പ്രാര്‍ഥനയുടെ മാസമാണ് റംസാന്‍."കരിച്ചുകളയുക' എന്നാണ് റംസാന്‍ എന്ന അറബിക് വാക്കിന്‍റെ അർഥം. ഗുണപരമായ കാര്യങ്ങളിൽ മനസും ശരീരവും കേന്ദ്രീകരിച്ചു തിന്മകളെ കരിച്ചുകളയുന്നകാലം.

സൃഷ്ടിയും സ്രഷ്ടാവും തമ്മിലുള്ള അഭേദ്യ ബന്ധത്തിന്‍റെ ശക്തമായ കണ്ണിയാണു പ്രാർഥന. സൃഷ്ടിയും സ്രഷ്ടാവും തമ്മിലുള്ള സ്വകാര്യ സംഭാഷണമാണത്. റംസാനിലെ പ്രാർഥനകൾക്ക് ഒട്ടേറെ പ്രത്യേകതകളുണ്ട്. വിവിധ ദിവസങ്ങളിൽ നടത്തേണ്ട പ്രാർഥനകൾ നബി (സ) പഠിപ്പിച്ചിട്ടുണ്ട്.

ഒരു നബിവചനത്തിൽ ഇങ്ങനെ കാണാം. അള്ളാഹു മാലാഖമാരോട് ചോദിക്കും - "മനുഷ്യരാരും പ്രാർഥിക്കുന്നില്ലേ? ആവശ്യങ്ങൾ നിറവേറ്റാൻ ഞാൻ സന്നദ്ധനാണ് '.

ചെയ്ത അനീതികളിലുള്ള പശ്ചാത്താപവും ഇനി തെറ്റുകൾ ആവർത്തിക്കില്ലെന്ന പ്രതിജ്ഞയുമാണു യഥാർഥ പ്രാർഥന.

സ്രഷ്ടാവിന്‍റെ ഔന്നത്യവും സൃഷ്ടിയുടെ എളിമയുമാണ് പ്രാർഥനയിൽ തെളിയുന്നത്. പ്രാർഥനാനിർഭരമായ മനസിൽ അസൂയയ്ക്കോ അഹങ്കാരത്തിനോ ആർത്തിക്കോ ഇടമില്ല.
മനസിൽ വിദ്വേഷവും വെറുപ്പും കുടിയിരുത്തിയവരുടെ പ്രാർഥന അസ്ഥാനത്താണെന്നു പ്രവാചകൻ പഠിപ്പിച്ചിട്ടുണ്ട്.

ഒ.പി.എം. മുത്തുക്കോയ തങ്ങൾ
(മലപ്പുറം ഖാസി)