അതെ, മരം ഒരു രോമാഞ്ചമാണ്!
Tuesday, November 16, 2021 11:15 AM IST
മരം ഒരു വരമാണ്! ആ പെരുമയ്ക്ക് ഒരു പോരായ്മയുണ്ടെന്ന് ഇതുവരെ ആരും ഉരിയാടി കേട്ടിട്ടില്ല. എങ്കിലും തരവും മരവും നോക്കാതെ മുറിക്കാൻ നോക്കിയാൽ മരമൊരു ഉഗ്രൻ പാരയായി വളരുമെന്നാണ് ഇപ്പോൾ ഭരണക്കാർക്കും മനസിലായിരിക്കുന്നത്.
മുല്ലപ്പെരിയാറിൽ ഇതുവരെ ആരും തിരിഞ്ഞുനോക്കാതെ മന്ദമാരുതനുമേറ്റു രസിച്ചുനിന്നിരുന്ന മരങ്ങളാണ് ഇപ്പോൾ ഊരിലെ താരങ്ങളായി മാറിയിരിക്കുന്നത്. ആന നിന്നാലും ചരിഞ്ഞാലും ലക്ഷം എന്നൊരു ചൊല്ലുണ്ട്. ഇവിടെ വനംവകുപ്പുകാരുടെ കാര്യത്തിലാണെങ്കിൽ മരംവച്ചാലും മരം മുറിച്ചാലും വിവാദം എന്നതാണ് സ്ഥിതി.
ഒാരോ വർഷവും വനംവകുപ്പുകാർ വച്ചുപിടിപ്പിക്കുന്ന മരങ്ങളുടെ കണക്കെടുത്തു നോക്കിയാൽ ഇപ്പോൾ കേരളം ഒരു ഘോരവനമായി മാറേണ്ടതായിരുന്നു. വച്ചെന്നു പറഞ്ഞ മരങ്ങൾ എവിടെപ്പോയി എന്നാരും തെരഞ്ഞും തിരിഞ്ഞും നോക്കാത്തതിനാൽ മരംവയ്പ് ഒരു ആചാരമായി അവർ എല്ലാ വർഷവും തുടരുന്നു.
കുറച്ചുകാലമായി വച്ച മരമല്ല മുറിച്ച മരവും മുറിക്കാനുള്ള മരവുമാണ് വനംവകുപ്പുകാർക്കു വിനയായി മാറിയിരിക്കുന്നത്. മലബാറിലെ അടക്കം മരംമുറിയുടെ കുരുക്കുകൾ അഴിയുന്നതിനു മുന്പാണ് മുല്ലപ്പെരിയാറിലെ മരത്തിന്റെ കൊന്പുകൾ വനംവകുപ്പിനു മീതെ ചാഞ്ഞിരിക്കുന്നത്.
പുരയ്ക്കു മീതെ ചാഞ്ഞാൽ സ്വർണം കായ്ക്കുന്ന മരമായാലും മുറിച്ചുനീക്കണമെന്നാണ് കാർന്നോന്മാർ പറഞ്ഞിട്ടുള്ളത്.
തിരക്കിട്ട് അധികമാരും അറിയാതെ മുല്ലപ്പെരിയാറിലെ മരം മുറിക്കാൻ ഉത്തരവിട്ടത് ആരുടെയെങ്കിലുമൊക്കെ പുരയിലും അരയിലും സ്വർണം കായ്ക്കുമെന്നതുകൊണ്ടാണോ എന്നതാണ് പ്രതിപക്ഷം ഉയർത്തുന്ന സംശയം. എന്തായാലും മരം മുറിക്കാൻ പറഞ്ഞ കാര്യം മരവും തമിഴ്നാട്ടിലെ മന്ത്രിയും വരെ അറിഞ്ഞിട്ടും നമ്മുടെ മുഖ്യമന്ത്രിയോ മന്ത്രിമാരോ അറിഞ്ഞില്ല എന്നതു കേട്ടു മരച്ചുനിൽക്കുകയാണ് നാട്ടുകാർ.
