ഔദ്യോഗിക ചുമതലകളില്‍നിന്നു വിരമിച്ചശേഷവും ഏറെക്കാലം പൊതുവിഷയങ്ങളില്‍ സജീവമായി ഇടപെടുകയും അതേക്കുറിച്ചു സമൂഹത്തിന് ബോധവത്കരണം നടത്തുകയും ചെയ്തുപോന്നു. ചിട്ടയായ ജീവിതവും വ്യക്തമായ കാഴ്ചപ്പാടുകളും നവതിയുടെ നാളുകളില്‍ പോലും അദ്ദേഹത്തെ കര്‍മനിരതനാക്കി.
ചില വിഷയങ്ങളില്‍ മാര്‍ പവ്വത്തിലിന്റെ പിന്തുണ തേടി എത്തിയ പ്രമുഖര്‍ക്ക് നിരാശരായി മടങ്ങേണ്ടിവന്നിട്ടുണ്ട്. കേരള രാഷ്ട്രീയത്തില്‍ ഇന്നും തിളങ്ങിനില്‍ക്കുന്ന പലര്‍ക്കും ഈ അനുഭവമുണ്ടായിട്ടുണ്ട്.
തങ്ങളുടെ നിലപാടുകളോട് അഭിപ്രായവ്യത്യാസമുണ്ടെങ്കില്‍ അതു പരസ്യമായി പറയാതിരിക്കുകയെങ്കിലും ചെയ്യണമെന്ന അഭ്യര്‍ഥനയ്ക്കും അദ്ദേഹം വഴങ്ങിയിട്ടില്ല. എന്നു മാത്രമല്ല, തനിക്കു ബോധ്യമുള്ളതും സഭയുടെയും അതിരൂപതയുടെയും നന്മയ്ക്കുതകുന്നതുമായ കാര്യങ്ങളില്‍ വിട്ടുവീഴ്ചകള്‍ക്ക് അദ്ദേഹം തയാറായിരുന്നുമില്ല. അതൊന്നും തന്റെ മേന്മയായി അദ്ദേഹം ഒരിക്കലും പറഞ്ഞിരുന്നുമില്ല.
സീറോ മലബാര്‍ സഭയുടെ കിരീടം എന്നാണ് ബനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ മാര്‍ ജോസഫ് പവ്വത്തിലിനെ വിശേഷിപ്പിച്ചത്. അഞ്ചു മാര്‍പാപ്പമാരുമായി വ്യക്തിപരമായ ബന്ധം പുലര്‍ത്താന്‍ പവ്വത്തില്‍ പിതാവിനു കഴിഞ്ഞു. അതില്‍ത്തന്നെ ബനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പയുമായി പ്രത്യേകമായൊരു അടുപ്പവും ആത്മീയബന്ധവും അദ്ദേഹത്തിനുണ്ടായിരുന്നു. പോള്‍ ആറാമന്‍ മാര്‍പാപ്പയാണ് വത്തിക്കാനില്‍വച്ച് മാര്‍ പവ്വത്തിലിന്റെ മെത്രാഭിഷേകം നിര്‍വഹിച്ചത്.
സീറോ മലബാര്‍ സഭയുടെ വളര്‍ച്ചയില്‍ പവ്വത്തില്‍ പിതാവിന്റെ സംഭാവനകള്‍ വരുംകാലങ്ങളിലാവും കൂടുതല്‍ ആഴത്തില്‍ ദൈവജനത്തിനു ബോധ്യമാവുക. ആരാധാനക്രമവുമായി ബന്ധപ്പെട്ട വിവാദങ്ങളുടെ പേരില്‍ ഏറെ പഴി കേള്‍ക്കേണ്ടിവന്നിട്ടുള്ള പവ്വത്തില്‍ പിതാവ്, അതിന്റെ ദൈവശാസ്ത്രവും പാരമ്പര്യവും നന്നായി മനസിലാക്കിത്തന്നെയാണ് നിലപാടുകള്‍ സ്വീകരിച്ചത്.
അതു ചില തെറ്റിദ്ധാരണകള്‍ക്കു വഴിതെളിച്ചുവെങ്കിലും താന്‍ സ്വീകരിച്ച നിലപാടുകള്‍ സഭയുടെ വളര്‍ച്ചയ്ക്കും വിശ്വാസികളുടെ നന്മയ്ക്കും ഉതകുന്നതാണെന്ന ഉത്തമബോധ്യം അദ്ദേഹത്തിനുണ്ടായിരുന്നു. അക്കാര്യങ്ങള്‍ ആരെയും ബോധ്യപ്പെടുത്താന്‍ പിതാവ് തയാറുമായിരുന്നു. എന്നാൽ, ബോധ്യമാകാത്തവരോടു കലഹിക്കാനും അദ്ദേഹം തുനിഞ്ഞതേയില്ല.
