കോബെയിലെ ആബെ സഹോദരങ്ങൾ...
Monday, July 26, 2021 11:23 AM IST
ഒ ളിന്പിക്സ് ചരിത്രത്തിലെ അപൂർവ സഹോദരങ്ങളായിരിക്കുകയാണു ഹൈഫുമി ആബെയും ഉത ആബെയും. കോബെയിലെ സുവർണ സഹോദരങ്ങളെന്നാണ് ഇവർ വിശേഷിപ്പിക്കപ്പെടുന്നത്. ലോക ചാന്പ്യൻഷിപ്പിലടക്കം ജൂഡോയിൽ ജപ്പാന്റെ സ്വകാര്യ അഹങ്കാരമാണ് ഹൈഫുമിയും ഉതയും. ജപ്പാനിലെ ഏഴാമത്തെ വലിയ നഗരമായ കോബെയിൽനിന്നുള്ളവരാണിവർ.
ടോക്കിയോ ഒളിന്പിക്സിൽ ചേട്ടൻ ഹൈഫുമിക്കു പിന്നാലെ അനുജത്തി ഉതയും ജൂഡോയിൽ സ്വർണം നേടി. അതോടെ ഒളിന്പിക് ചരിത്രത്തിൽ ഒരു എഡിഷനിൽ സ്വർണം നേടുന്ന ആദ്യ സഹോദരങ്ങൾ എന്ന ചരിത്രം ഇവർ കുറിച്ചു. പുരുഷ വിഭാഗം 66 കിലോഗ്രാം വിഭാഗത്തിൽ ഇരുപത്തിമൂന്നുകാരനായ ഹൈഫുമി സ്വർണം നേടിയതിനു പിന്നാലെയായിരുന്നു ഉതയും വെന്നിക്കൊടി പാറിച്ചത്.
ഇരുപത്തൊന്നുകാരിയായ ഉത 52 കിലോഗ്രാം വിഭാഗത്തിലാണു മത്സരിച്ചത്. 2017, 2018, 2019 ലോക ചാന്പ്യൻഷിപ്പുകളിൽ സ്വർണം നേടിയ ചരിത്രം ഹൈഫുമിക്കുണ്ട്. 2018, 2019 ലോക ചാന്പ്യൻഷിപ്പ് ജേതാവാണ് ഉത. ഇന്റർനാഷണൽ ജൂഡോ ഫെഡറേഷൻ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ഗ്രാൻപ്രീ ജേതാവെന്ന ചരിത്രവും ഉതയ്ക്ക് അവകാശപ്പെട്ടത്.
ആറാം വയസിൽ ജൂഡോ അഭ്യസിക്കാൻ ആരംഭിച്ചതാണു ഹൈഫുമി ആബെ. അഗ്നിശമനസേനാംഗമായ അച്ഛൻ കോജി നൽകിയ അകമഴിഞ്ഞ പിന്തുണയാണു ഹൈഫുമിക്കു കൂട്ടുണ്ടായിരുന്നത്. ഉതയ്ക്ക് കൂട്ട് ഹൈഫുമിയും. ഇരുവരും ഒളിന്പിക്സിൽ ജപ്പാനു കീർത്തി സമ്മാനിച്ചിരിക്കുകയാണ്.
ടോക്കിയോയിൽനിന്ന് ആൻ ജോബി