ത്യാഗത്തിന്റെ സ്മരണകളുയർത്തി ഈദുൾ അസ്ഹ
ത്യാഗത്തിന്റെ സ്മരണകളുയർത്തി ഈദുൾ അസ്ഹ
അല്ലാഹു അക്ബർ... അല്ലാഹു അക്ബർ...വലില്ലാഹിൽ ഹംദ്... വിശ്വാസ വൈകല്യങ്ങൾക്കെതിരേ ഏകദൈവവിശ്വാസം ഭൂമുഖത്ത് ഊട്ടിയുറപ്പിച്ച പ്രവാചകശ്രേഷ്ഠൻ ഇബ്രാഹീം നബി(അ)യുടെ ത്യാഗസമ്പൂർണമായ ജീവിതം അനുസ്മരിച്ച് ഇസ്ലാം മത വിശ്വാസികൾ ഈദുൽ അസ്ഹ അഥവാ ബലിപ്പെരുന്നാൾ ആഘോഷിക്കുന്നു. ഇബ്രാഹീം നബി(അ) പടുത്തുയർത്തിയ മക്കാനഗരിയിലെ ദൈവമന്ദിരത്തിൽ അതിഥികളായെ ത്തിയ ജനലക്ഷങ്ങൾ ലബ്ബൈക്കല്ലാഹുമ്മ ലബ്ബൈക്ക് എന്ന ധ്വനികളുയർത്തി അറഫയിൽ സമ്മേളിച്ചു.

അതുല്യമായ ത്യാഗത്തിന്റെ ഓർമകളാണ് ഇസ്ലാം മത വിശ്വാസികൾക്ക് ഈദുൽ അസ്ഹ. പ്രവാചകപരമ്പരയുടെ പിതാവായ ഹസ്രത്ത് ഇബ്രാഹീം നബിയുടെ അതുല്യവും അവിസ്മരണീയവുമായ ത്യാഗമാണ് ഈദുൽ അസ്ഹയിലൂടെ വിശ്വാസികൾ അനുസ്മരിക്കപ്പെടുന്നത്. അല്ലാഹുവിന്റെ മാർഗത്തിൽ ജീവനും ജീവിതവും സമർപ്പിക്കാനുള്ള സന്ദേശമാണ് ഈ പെരുന്നാൾ വിശ്വാസികൾക്ക് നൽകുന്നത്.

അല്ലാഹു അക്ബർ, അല്ലാഹു അക്ബർ.... സഹസ്രാബ്ദങ്ങൾക്കു മുമ്പ് മിനായിൽ മുഴങ്ങിയ തക്ബീർധ്വനി വിശ്വാസികൾ ഭക്‌ത്യാദരപൂർവം ചൊല്ലുകയാണ്. ത്യാഗോജ്‌ജ്വലമായ ഹജ്‌ജ് കർമങ്ങൾക്ക് പരിസമാപ്തി കുറിച്ച് മാനവ സാഹോദര്യവും സമത്വവും വിളംബരം ചെയ്തുകൊണ്ടാണ് ഈദുൽ അസ്ഹ കടന്നുവരുന്നത്. ദുൽഹജ്‌ജ് മാസം പത്താംതീയതിയാണ് ഈദിന്റെ പുണ്യദിനമായി ആഘോഷിക്കുന്നത്.