വൈദികന്റെ ജീവിതം പൂര്ണസമര്പ്പണത്തിന്റേതാണെന്ന അഭിപ്രായമായിരുന്നു അദ്ദേഹത്തിന്. വൈദികരുടെയും സന്യസ്തരുടെയും പരിശീലനത്തില്‍ പവ്വത്തില്‍ പിതാവ് പ്രത്യേകം ശ്രദ്ധ പുലര്‍ത്തിയിരുന്നു. സെമിനാരിക്കാരുടെ പിതാവ് എന്നറിയപ്പെടാനാണ് താന്‍ ആഗ്രഹിക്കുന്നതെന്ന് അദ്ദേഹം ഒരിക്കല്‍ പറഞ്ഞിട്ടുണ്ട്.
സഭാവിജ്ഞാനീയത്തിലും ആരാധനാക്രമ രീതികളിലുമൊക്കെ മാര്‍ ജോസഫ് പവ്വത്തില്‍ പിന്തുടര്‍ന്ന ചില കര്‍ക്കശ നിലപാടുകള്‍ വിമര്‍ശനവിധേയമായിട്ടുണ്ട്. സീറോ മലബാര്‍ സഭ അടുത്തകാലത്തു കടന്നുപോകുന്ന പ്രതിസ ന്ധിയിൽ മാര്‍ പവ്വത്തിലിന്റെ പേരും അനാവശ്യമായി വലിച്ചിഴയ്ക്കാന്‍ പലരും ശ്രമിക്കുന്നുണ്ട്.
നവമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്ന ഇത്തരം കാര്യങ്ങള്‍ പലതും വസ്തുതാവിരുദ്ധവും അബദ്ധജഡിലവുമാണ്. പവ്വത്തില്‍ പിതാവിന്റെ സംഭാവനകളുടെ സത്ത തിരിച്ചറിയാത്തവരുടെ ജല്പനങ്ങളായി മാത്രമേ അതിനെ കാണാനാവൂ.
വിവിധ ക്രൈസ്തവ സഭകളുമായി മാത്രമല്ല, ഇതര മതവിഭാഗങ്ങളുമായും ഊഷ്മളമായ ബന്ധം കാത്തുസൂക്ഷിക്കുന്നതില്‍ പവ്വത്തില്‍ പിതാവ് ബദ്ധശ്രദ്ധനായിരുന്നു. ചങ്ങനാശേരിയുടെ പവിത്രമായ പാരമ്പര്യവും മതസൗഹാര്‍ദവും ഇതിലൂടെ കൂടുതല്‍ മിഴിവുള്ളതായി.
എക്യുമെനിക്കല്‍ പ്രസ്ഥാനത്തിനു നടുനായകത്വം വഹിച്ച പുരോഹിതശ്രേഷ്ഠനായിരുന്നു അദ്ദേഹം. ""പറയേണ്ടതു പറയുകയും പറയേണ്ടതു മാത്രം പറയുകയും ചെയ്യുന്ന പിതാവാണു പവ്വത്തില്‍ പിതാവ്'' എന്ന് ഫീലിപ്പോസ് മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്ത ഒരിക്കല്‍ പ്രസ്താ വിക്കുകയുണ്ടായി.
വൈവിധ്യമാര്‍ന്ന ജീവിതപാതകളിലൂടെ കടന്നുപോന്ന ധിഷണാശാലിയായിരുന്നു മാര്‍ ജോസഫ് പവ്വത്തില്‍. ആ വ്യക്തിത്വത്തെ നിഷ്പക്ഷമായി വിലയിരുത്തിയാല്‍ മാത്രമേ പവ്വത്തില്‍ പിതാവിന്റെ സംഭാവനകളെ നമുക്കു പൂര്‍ണമായി മനസിലാക്കാനാവൂ. ഈടുറ്റ നിരവധി ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുള്ള മാര്‍ ജോസഫ് പവ്വത്തില്‍ എഴുതിയ ഒരു പുസ്തകത്തിന്റെ പേര് "കരുതലും കാവലും' എന്നാണ്. സഭയെയും ദൈവജനത്തെയും സംബന്ധിച്ചിടത്തോളം ഈ പേര് അന്വര്‍ഥമാക്കിയ ആത്മീയാചാര്യനായിരുന്നു മാര്‍ പവ്വത്തില്‍.
യൗസേപ്പിതാവിന്റെ മരണത്തിരുനാളിനു തലേന്നുതന്നെ നിത്യസമ്മാനത്തിനു വിളിക്കപ്പെട്ട ജോസഫ് നാമധാരിയായ പവ്വത്തില്‍ പിതാവ് നീതിമാന്മാര്ക്കായി വാഗ്ദാനം ചെയ്യപ്പെട്ട സ്വര്ഗസൗഭാഗ്യത്തിലേക്കു കടക്കുന്നത് സഭയ്ക്കും സമൂഹത്തിനുംവേണ്ടി നല്ല ഓട്ടം ഓടിയതിന്റെ ചാരിതാര്ഥ്യത്തിലാവും.
സെര്‍ജി ആന്റണി