റിട്ടേണ്‍ ഫയൽ ചെയ്യാത്തതിനാൽ റീഫണ്ട് തുക നഷ്ടമായോ?
Tuesday, August 23, 2022 11:51 AM IST
ആദായനികുതി റിട്ടേണുകൾ നിർദ്ദിഷ്ട തീയതിക്കകം ഫയൽ ചെയ്തില്ലെങ്കിൽ സാധാരണഗതിയിൽ പിന്നീട് ഫയൽ ചെയ്യുവാൻ സാധിക്കില്ല. റിട്ടേണ്‍ ഫയൽ ചെയ്തില്ലെങ്കിൽ പല ബെനിഫിറ്റുകളും നഷ്ടപ്പെടുന്നതിനോടൊപ്പം ഇൻകംടാക്സ് റീഫണ്ടും നഷ്ടപ്പെടും. എന്നാൽ ആദായനികുതി നിയമം 119 വകുപ്പനുസരിച്ച് സിബിഡിറ്റിക്ക് ഇൻകംടാക്സ് കമ്മീഷണർമാരെ റിട്ടേണ്‍ ഫയൽ ചെയ്യുന്നതിനുണ്ടായ കാലതാമസം ക്ഷമിക്കുന്നതിന് അധികാരപ്പെടുത്താൻ സാധിക്കും.
09062015 ൽ ഡിപ്പാർട്ട്മെന്റ് ഇറക്കിയ സർക്കുലറിൽ നിർദ്ദിഷ്ട സമയത്തിനുള്ളിൽ റിട്ടേണ്‍ ഫയൽ ചെയ്യുന്നതിനുണ്ടായ കാലതാമസം മാപ്പാക്കി ലഭിക്കുന്നതിനുള്ള അപേക്ഷകൾ കമ്മീഷണർമാർ സ്വീകരിക്കുന്നതിനും തക്കതായ കാരണങ്ങൾ ഉണ്ടെങ്കിൽ കാലതാമസം മാപ്പാക്കി ഉത്തരവിറക്കാനും അധികാരപ്പെടുത്തിയിട്ടുണ്ട്.
അപേക്ഷകൾ സ്വീകരിക്കുവാൻ അധികാരപ്പെടുത്തിയിരിക്കുന്നവർ
10 ലക്ഷം രൂപവരെയുള്ള റിട്ടേണുകളുടെ കാലതാമസത്തിന് പ്രിൻസിപ്പൽ കമ്മീഷണർ അല്ലെങ്കിൽ കമ്മീഷണർ ഓഫ് ഇൻകംടാക്സ് മുന്‍പാകെ ആണ് അപേക്ഷ സമർപ്പിക്കേണ്ടത്.
എന്നാൽ 10 ലക്ഷം രൂപയ്ക്ക് മുകളിൽ 50 ലക്ഷം രൂപവരെയുള്ള റിട്ടേണുകൾക്കുണ്ടായ കാലതാമസം പ്രിൻസിപ്പൽ ചീഫ് കമ്മീഷണർ അല്ലെങ്കിൽ ചീഫ് കമ്മീഷണർ ഓഫ് ഇൻകം ടാക്സ് മുന്‍പാകെയാണ് അപേക്ഷകൾ സമർപ്പിക്കേണ്ടത്. അപേക്ഷകൾ സ്വീകരിക്കുന്നതിനും തിരസ്ക്കരിക്കുന്നതിനും ഉള്ള അധികാരം അദ്ദേഹത്തിനുണ്ട്. 50 ലക്ഷം രൂപയ്ക്ക് മുകളിലുള്ള എല്ലാ ക്ലെയിമുകളും സിബിഡിറ്റി മുന്‍പാകെ ആണ് സമർപ്പിക്കേണ്ടത്.
