് ടീമിലെ അംഗവുമാണ് അനീഷ്. കൂടാതെ നിരവധി വാണിജ്യസംഘടനകളുടെയും ഫോറങ്ങളുടെയും ഉപദേശകസമിതിയിലും അംഗമാണ്. സമൂഹത്തിന് മികച്ച സേവകനും വളർന്നുവരുന്ന പ്രതിഭകളുടെ മാർഗദർശിയുമാകാനും അനീഷ് ഇന്ന് സമയം കണ്ടെത്തുന്നു.

അമേരിക്കയിലെ മാത്രമല്ല, ലോകം മുഴുവനുമുള്ള മലയാളിയുവത്വത്തിന് ജീവിതവിജയം നേടാൻ പ്രചോദനമായ അനീഷ് സൈമണിന്‍റെ പരിചയസമ്പത്തും നേതൃപാടവവും ഹൂസ്റ്റൺ കൺവൻഷന്‍റെ കുതിപ്പിന് മുതൽക്കൂട്ടാകുമെന്നതിൽ സംശയമില്ല.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.