പ്രവാചകനായ ഇബ്രാഹീം നബിയുടേയും പത്നി ഹാജിറയുടേയും മകൻ ഇസ്മായിലിന്റേയും ത്യാഗസമ്പൂർണമായ ജീവിതമാണ് പരിശുദ്ധ ഹജ്‌ജ്കർമത്തിലൂടെയും ഈദിലൂടെയും വിശ്വാസികൾ അനുസ്മരിക്കുന്നത്. വൃദ്ധനായ ഇബ്രാഹീം നബിക്ക് വിവാഹം കഴിഞ്ഞ് വർഷങ്ങൾ കഴിഞ്ഞിട്ടും ഒരു കുഞ്ഞിക്കാലു കാണാനുള്ള ഭാഗ്യം ലഭിച്ചിരുന്നില്ല. ഒരു കുഞ്ഞിനെ തരണേ നാഥാ എന്ന് ഇബ്രാഹീം നബി ഉള്ളുരുകി പ്രാർഥിക്കുമായിരുന്നു. അവസാനം അല്ലാഹു ഇബ്രാഹീം നബിയുടെ പ്രാർഥന കേൾക്കുകയാണ്. വാർധക്യത്തിൽ ഇബ്രാഹീം നബിക്കും ഭാര്യ ഹാജിറാബീവിക്കും ഒരു പുത്രനെ നൽകാൻ അല്ലാഹു തീരുമാനിക്കുന്നു. അങ്ങനെ ഇസ്മായിൽ പിറക്കുകയാണ്.

കളിയും ചിരിയുമായി ഇസ്മായിൽ വളർന്നു. പുത്രൻ തുള്ളിച്ചാടി നടക്കുന്നത് നോക്കി ഇബ്രാഹീം നബി അല്ലാഹുവിനെ സ്മരിച്ചു. പക്ഷേ ഇബ്രാഹീമിന്റെ വിശ്വാസത്തെ പരീക്ഷിക്കാനായിരുന്നു അല്ലാഹുവിന്റെ തീരുമാനം. അങ്ങനെ അല്ലാഹു ഇബ്രാഹീം നബിയോട് അരുമസന്താനത്തെ ബലി നൽകാൻ കല്പിക്കുന്നു. വാർധക്യകാലത്ത് മകന്റെ തണലും താങ്ങും കൊതിച്ച പിതാവ് തളർന്നില്ല. ജീവിതത്തിന്റെ സായംസന്ധ്യയിൽ തനിക്ക് താങ്ങാവണമെന്നാശിച്ച മകനെ ബലിനൽകാൻ തന്നെ അദ്ദേഹം തീരുമാനിച്ചു. തീക്ഷ്ണമായ പല പരീക്ഷണങ്ങളെയും അതിജീവിച്ച ചരിത്രമാണ് ഇബ്രാഹീം നബിക്കുള്ളത്. അല്ലാഹുവിന്റെ കൽപ്പനകൾ സ്വന്തം ജീവിതത്തിൽ നടപ്പിലാക്കുന്നതിൽ യാതൊരു മടിയുമില്ലാത്ത പ്രവാചകൻ കൂടിയായിരുന്നു അദ്ദേഹം. അല്ലാഹുവിന്റെ പ്രീതി, അതാണ് തന്റെ ജീവിത ലക്ഷ്യമെന്ന് ഇബ്രാഹീം നബി തിരിച്ചറിഞ്ഞിരുന്നു.


അല്ലാഹുവിന്റെ തീരുമാനം വിജയിക്കാൻ വൃദ്ധനായ ഇബ്രാഹീം തന്റെ അരുമസന്താനത്തെ ബലിനൽകാൻ പുറപ്പെട്ടു. പ്രപഞ്ചനാഥന് തന്നെ ബലി നൽകാൻ പോവുകയാണെന്ന അറിവ് മകനായ ഇസ്മായിലിനെയും കുലുക്കിയില്ല. ഇസ്മായിൽ പിതാവിനോട് പറഞ്ഞു. ‘പിതാവേ.. അങ്ങയോട് അല്ലാഹു ആജ്‌ഞാപിച്ചതെന്തോ അത് ചെയ്യുക. ഞാൻ ക്ഷമിക്കും. നിശ്ചയം.’പിതാവ് പുത്രനെ ബലിപീഠത്തിൽ കിടത്തി ബലിനൽകാൻ ഒരുങ്ങി. പക്ഷേ ബലി നടത്താൻ ഇബ്രാഹീമിന് കഴിഞ്ഞില്ല. ഇബ്രാഹീമിന്റെ നരബലി അല്ലാഹുവിന് ആവശ്യമില്ലായിരുന്നു.