അപേക്ഷകൾ കമ്മീഷണർ സ്വീകരിക്കുന്നതിന് മുന്‍പ് ആദായനികുതി ഉദ്യോഗസ്ഥൻ അത് പരിശോധിച്ച് ജെനുവിൻനെസ്സ് ബോധ്യപ്പെടേണ്ടതുണ്ട്. റിട്ടേണിൽ സമർപ്പിക്കുവാൻ പോകുന്ന വരുമാനം അല്ലെങ്കിൽ നഷ്ടം ശരിയാണോയെന്നും ജെനുവിൻ ആണോയെന്നും ഉദ്യോഗസ്ഥർ പരിശോധിച്ച് ബോധ്യം വന്നതിനുശേഷം മാത്രമേ മേലധികാരിക്ക് അപേക്ഷ ഫോർവേർഡ് ചെയ്യുകയുള്ളൂ.
സമയപരിധി
അസ്സെസ്സ്മെന്റ് വർഷം അവസാനിച്ച് 6 വർഷത്തിനകം റിട്ടേണ്‍ ഫയൽ ചെയ്യുവാനുണ്ടായ കാലതാമസം മാപ്പാക്കിത്തരുവാൻ അപേക്ഷ സമർപ്പിക്കണം. 6 വർഷം എന്നത് ആദായനികുതി നിയമം 119 (2) (ബി) അനുസരിച്ച് സമർപ്പിക്കുന്ന എല്ലാ അപേക്ഷകൾക്കും ബാധകമാണ്. 6 വർഷത്തിൽ കൂടുതലായ കാലതാമസം ക്ഷമിക്കുന്നതിന് കമ്മീഷണർക്കോ ചീഫ് കമ്മീഷണർക്കോ ബോർഡിനോ പോലും അധികാരമില്ല.
കാലതാമസം മാപ്പാക്കുന്നതിനുള്ള അപേക്ഷ നികുതിദായകന്റെ പക്കൽ നിന്നും ലഭിച്ച് 6 മാസത്തിനകം അതിന് അധികാരപ്പെടുത്തിയവർ ഓർഡർ പുറപ്പെടുവിച്ചിരിക്കണം. എന്നാൽ ഏതെങ്കിലും കാരണവശാൽ കോടതിയുടെ ഇടപെടൽ ഉണ്ടായാൽ പ്രസ്തുത കാലാവധി കോടതിയിലുണ്ടായ കാലതാമസം അനുസരിച്ച് ദീർഘിപ്പിച്ച് നൽകുന്നതാണ്. കൂടാതെ കാലതാമസം തക്കതായ കാരണങ്ങൾ കൊണ്ട് ഉണ്ടായതായിരിക്കാം.
റിട്ടേണുകൾ ഫയൽ ചെയ്യണം
കാലതാമസം മാപ്പാക്കിക്കൊണ്ടുള്ള ഉത്തരവ് ലഭിച്ചുകഴിഞ്ഞാൽ നികുതിദായകൻ ഉത്തരവിന്റെ നന്പർ സൂചിപ്പിച്ചുകൊണ്ട് ആദായനികുതി റിട്ടേണുകൾ ഫയൽ ചെയ്യണം. ഉത്തരവിന്റെ നന്പരുണ്ടെങ്കിൽ റിട്ടേണുൾ സ്വീകരിക്കപ്പെടും. പ്രസ്തുത റിട്ടേണുകൾ ആദായനികുതി നിയമം 139(4) അനുസരിച്ചാണ് ഫയൽ ചെയ്യുന്നത്.
ആദായനികുതി നിയമം 119(2) ബി അനുസരിച്ച് റിട്ടേണ്‍ ഫയൽ ചെയ്യുന്നതിനുണ്ടായ കാലതാമസം മാപ്പാക്കി ഫയൽ ചെയ്യപ്പെടുന്ന റിട്ടേണുകളിൽ റീഫണ്ട് ഉണ്ടെങ്കിൽ അതിന് താമസിച്ചതിനുള്ള പലിശ ലഭിക്കുകയില്ല. അതുപോലെതന്നെ പ്രസ്തുത റീഫണ്ട് തുക മുൻകൂർ നികുതി അടച്ചതുമൂലമോ അല്ലെങ്കിൽ സ്ത്രോതസ്സിൽ നികുതി പിടിച്ചതുമൂലമോ അല്ലെങ്കിൽ സെൽഫ് അസ്സസ്സ്മെന്റ് ടാക്സ് അധികമായി അടച്ചതുമൂലമോ ഉണ്ടായതായിരിക്കണം.