2021-22 സാന്പത്തികവർഷത്തിലെ ഓഡിറ്റ് റിപ്പോർട്ട് 2022 സെപ്റ്റംബർ 30 നകം
Tuesday, September 13, 2022 12:12 PM IST
ടാക്സ് ഓഡിറ്റിംഗിന് വിധേയരായിട്ടുള്ള നികുതിദായകർ 202021 സാന്പത്തികവർഷത്തിലെ ഓഡിറ്റ് റിപ്പോർട്ട് 2022 ഫെബ്രുവരി 15 നുമുന്പ് ആദായനികുതി ഡിപ്പാർട്ട്മെന്റിൽ ഫയൽ ചെയ്യേണ്ടതുണ്ട്.
റിട്ടേണുകൾ ഒക്ടോബർ 31 നു മുന്പ്
ടാക്സ് ഓഡിറ്റിംഗിന് വിധേയരായിട്ടുള്ള നികുതിദായകരും അവർ പങ്കുവ്യാപാരസ്ഥാപനങ്ങൾ ആണെങ്കിൽ അവയും അവയുടെ പങ്കുകാരും കന്പനികളും 202122 സാന്പത്തികവർഷത്തിലെ ആദായനികുതി റിട്ടേണുകൾ 2022 ഒക്ടോബർ മാസം 31 നുമുന്പ് ഫയൽ ചെയ്യണം.
ഓഡിറ്റിംഗിൽനിന്ന് ഒഴിവു ലഭിക്കുവാൻ
95%ൽ അധികം വരവുകളും ചെലവുകളും ബാങ്കിലൂടെയാണെങ്കിൽ 202122 സാന്പത്തികവർഷത്തിൽ 10 കോടി രൂപവരെ വിറ്റുവരവുള്ളവർ കണക്കുകൾ ഓഡിറ്റ് ചെയ്യേണ്ടതില്ല.ഇവർക്കു മൊത്തവരവിന്റെ അഞ്ചു ശതമാനത്തിൽ കൂടുതൽ രൂപ ക്യാഷായി ചെലവാക്കാനും പാടില്ല.
അന്തർദേശീയ ഇടപാടുകൾ നടത്തുന്നവരുടെ റിപ്പോർട്ട്
ഇന്റർനാഷണൽ ട്രാൻസാക്ഷനും ആദായനികുതി വകുപ്പിലെ 92 ഇ വകുപ്പ് അനുസരിച്ച് നിർദിഷ്ട ഇടപാടുകൾ നടത്തുന്നവരും ഇടപാടുകളുടെ റിപ്പോർട്ട് 2022 ഒക്ടോബർ 31 നു മുന്പ് നൽകണം. ഇവർക്ക് റിട്ടേണുകൾ സമർപ്പിക്കുവാൻ 2022 നവംബർ 30വരെ സമയമുണ്ട്.
ബിലേറ്റഡ് റിട്ടേണുകൾ 2022 ഡിസംബർ 31 വരെ
നിർദിഷ്ടസമയത്തിനുള്ളിൽ ആദായനികുതി റിട്ടേണുകൾ ഫയൽ ചെയ്യുവാൻ സാധിക്കാത്തവർക്ക് 202122 സാന്പത്തികവർഷത്തിലെ റിട്ടേണുകൾ പിഴ അടച്ച് 2022 ഡിസംബർ 31വരെ ഫയൽ ചെയ്യുവാൻ സാധിക്കുന്നതാണ്. 202122 ലെ ആദായനികുതി റിട്ടേണുകൾ 2022 ഡിംസബർ 31 നു ശേഷം സാധാരണ നിലയ്ക്ക് ഫയൽ ചെയ്യുവാൻ സാധിക്കില്ല.
