കോവിഡ് വാക്സിൻ: ഒരു വിജയഗാഥ
Tuesday, January 18, 2022 12:06 AM IST
ഒരു വർഷം, 156 കോടി കോവിഡ് പ്രതിരോധ കുത്തിവയ്പ്പുകൾ! അതായത്, ഏകദേശം 42 ലക്ഷത്തിലധികം പ്രതിദിന കോവിഡ് പ്രതിരോധ കുത്തിവയ്പുകൾ! അസാധാരണ നേട്ടം സ്വന്തമാക്കാൻ "ടീം ഹെൽത്ത് ഇന്ത്യ' സമാനതകളില്ലാത്ത പ്രയാണമാണ് നടത്തിയത്. രാജ്യത്തിന് ഇന്നേവരെ മുതിർന്നവർക്കായുള്ള സാർവത്രിക പ്രതിരോധകുത്തിവയ്പ്പ് നടത്തേണ്ടി വന്നിട്ടില്ല.
മുൻപരിചയം
കർത്തവ്യം വളരെ ഭംഗിയായി നിർവഹിക്കാൻ കഴിയുമെന്ന് “ടീം ഹെൽത്ത് ഇന്ത്യ” ക്ക് ആത്മവിശ്വാസമുണ്ടായിരുന്നു. അതിനുള്ള കാരണങ്ങൾ ഇവയായിരുന്നു: ദേശീയ പ്രതിരോധ കുത്തിവയ്പ് പരിപാടി നിർവഹണത്തിലെ നമ്മുടെ വർഷങ്ങളുടെ അനുഭവപരിചയം, പൾസ് പോളിയോ പ്രചാരണത്തിലൂടെ ചുരുങ്ങിയ സമയത്തിനുള്ളിൽ ഏകദേശം 10 കോടി ശിശുക്കൾക്ക് പോളിയോ തുള്ളിമരുന്ന് നൽകിയതിന്റെ 25 വർഷത്തിലധികമുള്ള അനുഭവപരിചയം, 15 വയസുവരെയുള്ള 35 കോടിയിലധികം കുട്ടികൾക്ക് അഞ്ചാംപനി, റുബെല്ല എന്നിവയ്ക്കെതിരേയുള്ള വാക്സിൻ വിതരണത്തിനു നാം കൈവരിച്ച ശേഷി.
ഒരുക്കങ്ങൾ
വാക്സിനുകൾ 29,000-ലധികം ശീതീകൃത സംഭരണകേന്ദ്രങ്ങളിൽ, സംഭരിക്കുകയും വിദൂരപ്രദേശങ്ങളിൽ സ്ഥിരതയോടെ എത്തിക്കുകയും ചെയ്തു. ഇ-വിൻ (ഇലക്ട്രോണിക് വാക്സിൻ ഇന്റലിജൻസ് നെറ്റ്വർക്ക്) വഴി നിശ്ചിത മാനദണ്ഡങ്ങൾക്കനുസൃതമായി വാക്സിനുകളുടെ സംഭരണവും വിതരണവും നിരീക്ഷിക്കുന്നത് വിജയകരമായി നടപ്പിലാക്കി. ഒഴിവാക്കപ്പെട്ട കുട്ടികൾക്കും ഗർഭിണികളായ അമ്മമാർക്കും വാക്സിൻ എത്തിക്കാനും കുത്തിവയ്ക്കാനും ലക്ഷ്യമിട്ടുള്ള ‘മിഷൻ ഇന്ദ്രധനുഷ്’ ദൗത്യം നടപ്പിലാക്കി.
വിഷയ വിദഗ്ധരും ബുദ്ധിജീവികളും ഉന്നയിച്ച ആശങ്കകളും സംശയങ്ങളും പരിഹരിക്കുന്നതിലാണ് ആദ്യം ശ്രദ്ധിച്ചത്. ആരോഗ്യ-കുടുംബക്ഷേമമന്ത്രാലയം, സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും ആരോഗ്യവകുപ്പുകൾ, ആരോഗ്യമേഖലയിൽ പ്രവർത്തിക്കുന്ന സർക്കാരിതര സ്ഥാപനങ്ങൾ, അന്താരാഷ്ട്ര സംഘടനകൾ തുടങ്ങിയവയെല്ലാം മാരത്തൺ ചർച്ചകളിൽ ഭാഗഭാക്കായി.
2021 ജനുവരി 16ന് വളരെ മുമ്പുതന്നെ ആവശ്യമായ എല്ലാ തയാറെടുപ്പുകളും നാം പൂർത്തിയാക്കിയിരുന്നു. അവയിൽ പ്രധാനം ഇവയായിരുന്നു: കോവിഡ് പ്രതിരോധ കുത്തിവയ്പിനുള്ള പ്രവർത്തന മാർഗനിർദേശങ്ങൾ തയാറാക്കി. കുത്തിവയ്പിനും പരിശീലനത്തിനും മതിയായ എണ്ണം ആളുകളെ സജ്ജമാക്കി. വാക്സിനേഷൻ കേന്ദ്രങ്ങളിൽ വാക്സിനുകൾ സുരക്ഷിതമായി എത്തിക്കുന്നതിനും അധിക സംഭരണ ശേഷിക്കുമുള്ള സംവിധാനങ്ങൾ ഒരുക്കി. ഒരു ആശയവിനിമയ തന്ത്രം തയാറാക്കി. ഡിജിറ്റൽ സംവിധാനത്തിൽ വാക്സിനേഷനുമായി ബന്ധപ്പെട്ട് ആവശ്യമായ വിശദാംശങ്ങൾ ശേഖരിക്കുന്നതിന് കോവിൻ പ്ലാറ്റ്ഫോം സജ്ജമാക്കി.
