കുറച്ചുകൂടി ലളിതമായിട്ടു പറഞ്ഞാൽ; മരം ഒരു വരമാണ്, അതേസമയം വിവരം ഒരു അലങ്കാരവും. മരം ഒരു വരമാണെങ്കിലും പുരയ്ക്കു മീതെ ചരിഞ്ഞാൽ എന്തു ചെയ്യും? മുറിക്കണം. അതുപോലെ വിവരം ഒരു അലങ്കാരമാണെങ്കിലും പാർട്ടിക്കു മീതെ ചരിഞ്ഞാൽ മുറിക്കണം, പാർട്ടിതത്വങ്ങളുടെ ചുറ്റികകൊണ്ടു തലയ്ക്കടിച്ചിട്ട് അച്ചടക്കത്തിന്റെ അരിവാൾകൊണ്ടുതന്നെ മുറിക്കണം. അതായത്, പാർട്ടിക്കാരനാകണമെങ്കിൽ അലങ്കാരം വേണ്ട, ലേശം അഹങ്കാരം മാത്രം മതിയെന്നു ചുരുക്കം. അത് ആവശ്യത്തിനുണ്ടെന്ന് ഒാരോ സഖാവും ഉറപ്പാക്കിയാൽ മതിയാകും.
വർഗാധിപത്യവും കൊളോണിയലിസ്റ്റ് ചിന്താസരണികളും ചെറുക്കാൻ അലങ്കാരം മാത്രം പോരാ, അതു റാഡിക്കലായുള്ള ഒരു മാറ്റമല്ലെന്ന് നിരണം സഖാവിന് ഇപ്പോൾ പിടികിട്ടിക്കാണും. അല്ലെങ്കിലും വിവരസാങ്കേതികവിദ്യ ഇത്രയും വികസിച്ച കാലത്ത് എന്തുകൊണ്ടു നമ്മൾ തോറ്റു എന്നു ചിന്തിക്കുന്നതുതന്നെ വിവരക്കേടല്ലേ..? പരിപ്പുവടയിൽ എത്ര പരിപ്പുണ്ട് എന്നു ചോദിക്കുന്നതുപോലെയുള്ള ചോദ്യമാണത്. പാർട്ടിയിലെ വിവരാവകാശം ബുദ്ധിജീവികൾക്കു മാത്രമുള്ളതാണെന്ന് ഇനിയെങ്കിലും നാം മനസിലാക്കണം.
പാർട്ടിക്കാരെയും അല്ലാത്തവരെയും അച്ചടക്കം പഠിപ്പിക്കാനുള്ള നിഘണ്ടുവിലേക്ക് ഒരു വാക്കുകൂടി മൂത്ത സഖാവ് കൂട്ടിച്ചേർത്തിരിക്കുന്നുവെന്നതിൽ നമുക്ക് അഭിമാനിക്കാം. നികൃഷ്ടജീവി, കുലംകുത്തി, പരനാറി, ശുംഭൻ, വിവരദോഷി എന്നിങ്ങനെയുള്ള പദവിന്യാസങ്ങൾ പാർട്ടിയുടെ സ്വത്താണ്. അതുകൊണ്ട് തോറ്റ ചരിത്രം കേട്ടിട്ടില്ലെന്നും എവിടെങ്കിലും കേട്ടാൽത്തന്നെ അതു വിഘടനവാദികളും പ്രതിക്രിയാവാദികളും പ്രഥമദൃഷ്ട്യാ അകൽച്ചയിൽ ആയിരുന്നതുകൊണ്ടു സംഭവിച്ചതാണെന്നും കരുതി നമുക്ക് സമാധാനിക്കാം.
മിസ്ഡ് കോൾ =തൃശൂരിലും പാലക്കാട്ടും ഭൂചലനവും ഭൂമിക്കടിയിൽ മുഴക്കവും.
- വാർത്ത
=ജൂൺ നാലിന്റെ തുടർചലനങ്ങളായിരിക്കും.