രണ്ടു കോടി രൂപവരെ ടേണോവർ ഉള്ള വ്യാപാരികൾക്ക് 8% അല്ലെങ്കിൽ 6% വരുമാനം വെളിപ്പെടുത്തി നികുതി അടയ്ക്കാം
ആദായനികുതി നിയമം 44 എ.ഡി. വകുപ്പനുസരിച്ച് ചുരുക്കം ചില ബിസിനസും ചില നികുതിദായകരും ഒഴികെയുള്ള എല്ലാ വ്യാപാരികൾക്കും അവരുടെ മൊത്തം വാർഷിക വിറ്റുവരവ് 2021 22 സാന്പത്തികവർഷത്തിൽ രണ്ടു കോടി രൂപയിൽ താഴെ ആണെങ്കിൽ വിറ്റുവരവിന്റെ എട്ട് ശതമാനം അല്ലെങ്കിൽ ആറു ശതമാനം തുക വരുമാനം ആയി കണക്കാക്കി അതിന്റെ നികുതി അനുമാന നികുതി എന്ന പേരിൽ ആദായനികുതി ആയി അടയ്ക്കുകയാണെങ്കിൽ കണക്കുബുക്കുകൾ സൂക്ഷിക്കുന്ന ചുമതലയിൽനിന്ന് ഒഴിവ് നേടാവുന്നതാണ്.
201516 സാന്പത്തികവർഷംവരെ ഇതിനുള്ള പരമാവധി വിറ്റുവരവ് തുക ഒരു കോടി രൂപയായിരുന്നു. ആദായനികുതി നിയമം 44 എ.ബി. അനുസരിച്ച് ഒരു കോടി രൂപയിൽ കൂടുതൽ വാർഷിക വിറ്റുവരവ് ഉള്ള വ്യാപാരികൾ നിയമാനുസൃതം ഓഡിറ്റിന് വിധേയമാകേണ്ടതാണ്. എന്നാൽ 44 എ.ഡി. അനുസരിച്ച് അനുമാന നികുതി അടയ്ക്കുന്ന നികുതിദായകരുടെ രണ്ടു കോടി രൂപ വരെ ഉള്ള വിറ്റുവരവ് ഓഡിറ്റിൽനിന്ന് ഒഴിവാക്കപ്പെട്ടിട്ടുണ്ട്.
എന്താണ് അനുമാന നികുതി
ആദായനികുതി നിയമം അനുസരിച്ച് ബിസിനസിൽ ഏർപ്പെടുന്നവർ കണക്കുബുക്കുകൾ സൂക്ഷിക്കുകയും ഒരു കോടി രൂപയിൽ കൂടുതൽ വാർഷിക വിറ്റുവരവ് ഉണ്ടെങ്കിൽ കണക്കുകൾ യഥാസമയം ഓഡിറ്റിന് വിധേയമാക്കുകയും ചെയ്യണം.
എന്നാൽ ചെറുകിട ബിസിനസുകാരെ സംബന്ധിച്ച് ഇതൊക്കെ ഭാരിച്ച പണികൾ ആയി തോന്നിയേക്കാം. അങ്ങനെയുള്ള ചെറുകിട ബിസിനസുകാർക്ക് വിറ്റുവരവിന്റെ ഒരു നിശ്ചിത ശതമാനം വരുമാനം ആയി കണക്കാക്കി ആദായനികുതി അടയ്ക്കുക ആണെങ്കിൽ ബുക്കുകൾ സൂക്ഷിക്കുന്നതിൽനിന്നും കണക്കുകൾ ഓഡിറ്റ് ചെയ്യിക്കുന്നതിൽനിന്നും ഒഴിവു നൽകുന്ന വകുപ്പാണ് 44 എ.ഡി.
201516 സാന്പത്തിക വർഷം വരെ ഈ നിശ്ചിത തുക ഒരു കോടി ആയിരുന്നത് 201617 മുതൽ രണ്ടു കോടി രൂപ ആയി ഉയർത്തിയിട്ടുണ്ട്. വരുമാനത്തിന്റെ നിരക്ക് ചുരുങ്ങിയത് വിറ്റുവരവ് ക്യാഷായിട്ടാണെങ്കിൽ എട്ട് ശതമാനവും ബാങ്കിലൂടെ ആണെങ്കിൽ ആറു ശതമാനവും ആണ്.
