ഒരിക്കൽപ്പോലും അനാവശ്യ വാക്കുകളോ നാക്കുപിഴവോ അദ്ദേഹത്തിൽനിന്നുണ്ടായിട്ടില്ല. ശരിയാണ്, അദ്ദേഹം സംസാരിക്കുന്നതിൽ പിശുക്കു കാണിച്ചിരുന്നു; എന്നാൽ വാക്കുകൾ ശ്രദ്ധാപൂർവമാണ് തെരഞ്ഞെടുത്തിരുന്നത്. വളരെയധികം ചിരിക്കുന്ന വ്യാക്തിയായും അദ്ദേഹത്തെ കണ്ടിട്ടില്ല.
എല്ലാവിധത്തിലുമുള്ള ഗരിമയുടെ പരിവേഷം അദ്ദേഹത്തെ ചൂഴ്ന്നു നിന്നിരുന്നു. വ്യക്തിപരമായി പറഞ്ഞാൽ അദ്ദേഹം എസ്ബി കോളജിൽ എന്റെ പിതാവിന്റെ സഹപാഠിയായിരുന്നു (ബിഎ ധനതത്വശാസ്ത്രം). ഹാജർ രജിസ്റ്ററിൽ അവരുടെ പേരുകളും തൊട്ടടുത്തായിരുന്നു (ജോസഫ് പി.ജെയും ജോസഫ് വി.ടിയും).
അന്തരിച്ച നാരായണപ്പണിക്കരും (എൻഎസ്എസിന്റെ മുൻ സെക്രട്ടറി) ആ ബാച്ചിൽപ്പെട്ട ആളായിരുന്നു. കഴിഞ്ഞ വർഷങ്ങളിൽ പവ്വത്തിൽ പിതാവുമായി സംസാരിക്കാൻ കിട്ടിയ ഏതാനും അവസരങ്ങളിൽ അദ്ദേഹത്തിന്റെ കരുതൽ അനുഭവിക്കാൻ എനിക്കും ഭാഗ്യമുണ്ടായിട്ടുണ്ട്.
മഹാനായ പിതാവിന് എന്റെ ആദരാഞ്ജലികൾ മൃദുഭാഷിയും കാഴ്ചയിൽ സൗമ്യനുമായ അദ്ദേഹം കേരളീയ പൊതുജീവിതത്തിലെ ഉത്തുംഗ സാന്നിധ്യമായിരുന്നു; വിയോജിച്ചിരുന്നവരുടെപോലും ആദരവ് നേടിയെടുത്ത അപൂർവ വ്യക്തിത്വം. ജൂലിയസ് സീസർ നാടകത്തിൽ, സീസറിന്റെ മരണത്തിനുശേഷം മാർക്ക് ആന്റണി പറയുന്നതായി ഷേക്സ്പിയർ രേഖപ്പെടുത്തിയത് ഓർമ വരുന്നു: " ഇവിടെ ഒരു ചക്രവർത്തി ഉണ്ടായിരുന്നു. അങ്ങനെയൊരാൾ ഇനി എന്നു വരും!’