അടുത്ത കാലം വരെ സീറ്റ് കിട്ടിയില്ല എന്ന നിലവിളി രാഷ്ട്രീയരംഗത്തു മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഇത്തവണത്തെ പ്ലസ് വണ് അലോട്ട്മെന്റ് കഴിഞ്ഞപ്പോൾ നാട്ടിലിപ്പോൾ കുട്ടികളുടെയും രക്ഷാകർത്താക്കളുടെയും ഈ നിലവിളിയേ കേൾക്കാനുള്ളൂ.
ഫുൾ എ പ്ലസ് വാങ്ങിയവർ പോലും സീറ്റ് കിട്ടാതെ നിൽക്കുന്നതു കണ്ടിട്ടും സർക്കാർ ഇതുവരെ സീറ്റിൽനിന്ന് എഴുന്നേറ്റിട്ടില്ല. എ പ്ലസ് വാരിക്കോരി വിതരണം ചെയ്തു കൈയടി മേടിച്ചപ്പോൾ ഇവർക്കെല്ലാം പഠിക്കാനുള്ള സീറ്റുകൂടി കൊടുക്കേണ്ടിവരില്ലേയെന്ന കാര്യം സർക്കാർ ഓർത്തില്ലെന്നു തോന്നുന്നു.
രാഷ്ട്രീയത്തിൽ പണ്ടേ സീറ്റും കാശും തമ്മിൽ നല്ല അടുപ്പമാണ്. കാശില്ലാത്തതുകൊണ്ട് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ സീറ്റ് കിട്ടിയില്ലെന്നതു രാഷ്ട്രീയത്തിൽ പതിവായി കേൾക്കുന്ന പല്ലവിയും. ഇതാ ഇപ്പോൾ പ്ലസ് വണ് സീറ്റിന്റെ കാര്യത്തിലും സർക്കാർ അതുതന്നെ ജനത്തെ പാടി കേൾപ്പിക്കുന്നു.
സീറ്റ് കിട്ടിയില്ലെങ്കിൽ രാഷ്ട്രീയക്കാർക്കു പല വഴികളുണ്ട്... നേതാക്കന്മാരെ ചീത്ത വിളിക്കാം, പാർട്ടി വിടാം, വിമതരായി മത്സരിക്കാം, പാർട്ടിസ്ഥാനാർഥിയുടെ കാലു വാരാം, രാഷ്ട്രീയ പരിപാടി നിർത്തി വീട്ടിലിരിക്കാം... ഇതിനൊന്നും തീവ്രത പോരെന്നു തോന്നിയാൽ പാർട്ടിയാപ്പീസിനു മുന്നിൽ പോയിരുന്നു തല മൊട്ടയടിക്കാം... പക്ഷേ, സീറ്റ് കിട്ടാത്ത പിള്ളേർ എന്തു ചെയ്യും?
മിസ്ഡ് കോൾ= പാൻഡോറ വെളിപ്പെടുത്തൽ: ആദായനികുതി മുൻ കമ്മീഷണർക്കും രഹസ്യസ്വത്ത് എന്നു റിപ്പോർട്ട്.
- വാർത്ത= നല്ല ആദായമുള്ള പണിയായിരുന്നെന്നു ചുരുക്കം!