അനുവദനീയമല്ലാത്തവർ
ഏജൻസി ബിസിനസുകാർക്കും വരുമാനം ബ്രോക്കറേജ് അഥവാ കമ്മീഷൻ ആയിട്ടുള്ളവർക്കും ഈ രീതിയിൽ അനുമാനനികുതി അടയ്ക്കുവാൻ സാധിക്കില്ല. ഈ സ്കീമിൽപ്പെടുത്തി അനുമാനനികുതി അടയ്ക്കണമെങ്കിൽ നികുതിദായകൻ വ്യക്തിയോ (ഇൻഡിവിഡ്വൽ) ഹിന്ദു അവിഭക്ത കുടുംബമോ പാർട്ണർഷിപ്പ് ഫേമുകളോ ആയിരിക്കണം. ലിമിറ്റഡ് ലയബിലിറ്റി പാർട്ണർഷിപ്പുകൾക്ക് അനുവദനീയമല്ല. കൂടാതെ ഈ മൂന്നു തരം നികുതിദായകരും റെസിഡന്റ് ആയിരിക്കുകയും ചെയ്യണം.
50 ലക്ഷം രൂപവരെ ആകെ വരവുള്ള പ്രൊഫഷണൽ സ്ഥാപനങ്ങൾ ആകെ വരവിന്റെ 50% വരുമാനം ആയി കണക്കാക്കി നികുതി അടയ്ക്കുക ആണെങ്കിൽ കണക്കുബുക്കുകൾ സൂക്ഷിക്കുന്നതിൽനിന്നും ഓഡിറ്റിംഗിന് വിധേയമാകുന്നിൽനിന്നും ഒഴിവ് നേടാവുന്നതാണ്. ആദായനികുതി നിയമം 44 എ.ഡി.എ. വകുപ്പ് അനുസരിച്ചാണിത്. (ഓഡിറ്റിംഗിന്റെ പരിധിയും 50 ലക്ഷമായി ഉയർത്തി) ഇതും വ്യക്തികൾക്കും ഹിന്ദു അവിഭക്ത കുടുംബങ്ങൾക്കും പാർട്ണർഷിപ്പ് സ്ഥാപനങ്ങൾക്കും മാത്രമാണ് ബാധകം. എല്ലാവരും റസിഡന്റ് ആയിരിക്കുകയും ചെയ്യണം.
44 എ.ഡി. അനുസരിച്ച് അനുമാനനികുതി അടയ്ക്കുന്നവർ വിറ്റുവരവിന്റെ എട്ട് ശതമാനംഅല്ലെങ്കിൽ ആറു ശതമാനം വരുമാനം ആയി കാണിക്കണം. ബിസിനസിനുണ്ടാകുന്ന ഒരു വിധ ചെലവുകളും ഇതിൽനിന്ന് കിഴിവ് ആയി അനുവദിക്കില്ല.
സ്ഥാവരവസ്തുക്കളുടെ തേയ്മാന ചെലവും കിഴിവായി അംഗീകരിക്കില്ല. തേയ്മാന ചെലവ് ഉൾപ്പെടെയുള്ള എല്ലാ ചെലവുകളും അംഗീകരിച്ചതായി കണക്കാക്കി ബാക്കി വരുന്ന വരുമാനം ആണ് വിറ്റുവരവിന്റെ എട്ട് ശതമാനം അല്ലെങ്കിൽ ആറു ശതമാനം ആയി അംഗീകരിക്കേണ്ടത്. വരുമാനം എട്ടു ശതമാനം അല്ലെങ്കിൽ ആറു ശതമാനത്തിൽ കൂടുതൽ ഉണ്ടെങ്കിൽ കൂടിയ തുക വെളിപ്പെടുത്തുന്നതിൽ തടസമില്ല. ചുരുങ്ങിയ തുക ആണ് എട്ട് അല്ലെങ്കിൽ ആറു ശതമാനം ആയി നിജപ്പെടുത്തിയിരിക്കുന്നത്.