കയ്ച്ചിട്ട് ഇറക്കാനും വയ്യ, മധുരിച്ചിട്ട് തുപ്പാനും വയ്യ എന്ന ഭാവം കാണണമെങ്കിൽ ഇപ്പോൾ പിണറായി സർക്കാരിന്റെ മോന്തായത്തിൽ നോക്കണം. ഗവർണർജി ഇടഞ്ഞപ്പോൾ മിണ്ടാതിരുന്നാൽ മതി, അല്പംകഴിഞ്ഞ് എല്ലാം കെട്ടടങ്ങുമെന്നാണ് മുഖ്യമന്ത്രിജിയും സംഘവും കരുതിയത്. അതുകൊണ്ടുതന്നെ ചൊറിഞ്ഞുകയറിയിട്ടും പാർട്ടിക്കാർ കടിച്ചുപിടിച്ചിരുന്നു. എന്നാൽ, ഇടഞ്ഞുനിൽക്കുന്ന ഗവർണർ പേഴ്സണൽ സ്റ്റാഫിൽത്തന്നെ കയറിപ്പിടിക്കുമെന്ന് ആരറിഞ്ഞു.
ഉപദേശകരുടെ കാര്യത്തിൽ റിക്കാർഡ് സൃഷ്ടിച്ച മുഖ്യമന്ത്രിയാണ് പിണറായിജി. സാന്പത്തിക ഉപദേഷ്ടാവ്, ഐടി ഉപദേഷ്ടാവ്, സുരക്ഷാ ഉപദേഷ്ടാവ്, മാധ്യമ ഉപദേഷ്ടാവ് എന്നു തുടങ്ങി സ്വപ്നാടനത്തിനു വരെ ഉപദേഷ്ടാക്കളുണ്ടായിരുന്നു അവിടെ. എന്നാൽ, ഗവർണറെ ഉപദേശിക്കുന്നവരാണ് ശരിക്കുമുള്ള ഉപദേഷ്ടാവ് എന്നിപ്പോൾ സർക്കാരിനു മനസിലായിട്ടുണ്ടാവണം.
സർക്കാരുമായി കൊന്പുകോർക്കുന്പോൾ പേഴ്സണൽ സ്റ്റാഫ് നിയമനം പോലെ ജനപിന്തുണ കിട്ടുന്ന ഒരു വിഷയം കൈയിൽ വേണമെന്ന് ഗവർണറെ ഉപദേശിച്ചത് ആരായിരിക്കും? കേരളത്തിലെ ബിജെപിക്കാർ ആയിരിക്കുമോ? അതിനുള്ള ബോധം അവർക്കുണ്ടെന്നു തീരെ പ്രതീക്ഷിക്കാൻ വയ്യ. ആണെങ്കിൽ അവർ ഈ വിഷയം നേരത്തേ കത്തിച്ചേനെ, ജനം കൂടെയും നിന്നേനെ. എന്നെങ്കിലും ഭരണം കിട്ടിയാൽ എൽഡിഎഫിനെയും യുഡിഎഫിനെയുംപോലെ ഭരിച്ചുപൊരിക്കണമെന്നു മോഹിച്ചു നടക്കുന്ന അവർക്കും പേഴ്സണൽ സ്റ്റാഫ് ഒരു മധുരനാരങ്ങയാണ്! പതിവ് പഴഞ്ചൊല്ല് ഒരിക്കൽകൂടി ആവർത്തിച്ചു ജനത്തിന് ആശ്വസിക്കാം; കാട്ടിലെ തടി തേവരുടെ ആന, വലിയും പിടിവലിയും സ്വാഭാവികം!
മിസ്ഡ് കോൾ4 കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കാൻ കേന്ദ്രം തയാറാകുന്നില്ല. - വാർത്ത
4 മനുഷ്യനെ പ്രഖ്യാപിക്കുന്നതാകും എളുപ്പം!
ഔട്ട് ഓഫ് റേഞ്ച് / ജോൺസൺ പൂവന്തുരുത്ത്