കോൺഗ്രസിനെ വീണ്ടും കണ്ടെത്തി പുനർനിർമിക്കുക
Monday, September 12, 2022 12:25 AM IST
കേന്ദ്രഭരണത്തിൽ ഉറച്ചിരിക്കുകയും നിരവധി സംസ്ഥാനങ്ങളിൽ ഭരണം കയ്യാളുകയും ചെയ്യുന്ന ഭാരതീയ ജനതാ പാർട്ടി (ബിജെപി)യുടെ ഒരു പ്രധാന വൈകല്യം, ശക്തമായ ബ്രിട്ടീഷ് സാമ്രാജ്യത്വത്തെ തുരത്തിയ സ്വാതന്ത്ര്യസമരത്തിൽ പങ്കെടുത്ത വളരെ വളരെ കുറച്ചു പേരേ ആ പാർട്ടിയിലിപ്പോഴുള്ളൂ എന്നതാണ്. കോൺഗ്രസിലെ നൂറുകണക്കിനു സ്വാതന്ത്ര്യസമര സേനാനികളുമായി താരതമ്യം ചെയ്യുന്പോൾ സംഘപരിവാറിനു മുഴുവൻ ബാധകമായ വൈകല്യംതന്നെ. ഏറെ പഴക്കംചെന്ന കോൺഗ്രസ് പാർട്ടിയിലെ സ്വാതന്ത്ര്യസമരപോരാളികളിൽ പലരും പാർട്ടി വിട്ട് സ്വന്തമായ കൊച്ചുകൊച്ചു സാമ്രാജ്യങ്ങൾ സ്ഥാപിച്ചത് വേറെ പല കാരണങ്ങൾ കൊണ്ടുമാണു താനും.
കാവി പാർട്ടിയുടെ വൈകല്യങ്ങളെക്കുറിച്ചു ബോധവാനായ നരേന്ദ്ര മോദി തുടക്കം മുതൽ ജവഹർലാൽ നെഹ്റുവിനെയും ഭരണസിരാകേന്ദ്രങ്ങളിൽ എത്തിയ അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളെയും വിശ്വസ്തരായ അനുയായികളെയും ആക്രമിക്കാനാണു ശ്രമിച്ചത്. മാത്രവുമല്ല, സർദാർ വല്ലഭ്ഭായ് പട്ടേൽ, ബാബാ സാഹബ് അംബേദ്കർ തുടങ്ങിയ കുറച്ചു സ്വതന്ത്ര കാഴ്ചപ്പാടുള്ളവരെ ഉയർത്തിക്കാട്ടാനും ശ്രദ്ധിച്ചു. ചെറുതായാണെങ്കിലും മറ്റു ജാതിവിഭാഗങ്ങളിലേക്കും മേഖലകളിലേക്കും അടിത്തറ വ്യാപിപ്പിക്കാൻ ഈ നീക്കത്തിനു കഴിഞ്ഞു.
രാജ്പഥ്, കർത്തവ്യപഥ് ആയി
ചില സംസ്ഥാനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പും പിന്നാലെ പാർലമെന്റ് തെരഞ്ഞെടുപ്പും ആഗതമായിരിക്കെ പ്രധാനമന്ത്രി നരേന്ദ്ര മോദി നേതാജി സുഭാഷ് ചന്ദ്രബോസിനെയാണ് ഉയർത്തിക്കാട്ടുന്നത്. മറ്റു ചില രാജ്യങ്ങളുടെ സഹായത്തോടെ ഇന്ത്യൻ നാഷണൽ ആർമി (ഐഎൻഎ) യിലൂടെ ബ്രിട്ടീഷുകാരെ നേരിട്ട അദ്ദേഹം പല സന്ദർഭങ്ങളിലും ഗാന്ധിജിയുമായി വിയോജിച്ചിരുന്നു. ഇന്ത്യൻ സ്വാതന്ത്ര്യത്തിന്റെ എഴുപത്തഞ്ചാം വാർഷികത്തിൽ ഇന്ത്യാ ഗേറ്റിനു സമീപം നേതാജിയുടെ പ്രതിമ അനാച്ഛാദനം ചെയ്യുകയും ചെയ്തു. ഇവിടെയുണ്ടായിരുന്ന ബ്രിട്ടീഷ് രാജാവിന്റെ പ്രതിമ കഴിഞ്ഞ നൂറ്റാണ്ടിലെ അന്പതുകളുടെ അവസാനം നീക്കംചെയ്തിരുന്നു.
