ടോക്കിയൊ മെട്രൊയും ജാപ്പനീസ് കൃത്യനിഷ്ഠയുടെ കാര്യത്തിൽ നിർണായക പങ്കുവഹിക്കുന്നു. ഒന്പത് ലൈനും 179 സ്റ്റേഷനുമുള്ള ടോക്കിയോ മെട്രോയിൽ ഒരു വർഷം 230 കോടിയിലധികം സഞ്ചാരികളെത്തുന്നതായാണു കണക്ക്. ഓരോ സ്റ്റേഷനിലും എത്തുന്നതിലും പുറപ്പെടുന്നതിലും കൃത്യത പാലിച്ചില്ലെങ്കിൽ ജോലിക്കാർക്ക് പിഴ ലഭിക്കും.
ടോക്കിയോയ്ക്കു കിഴക്കുള്ള ചിബയിലെ മിനാമി-നഗരേയമ സ്റ്റേഷനിൽനിന്നു സുകുബ എക്സ്പ്രസ് ട്രെയിൻ 20 സെക്കൻഡ് നേരത്തേ പുറപ്പെട്ടതിന് ട്രെയിൻ കന്പനി മാപ്പപേക്ഷിച്ച സംഭവംവരെയുണ്ടിവിടെ. രാവിലെ 9:44:40ന് പുറപ്പെടേണ്ടിയിരുന്ന സുകുബ എക്സ്പ്രസ് 9:44:20ന് പുറപ്പെട്ടതിനായിരുന്നു ആ ക്ഷമാപണം.
മെട്രോയിലെ ഓരോ ട്രെയിനും എത്തുന്നതും പുറപ്പെടുന്നതും സമയം അടയാളപ്പെടുത്തിയാണു ടിക്കറ്റ് അച്ചടിക്കുന്നതെന്നതും ഈ ദേശത്തെ കൃത്യനിഷ്ഠയുടെ നേർചിത്രമാണ്.
ടോക്കിയോയിൽനിന്ന് ആൻ ജോബി