ആ രാത്രി
ജനുവരി 16 ന് കോവിഡ് പ്രതിരോധ കുത്തിവയ്പ് സമാരംഭിക്കാൻ തീരുമാനിച്ച പശ്ചാത്തലത്തിൽ, ജനുവരി 15 ന് രാത്രി, ആയിരക്കണക്കിന് കോവിഡ് വാക്സിനേഷൻ കേന്ദ്രങ്ങളിലെ കോവിൻ സംഘാംഗങ്ങളും സംസ്ഥാന, കേന്ദ്ര ആസ്ഥാനങ്ങളിൽ നിലയുറപ്പിച്ചിരിക്കുന്ന ടീമുകളും ഉണർന്നിരിക്കേണ്ടതുണ്ടായിരുന്നു. അന്നു രാത്രി അതിശൈത്യമായിരുന്നു. ഒരു സ്പേസ് ഷട്ടിൽ വിക്ഷേപിക്കുമ്പോൾ കമാൻഡ് സെന്ററിൽ ഇരിക്കുന്ന ശാസ്ത്രജ്ഞർ അനുഭവിച്ചേക്കാവുന്നതിന്റെ ഏതാണ്ട് സമാനമായി, രാത്രി മുഴുവൻ നഖം കടിക്കും വിധമുള്ള ഉത്കണ്ഠയുണ്ടായിരുന്നുവെന്ന് ഞാൻ ഓർക്കുന്നു.
ഞാനും കേന്ദ്ര ആസ്ഥാനത്ത് ഉണ്ടായിരുന്നു. കോവിൻ കൃത്യസമയത്ത് വിജയകരമായി ആരംഭിച്ചു. പരിമിതമായ എണ്ണം വാക്സിനുകളുടെ യുക്തിസഹമായ വിതരണം വെല്ലുവിളി നിറഞ്ഞതായിരുന്നു. വാക്സിൻ നിർമ്മാതാക്കൾ, വാക്സിൻ ഗതാഗത സംവിധാനങ്ങൾ, ശീതീകരണ സംവിധാനങ്ങൾ, ശീതീകൃത സംഭരണ കേന്ദ്രങ്ങൾ, കോവിഡ് പ്രതിരോധ കുത്തിവയ്്പ് കേന്ദ്രങ്ങൾ എന്നിവയുമായി എല്ലാ ദിവസവും മണിക്കൂറുകളോളം വെർച്വൽ മീറ്റിംഗുകൾ നടത്തി. വാക്സിനുകളുടെ ഓരോ തുള്ളിയും പരമാവധി ഉപയോഗിക്കുക എന്നതായിരുന്നു ലക്ഷ്യം.
സൈക്കിളിലും ഒട്ടകപ്പുറത്തും
റോഡില്ലാത്തിടത്ത് സൈക്കിളുകൾ ഉപയോഗിച്ചു; മരുഭൂമികളിൽ ഒട്ടകങ്ങൾ രക്ഷാപ്രവർത്തനത്തിനെത്തി; നദികൾ കടക്കാൻ ബോട്ടുകൾ സഹായിച്ചു; മലനിരകളിൽ, വാക്സിൻ വാഹകരെ ചുമലിലേറ്റേണ്ടിയും വന്നു. മഞ്ഞൾചോറ് വാഗ്ദാനം നൽകി വരെ ആളുകളെ കുത്തിവെപ്പിന് ക്ഷണിച്ചു. പ്രതിരോധ കുത്തിവയ്പ്പ് എടുക്കാൻ മടിക്കുന്നവർക്കായി, "ഹർ ഘർ ദസ്തക്' അഥവാ വീടുവീടാന്തരമുള്ള സന്ദർശനത്തിലൂടെ വാക്സിൻ നൽകി. ഇത് തികച്ചും ഒരു ഇന്ത്യൻ മോഡൽ ആയിരുന്നു.
ഒരു വർഷം നീണ്ട വാക്സിനേഷന്റെ കഥയെ സമാനതകളില്ലാത്തതാക്കുന്നത്, ആവശ്യമായ തയ്യാറെടുപ്പുകൾ വളരെ വലുതും സമയം വളരെ കുറവുമായിരുന്നു എന്നതാണ്. "കപ്പലോടിച്ചുകൊണ്ട് കപ്പൽ നിർമ്മിക്കുന്നത്' പോലെ മുന്നോട്ട് പോകുന്തോറും നമ്മുടെ ദൃഢനിശ്ചയവും ശക്തിപ്പെടുകയായിരുന്നു .
ഒരു നൂറ്റാണ്ടിനിടെയിലെ ഏറ്റവും വലിയ പ്രതിസന്ധി ഘട്ടത്തിൽ രാജ്യത്തെ സേവിക്കുന്നതിനും മഹത്തായ ഒരു തൊഴിലിന്റെ അന്തസ് ഉയർത്തിപ്പിടിക്കുന്നതിനും കഴിഞ്ഞതിൽ "ടീം ഹെൽത്ത് ഇന്ത്യ' അഭിമാനം കൊള്ളുന്നു. ഉപസംഹാരമായി, ആരോഗ്യം ഒരു "സാമൂഹിക നേട്ടമായി' കണക്കാക്കപ്പെടുന്നുവെന്നും ഇന്ത്യയിലെ കോവിഡ് പ്രതിരോധ കുത്തിവയ്പിന്റെ മാതൃകാപരമായ കഥയിൽ സർക്കാർ സംവിധാനത്തിന്റെ പങ്ക് ഈ വിശ്വാസത്തെ കൂടുതൽ ശക്തിപ്പെടുത്തിയിട്ടുണ്ടെന്നും ഓർമിപ്പിക്കാൻ ഞാൻ ആഗ്രഹിക്കുന്നു.