ബ്രിട്ടീഷുകാർ കിംഗ്സ്വേ എന്നു പേരിട്ടിരുന്ന റോഡ് സ്വാതന്ത്ര്യത്തിനു ശേഷം രാജ്പഥ് ആയി. ഇപ്പോൾ കർത്തവ്യപഥ് എന്നു പേരു മാറ്റിയ പാത നയിക്കുന്ന മേലാപ്പിലാണ് നേതാജിയുടെ പ്രതിമ ഈ മാസം എട്ടിന് അനാഛാദനം ചെയ്തത്. സാമ്രാജ്യത്വഭരണം അവസാനിപ്പിക്കുന്നതിൽ ബോസും ഐഎൻഎയും നാവികലഹള പോലുള്ള അക്രമാസക്തമായ സമരങ്ങളും വഹിച്ച പങ്കിനെക്കുറിച്ചുള്ള വ്യക്തമായ സൂചനകളുണ്ട്.
കോൺഗ്രസിന്റെ നേതൃത്വത്തിൽ മഹാത്മജിയും ജവഹർലാൽ നെഹ്റുവും രാജഗോപാലാചാരിയും ഗോവിന്ദ് വല്ലഭ പന്തുമടക്കമുള്ള മറ്റുള്ളവരും നയിച്ച അഹിംസാ സമരത്തോടുള്ള നേരിയ വിയോജിപ്പിന്റെ സൂചനയും കാണാം. ഇത് തെരഞ്ഞെടുപ്പുകളിൽ ബിജെപിക്കു ഗുണകരമാകുമെന്നും കോൺഗ്രസിനെ കൂടുതൽ ദുർബലമാക്കുമെന്നും ചില നിരീക്ഷകരെങ്കിലും കരുതുന്നു. പ്രധാന രാഷ്ട്രീയ എതിരാളികളെ ദുർബലമാക്കാനുള്ള ബിജെപി നേതാക്കളുടെ ഉദ്ദേശ്യം ഈ നീക്കങ്ങളുടെ സമയത്തിൽ വ്യക്തമാണ്.
ഹിന്ദുത്വശക്തികളെ ചെറുക്കാൻ പ്രാദേശിക പാർട്ടികൾക്കാവില്ലെന്ന തിരിച്ചറിവും ഇതിനു പിന്നിലുണ്ട്. നെഹ്റു-ഗാന്ധി മേധാവിത്തം എങ്ങനെയാണ് അന്നത്തെ പല നേതാക്കളെയും ഉന്നതനേതൃത്വത്തിലെത്തുന്നതിൽനിന്ന് തടഞ്ഞതെന്നു തുറന്നുകാട്ടാനും ഇത്തരമൊരു നീക്കം അവസരം നല്കും. ജാതി-മത-ദേശ വ്യത്യാസമില്ലാതെ വ്യത്യസ്തമായ അനുയായിവൃന്ദമുള്ള നേതാവായിരുന്നു നേതാജി. ഇത് ബിജെപിയുടെ പുതിയ രാഷ്ട്രീയനീക്കമാവും. ഇതുവരെ കടന്നുചെല്ലാൻ പറ്റാതിരുന്ന ഇടങ്ങളിലേക്ക് അടിത്തറ വ്യാപിപ്പിക്കാനുള്ള നീക്കം.
ഭാരത് ജോഡോ യാത്ര
ഈ പശ്ചാത്തലത്തിലാണ് രാഹുൽ ഗാന്ധി കന്യാകുമാരിയിൽനിന്നു കാഷ്മീർ വരെ നടത്തുന്ന ഭാരത് ജോഡോ യാത്രയും പുതിയ പ്രസിഡന്റിനെ തെരഞ്ഞെടുക്കാനുള്ള എഐസിസി യോഗവും. ഇതിനു മുന്പുതന്നെ കോൺഗ്രസിലെ ചില മുതിർന്ന നേതാക്കൾ, നെഹ്റു-ഗാന്ധി നേതൃത്വം പഴയ നേതാക്കളെ അവഗണിച്ച് പുതിയ നേതൃത്വമുണ്ടാക്കുന്നതിൽ പ്രതിഷേധിച്ച് പാർട്ടിയിൽ നിന്നു പുറത്തുകടന്നിരുന്നു. കോൺഗ്രസിനുള്ളിൽ ജനപ്രിയനെങ്കിലും പാർട്ടിയെ നയിക്കാനുള്ള രാഹുൽ ഗാന്ധിയുടെ വിമുഖത കഴിഞ്ഞ തെരഞ്ഞെടുപ്പുകളിൽ പാർട്ടിയുടെ ജനകീയ അടിത്തറ ഇളക്കുന്നതാണ് കാണുന്നത്. പാർട്ടിയുടെ സംഘടനാ ഘടന ദുർബലമായ നിലയിലും. പോരാത്തതിന് മാരകവൈറസായി ഇപ്പോഴും തുടരുന്ന ഗ്രൂപ്പുകളിക്ക് എന്തെങ്കിലും പരിഹാരം കാണാൻ താരതമ്യേന ദുർബലമായ ഹൈക്കമാൻഡിനു കഴിയുന്നുമില്ല. പരീക്ഷിച്ച വ്യത്യസ്ത മാർഗങ്ങളൊന്നും ഇക്കാര്യത്തിൽ ഫലിച്ചിട്ടില്ല.