ഇബ്രാഹീമിന്റെ ത്യാഗസന്നദ്ധതയെയും പുത്രന്റെ സഹന സന്നദ്ധതയേയും അല്ലാഹു ഇവിടെ പരീക്ഷിക്കുകയായിരുന്നു. സ്വന്തം മകനെ ബലി നൽകാനുള്ള ഇബ്രാഹീം നബിയുടെ വിശ്വാസത്തിൽ അല്ലാഹുവിന് ഏറെ തൃപ്തി തോന്നി. പിന്നീട് ഇബ്രാഹീം നബി മകനെ ബലിപീഠത്തിൽ നിന്നിറക്കി. മാലാഖമാർ വിശിഷ്‌ട ആടിനെ അറുക്കുവാൻ നല്കി. അങ്ങനെ ആടിനെ ബലി നൽകി ഇബ്രാഹീം പുത്രനുമായി മടങ്ങി. ഇതോടെ മൃഗബലി നിയമമാക്കപ്പെട്ടു.

ഇബ്രാഹീം നബിയുടെ ത്യാഗസന്നദ്ധത തലമുറകളോളം നിലനിൽക്കുകയാണ്. ഈദുൽ അസ്ഹ ദിനത്തിൽ ഏറ്റവും പുണ്യപ്രവൃത്തിയാണ് മൃഗങ്ങളെ ബലി നൽകുക എന്നത്. ആദ്യം നമസ്കാരം. പിന്നീട് മൃഗബലി എന്നതാണ് ഈദ് സുദിനത്തിൽ നടക്കുന്നത്. ആട്, മാട്, ഒട്ടകം മുതലായവയാണ് ബലി നൽകുന്ന മൃഗങ്ങൾ. ഒരാൾക്ക് ഒരു മൃഗത്തെ സ്വന്തമായി ബലി നൽകാൻ കഴിവില്ലെങ്കിൽ മറ്റുള്ളവരുമായി പങ്കുചേർന്നും ബലി നൽകാവുന്നതാണ്. ആട് ഒഴികെയുള്ള മൃഗങ്ങളിലാണ് പങ്കുചേരേണ്ടത്. ഓരോ പങ്കുകാരനും പൂർണമായ പ്രതിഫലം ലഭിക്കുന്നതാണ്. ഒന്നിലധികം മൃഗങ്ങളെ ബലി നൽകാൻ കഴിയുന്നവർക്ക് അങ്ങനെയും ചെയ്യാം. ഇങ്ങനെ ബലി നൽകുന്ന മൃഗങ്ങളുടെ രക്‌തമോ മാംസമോ അല്ലാഹുവിൽ എത്തുന്നില്ല. പകരം ബലി നൽകുന്നവരുടെ ഭക്‌തിയാണ് അല്ലാഹുവിൽ എത്തുന്നതെന്ന് ഇസ്ലാം പഠിപ്പിക്കുന്നു.

ഇസ്ലാമിൽ രണ്ട് ആഘോഷങ്ങളാണുള്ളത്. ഒന്ന് മുപ്പതു ദിവസത്തെ റംസാൻ വ്രതത്തിനുശേഷമുള്ള ഈദുൽഫിത്വർ അഥവാ ചെറിയ പെരുന്നാളും ഹജ്‌ജ് കർമങ്ങളോട് അനുബന്ധിച്ചുള്ള ഈദുൽ അസ്ഹയും. ഈദുൽ അസ്ഹ സ്നേഹത്തിന്റേയും സന്തോഷത്തിന്റേയും ദിനമാണ്. എന്നാൽ ആഘോഷത്തിന്റെ പേരിൽ മതത്തിന്റെ അതിരുകൾ കടക്കുന്നത് ഇസ്ലാം വിലക്കുകയും ചെയ്യുന്നു.

നിയാസ് മുസ്തഫ