ജപ്പാൻകാർക്കു ഫുജി പവിത്രമായ പർവതംകൂടിയാണ്. അതുകൊണ്ടുതന്നെ നിരവധി പെയിന്റിംഗുകളിലും ഫുജിക്കു സ്ഥാനം ലഭിച്ചു. അതിൽ ഏറ്റവും ശ്രദ്ധേയമായ പെയിന്റിംഗ് ജാപ്പനീസ് ഉക്കിയോ-ഇ ആർട്ടിസ്റ്റ് ഹൊകുസായിയുടെ (1760-1849) തേർട്ടിസിക്സ് വ്യൂസ് ഓഫ് മൗണ്ട് ഫുജിയാണ്. വിവിധ സ്ഥലങ്ങളിൽനിന്നും വിവിധ സീസണുകളിലും കാലാവസ്ഥയിലുമായി ഫുജി പർവതത്തിന്റെ ദൃശ്യങ്ങളാണു ഹൊകുസായി കാൻവാസിൽ പകർത്തിയത്.
സമുറായികളും ജാപ്പനീസ് ബുദ്ധിസ്റ്റുകളും ഫുജിയെ ദൈവികമായാണു പരിഗണിക്കുന്നത്. കരുത്ത് വർധിക്കുമെന്ന കാരണത്താൽ ഫുജിയുടെ താഴ്വരയിലാണു സമുറായികൾ അഭ്യസിക്കുന്നതെന്നതും ശ്രദ്ധേയം.
2013ൽ യുനെസ്കൊ ഫുജിയെ പൈതൃകകേന്ദ്രങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തിയിരുന്നു. ജൂലൈ-ഓഗസ്റ്റ് മാസങ്ങളിലാണു ഫുജി കയറാൻ ആളുകൾ സാധാരണയായി എത്താറുള്ളത്. ഈ വർഷം ജൂലൈ ഒന്ന് മുതൽ സെപ്റ്റംബർ 10വരെ പർവതാരോഹകരെ ഫുജിയിലേക്കു സ്വാഗതം ചെയ്തിട്ടുണ്ട്.
ടോക്കിയോയിൽനിന്ന് ആൻ ജോബി