കോൺഗ്രസിനെ സംബന്ധിച്ചിടത്തോളം നിലവിലുള്ള സ്ഥിതി ഒട്ടും മെച്ചമല്ല. പോളിംഗ് ബൂത്തുകളിലേക്കുള്ള ടീമിന്റെ കാര്യം നോക്കുക. 10, 35,000 ബൂത്തുകളുണ്ട്. 2014 നും 2019നുമിടയിൽ ബിജെപി 8,63,000 ടീമൊരുക്കി; 83 ശതമാനം. ഇത് അങ്ങോട്ടുമിങ്ങോട്ടും ചായാവുന്ന കാവി വോട്ടർമാരിലേക്കുള്ള പാലമായി. ഒടുവിൽ നടന്ന ഉത്തർപ്രദേശ് അസംബ്ലി തെരഞ്ഞെടുപ്പിൽ ഈ ശക്തി ബിജെപി അനുഭാവികളെ ബൂത്തുകളിലെത്തിക്കാനും മറ്റ് ആവശ്യമായ സഹായങ്ങൾ നല്കാനും ഉതകി. പ്രധാന എതിരാളികളായ സമാജ്വാദി പാർട്ടിക്ക് അവരുടെ ജനകീയാടിത്തറ വോട്ടാക്കി മാറ്റാനായില്ല. കോൺഗ്രസിന്റെ കാര്യത്തിൽ, പോളിംഗ് ബൂത്ത് തലത്തിലെ പാർട്ടി സാന്നിധ്യം ദയനീയമാണ്. ഇതുസംബന്ധിച്ച കണക്കുകൾ പോലും ലഭ്യമല്ല.
കേരളം പോലുള്ള ചില സംസ്ഥാനങ്ങളിൽ മാത്രമാണ് അല്പമെങ്കിലും പിടിച്ചുനില്ക്കാവുന്ന ബൂത്ത് തല പ്രവർത്തകരുള്ളത്. കർണാടക, മഹാരാഷ്ട്ര, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങളിൽ പാർട്ടി സാന്നിധ്യമുണ്ട്. എന്നാൽ മറ്റു സംസ്ഥാനങ്ങളിലുടനീളം നിരവധി കോൺഗ്രസ് കുടുംബങ്ങളുണ്ടെങ്കിലും സംഘടിത പ്രവർത്തനമില്ല. ജില്ലാതല കോൺഗ്രസ് കമ്മിറ്റികൾ പോലും വേണ്ടരീതിയിൽ സംഘടിപ്പിക്കപ്പെട്ടിട്ടില്ല. ചിലയിടങ്ങളിൽ രൂപീകരിച്ചിട്ടുപോലുമില്ല. പാർട്ടിയുടെ തെരഞ്ഞടുപ്പുയന്ത്രം നിശ്ചലമാണ്. ഇതിനു പുറമേ സ്ഥാനാർഥികളുടെ കാര്യത്തിലുണ്ടാകുന്ന അഭിപ്രായവ്യത്യാസങ്ങൾ ഗ്രൂപ്പിസത്തിലൂടെ വഷളാവുകയും ചെയ്യുന്നു. മറുഭാഗത്ത് ബിജെപിക്ക് മികച്ച പ്രവർത്തനമുണ്ട്. ആവശ്യമുള്ള വിഭവങ്ങളുണ്ട്. ആർഎസ്എസ് ശാഖകളിൽനിന്നുള്ള ഗുണകരമായ പിന്തുണയുണ്ട്. കോൺഗ്രസ് സേവാദൾ പലയിടത്തും നാമാവശേഷമാണ്. ജനകീയപ്രശ്നങ്ങൾ ഏറ്റെടുക്കുന്നതും സാമൂഹിക പ്രവർത്തനങ്ങളും പ്രത്യയശാസ്ത്ര നിലപാടുകളും കുറച്ചു വർഷങ്ങളായി ഇല്ലെന്നുതന്നെ പറയാം.
