അടിസ്ഥാനരഹിതമായ വിമർശനങ്ങൾ പിതാവിനെ ഏറെ വേദനിപ്പിച്ചെങ്കിലും അവയെല്ലാം തികഞ്ഞ സംയമനത്തോടെ ഉള്ളിലൊതുക്കി പ്രാർഥനയിലൂടെ ആശ്വാസം കണ്ടെത്തുകയായിരുന്നു. രൂക്ഷമായ വിമർശനങ്ങളെ പിതാവ് എങ്ങനെ നേരിടുന്നുവെന്ന് ഒരിക്കൽ ചോദിച്ചപ്പോൾ ‘ഞാൻ അവർക്കു വേണ്ടി പ്രാർഥിക്കും’ എന്നാണ് മറുപടി പറഞ്ഞത്.
പരന്ന വായനയിലൂടെ ആഴമായ അറിവ് നേടിയിരുന്ന പവ്വത്തിൽ പിതാവിന് ഏതൊരു വിഷയത്തെക്കുറിച്ചും സമഗ്രമായ കാഴ്ചപ്പാടുകളുണ്ടായിരുന്നു. ഒരുവശം മാത്രം കണ്ട് അഭിപ്രായം പറയുന്നവർക്ക് ചിലപ്പോൾ പിതാവിന്റെ നിലപാട് മനസിലാക്കാൻ സാധിച്ചിരുന്നില്ല. അത് തെറ്റിദ്ധാരണകൾക്കും വിമർശനങ്ങൾക്കും ഇടവരുത്തിയിട്ടുണ്ട്.
ഏതായാലും പിതാവിന്റെ കാഴ്ചപ്പാടുകളും നിലപാടുകളുമാണ് വസ്തുനിഷ്ഠവും ആധികാരികവുമെന്ന് വിമർശകർക്കുതന്നെ പിന്നീട് ബോധ്യപ്പെട്ട് അംഗീകരിച്ചിട്ടുണ്ട്. സീറോ മലബാർ സഭയുടെ പൗരസ്ത്യ വ്യക്തിത്വവും തനിമയും കാത്തുസംരക്ഷിക്കുന്നതിന് പിതാവ് നടത്തിയ ത്യാഗപൂർണമായ പരിശ്രമങ്ങളെ ബെനഡിക്ട് പതിനാറാമൻ മാർപാപ്പ എടുത്തുപറഞ്ഞ് പ്രശംസിക്കുകയും ‘സീറോ മലബാർ സഭയുടെ കിരീടം’ എന്ന് പിതാവിനെ ഒരിക്കൽ വിശേഷിപ്പിക്കുകയും ചെയ്തിട്ടുള്ളതാണ്.
സഭയിൽ ഉന്നതപദവികൾ അലങ്കരിച്ച പിതാവ് വളരെ വിനയാന്വിതനും ലളിതജീവിതം നയിച്ച ആളുമായിരുന്നു. അംഗീകാരത്തിനും സ്ഥാനമാനങ്ങൾക്കുംവേണ്ടി ഒരിക്കലും പ്രവർത്തിച്ചിരുന്നില്ല. സാധുക്കളോട് ഏറെ കാരുണ്യം കാണിച്ചിരുന്ന പിതാവ്, പല ജീവകാരുണ്യ പ്രസ്ഥാനങ്ങൾക്കും ആരംഭം കുറിച്ചു. ജനഹൃദയങ്ങളിൽ ജീവിക്കുന്ന പവ്വത്തിൽ പിതാവ് കാലങ്ങൾക്കതീതനായി സ്മരിക്കപ്പെടും.
സഭയ്ക്കും സമൂഹത്തിനും പിതാവിലൂടെ ലഭിച്ച നന്മകൾക്കും നല്ല നേതൃത്വത്തിനും ദൈവത്തിനു നന്ദി പറയാം. പിതാവിന്റെ ആത്മാവിന് നിത്യശാന്തി നേരുന്നു.
ആർച്ച്ബിഷപ് ജോസഫ് പെരുന്തോട്ടം