പുര കത്തുന്പോൾ വാഴ വെട്ടുന്നതു ശരിയാണോ? മുല്ലപ്പെരിയാർ ഡാം വിഷയം കത്തിനിൽക്കുന്പോഴാണ് ചിലർ മരവാഴ വെട്ടാൻ കോടാലി മുങ്ങിയെടുത്തു തമിഴ്നാടിനു കൊടുത്തത്. സംഭവം വിവാദമായതോടെ ഈ കോടാലി ഉത്തരവ് മരവിപ്പിച്ചു.
കോടാലി കൊടുക്കുക മാത്രമേ ചെയ്തിട്ടുള്ളൂ വെട്ടാൻ പറഞ്ഞിട്ടില്ല എന്ന മട്ടിലാണ് വനംമന്ത്രി ഒടുവിൽ നിയമസഭയിൽ പറഞ്ഞത്! കോടാലി എന്നതു മരം വെട്ടാനാണോ ഷേവ് ചെയ്യാനാണോ ഉപയോഗിക്കുന്നതെന്നാണ് ഇപ്പോഴത്തെ സംശയം.
തൊട്ടുപിന്നാലെ കേരളത്തിലെ വനംമന്ത്രിയും ജലമന്ത്രിയുമൊക്കെ പറഞ്ഞതു കേട്ടപ്പോൾ മുല്ലപ്പെരിയാറിലെ മരത്തിനു പോലും രോമാഞ്ചം വന്നുപോയി. മുല്ലപ്പെരിയാറിലെ മരത്തിൽ തൊട്ടുകളിക്കാൻ ആരെയും അനുവദിക്കില്ല എന്നാണ് മന്ത്രിമാർ കട്ടായം പറയുന്നത്.
ഏതാനും മരം മുറിച്ചാൽ എന്തു സംഭവിക്കാനാ എന്നു ചിന്തിക്കുന്നവരുണ്ടാകും. തമിഴ്നാടിനു മുല്ലപ്പെരിയാറിലെ ബേബി ഡാം ശക്തിപ്പെടുത്തണമെങ്കിൽ മരം മുറിക്കണം. ബേബിഡാം ശക്തിപ്പെടുത്തിയാൽ ഡാം ശക്തമായി എന്നു തമിഴ്നാടിനു വാദിക്കാം. വെള്ളം വെച്ചടി വെച്ചടി കൂട്ടുകയുമാകാം. അപ്പോൾ പിന്നെ കേരളം പിടിച്ചിരിക്കുന്ന 136 അടി എവിടെപ്പോയി നിൽക്കും?
136 അടി എന്നു കേട്ടപ്പോൾ പരസ്പരമുള്ള അടിയെന്നാണോ നമ്മുടെ മന്ത്രിമാരും ഉദ്യോഗസ്ഥരും കേട്ടതെന്നാണ്ഇപ്പോഴത്തെ സംശയം. അതിനാൽ പരസ്പരം അടിച്ച് എങ്ങനെയും അടിയുടെ എണ്ണം 136ൽ എത്തിക്കാനുള്ള പരിശ്രമത്തിലാണ് അവർ. എന്തായാലും പണ്ടുമുതലേ മുല്ലപ്പെരിയാറിന്റെ കാര്യത്തിൽ കേരളത്തിലെ ഈ അടിയിലാണ് തമിഴ്നാടിന്റെ പിടി!
മിസ്ഡ് കോൾ
മോൻസനുമായി ഐജി ലക്ഷ്മണിന് മൂന്നു വർഷത്തെ അടുത്ത ബന്ധം.
- വാർത്ത
ഇതാണ് 500 വർഷം പഴക്കമുള്ള ഐജി!
ഔട്ട് ഓഫ് റേഞ്ച് / ജോണ്സണ് പൂവന്തുരുത്ത്