സമയം വൈകിയിട്ടില്ല
പ്രവർത്തിക്കാനും സംഘടിക്കാനും കുറച്ചുകൂടി സമയമുണ്ടെന്നതാണ് ഒരു പ്രധാന കാര്യം. ഉത്തരവാദിത്വങ്ങൾ ഏറ്റെടുക്കാൻ തയാറുള്ള, ആത്മാർഥതയുള്ള കുറച്ചു കുടുംബങ്ങളുണ്ട്. തൊഴിലില്ലായ്മ, പണപ്പെരുപ്പം, വിലക്കയറ്റം തുടങ്ങിയവ പ്രവർത്തിക്കാനും സ്ഥിരത നേടാനുമുള്ള വളക്കൂറുള്ള പരിസരമൊരുക്കുന്നുണ്ട്. പക്ഷേ അതിന് സംഘടനാപരമായ ഘടനയും നയിക്കാനും ഉപദേശിക്കാനും കഴിവുള്ള നേതാക്കളും വേണം.
ഇത്തരം പ്രവർത്തനങ്ങൾ പാരന്പര്യമുള്ള പാർട്ടിയെ വീണ്ടും കണ്ടെത്താനും പുനർനിർമിക്കാനും സഹായിക്കും. അവിടെയാണ് കേന്ദ്ര-സംസ്ഥാന തലങ്ങളിലെ കരുത്തുറ്റ, ഊർജസ്വലമായ നേതൃത്വത്തിന്റെ പ്രാധാന്യം. രാഹുൽ ഗാന്ധി നേതൃത്വം ഏറ്റെടുക്കുന്നില്ലെങ്കിൽ പരിചയസന്പന്നനും കളങ്കരഹിതനുമായ ഒരു നേതാവിനെ പ്രസിഡന്റ് പദവി ഏൽപ്പിക്കണം. ഉത്തരവാദിത്വത്തോടെ ചുമതലകൾ ഏറ്റെടുക്കുന്നയാളും പാർട്ടി നയപരിപാടികളും ജനകീയ പ്രശ്നങ്ങളും താഴെത്തട്ടിലെത്തിക്കാനും വോളണ്ടിയർമാരെ പരിശീലിപ്പിക്കാനും സംസ്ഥാനതല നേതാക്കളെ വഴിനടത്താൻ കഴിയുന്നയാളുമാവണം.
പദയാത്രകൊണ്ടുമാത്രം സംഘടന രക്ഷപ്പെടില്ല. നിരവധി പ്രശ്നങ്ങളിൽ പാർട്ടിയുടെ നിലപാട് ജനങ്ങളിലെത്തിക്കാൻ അതിനാവും എന്നതു ശരിയാണ്. വിശേഷിച്ചും മതേതരത്വം, ലിംഗസമത്വം, സാഹോദര്യം പോലുള്ള വിഷയങ്ങളിൽ. ഗ്രൂപ്പിസം അവസാനിപ്പിക്കാൻ സമയമായി. എല്ലാവരെയും ഒരുമിച്ചു ചേർക്കുകയും സംഘടനാപ്രവർത്തനങ്ങളെ ബാധിക്കാതിരിക്കുകയും വേണം. വ്യക്തമായി പറഞ്ഞാൽ, കോൺഗ്രസിനെ നയിക്കാനും മൂല്യങ്ങൾക്കുവേണ്ടി പൊരുതുന്ന ശക്തിയാക്കാനുമുള്ള ചുമതല നല്ലൊരു വാഗ്മിയെ ഏൽപ്പിക്കേണ്ടതുണ്ട്. ജനങ്ങളുമായി സംവദിക്കാനുള്ള അദ്ദേഹത്തിന്റെ കഴിവിലൂടെ രാഷ്ട്രീയ എതിരാളികളെ നിഷ്പ്രഭരാക്കണം. കോൺഗ്രസ് പ്രസിഡന്റിനെ തെരഞ്ഞെടുക്കുന്നത് നിസാര കാര്യമല്ല.
ഉള്ളതു പറഞ്ഞാൽ / കെ.ഗോപാലകൃഷ്ണൻ