കുമിഞ്ഞുകൂടുന്ന ഇ-മാലിന്യം
Monday, January 23, 2023 10:52 PM IST
അപകടം മാലിന്യം -1 / റിച്ചാർഡ് ജോസഫ്
കൊച്ചുകുട്ടികൾക്കു കളിക്കാൻ സ്മാർട്ട് ഫോണും ടാബും. മുതിർന്നവർ ഉപയോഗിക്കുന്നത് രണ്ടും മൂന്നും മൊബൈൽ ഫോണുകൾ. ഇന്നു മിക്ക വീടുകളിലും അഞ്ചോ ആറോ സ്മാർട്ട്ഫോണുകളും മൊബൈൽ ഫോണുകളുമാണ് ഉപയോഗശൂന്യമായിരിക്കുന്നത്. ടിവി, ഫ്രിഡ്ജ്, മിക്സി, വാഷിംഗ് മെഷീൻ തുടങ്ങി ഉപയോഗശൂന്യമായ ഇലക്ട്രോണിക് ഉപകരണങ്ങളും നിരവധി. ഇത്തരം കേടായ ഉപകരണങ്ങൾ എന്തു ചെയ്യുന്നു എന്ന ചോദിച്ചാൽ മിക്കവാറും ആർക്കും ഉത്തരമറിയില്ല. കാരണം, ഇതേക്കുറിച്ച് ആരും അത്ര ചിന്തിക്കാറില്ല. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സ്മാർട്ട് ഫോണ്‍ പോലുള്ള ഇലക്ട്രോണിക് ഉപകരണങ്ങളുടെ ഉപയോഗം പതിന്മടങ്ങു വർധിച്ചു. ആഗോള ലോക്ക്ഡൗണ്‍ സാഹചര്യം മൂലം വർക്ക് ഫ്രം ഹോം എന്ന സംവിധാനം വന്നതോടെ കംപ്യൂട്ടർ, ടാബ്ലറ്റുകൾ, ലാപ്ടോപ്പുകൾ, സ്മാർട്ട് ഫോണുകൾ എന്നിവയുടെ ഉത്പാദനവും ഉപയോഗവും പലമടങ്ങാണു വർധിച്ചത്. സ്മാർട്ട് ഫോണുകൾ, ടെലിവിഷൻ, കംപ്യൂട്ടറുകൾ, പ്രിന്റർ, സ്കാനർ, കോംപാക്റ്റ് ഡിസ്കുകൾ തുടങ്ങി നാം സാധാരണ ഉപയോഗിക്കുന്ന വസ്തുക്കളെല്ലാം മൂന്നോ നാലോ വർഷത്തിനകം ഇ-മാലിന്യങ്ങളായി മാറുന്നു.
ആറു വർഷം, രണ്ടര ഇരട്ടി വർധന
യുണൈറ്റഡ് നേഷൻസ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ട്രെയിനിംഗ് ആൻഡ് റിസർച്ച് തയാറാക്കിയ ഗ്ലോബൽ ഇ- വേസ്റ്റ് മോണിറ്ററിന്റെ റിപ്പോർട്ട് പ്രകാരം കഴിഞ്ഞ ആറു വർഷത്തിനിടെ ഇന്ത്യയിലെ ഇ-മാലിന്യത്തിൽ രണ്ടര ഇരട്ടിയിലേറെ വർധനവുണ്ടായിട്ടുണ്ട്. സാങ്കേതികവിദ്യയുടെ വളർച്ചയോടൊപ്പം ഇലക്ട്രിക്, ഇലക്ട്രോണിക് ഉപകരണങ്ങളുടെ ഉപയോഗത്തിലും വലിയ വർധനയുണ്ടായി. ഉപയോഗ ശൂന്യമായ ഇലക്ട്രോണിക് ഉപകരണങ്ങൾ റിപ്പയർ ചെയ്ത് ഉപയോഗിക്കാതെ ഉപേക്ഷിക്കുന്നതും ഇ-മാലിന്യം വർധിക്കുന്നതിനു കാരണമാകുന്നു. 2019ൽ ആഗോളതലത്തിൽ 53.06 മെട്രിക് ടണ്‍ ഇലക്ട്രോണിക് മാലിന്യം ഉണ്ടായതായാണ് കണക്ക്. 7.3 കിലോഗ്രാം ആണ് ആളോഹരി ഉത്പാദനം. 2030ഓടെ ആഗോള തലത്തിൽ ഇ മാലിന്യ ഉത്പാദനം 74.0, 2050ൽ 110 മെട്രിക് ടണ്‍ എന്നിങ്ങനെയായി ഉയരുമെന്നാണ് ഇ-വേസ്റ്റ് മോണിറ്ററിന്റെ റിപ്പോർട്ടിൽ സൂചിപ്പിക്കുന്നത്.
മഹാനഗരങ്ങൾ ഇ-മാലിന്യങ്ങളുടെ കേന്ദ്രം
ഇന്ത്യയിലെ ഇലക്ട്രോണിക്-ഐടി ഹബ്ബുകളായ ബംഗളൂരു, ഡൽഹി, മുംബൈ, ചെന്നൈ നഗരങ്ങളിലാണ് ഇന്ത്യയിൽ ഏറ്റവുമധികം ഇ-മാലിന്യം ഉത്പാദിപ്പിക്കപ്പെടുന്നത്. ഈ വൻ നഗരങ്ങളിലെ ചേരികളിൽ ഒട്ടേറെ അശാസ്ത്രീയ ഇ മാലിന്യ സംസ്കരണ യൂണിറ്റുകളും പ്രവർത്തിക്കുന്നു. ഉപയോഗത്തിന്റെയും ഉത്പാദനത്തിന്റെയും ഭാഗമായി ഈ നഗരങ്ങളിൽ ഇലക്ട്രോണിക് മാലിന്യങ്ങൾ ഉണ്ടാകുന്നുണ്ട്. ബംഗളൂരുവിൽ ഉത്പാദിപ്പിക്കപ്പെടുന്ന ഇലക്ട്രോണിക് മാലിന്യത്തിന്റെ 80 ശതമാനത്തോളം അശാസ്ത്രീയമായ രീതിയിലാണ് സംസ്കരിക്കുന്നതെന്നാണ് കണക്കാക്കുന്നത്.
നാലു വർഷംകൊണ്ട് 24,94,621 ടണ്‍ ഇ-മാലിന്യം
2017നും 2020നും ഇടയിൽ ഇന്ത്യയിൽ 24,94,621 ടണ്‍ ഇ-മാലിന്യം ഉണ്ടായതായി ലോക്സഭയിൽ കേന്ദ്ര വനം-പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന വകുപ്പ് സഹമന്ത്രി അശ്വിനി കുമാർ ചൗബേ വ്യക്തമാക്കി. നിലവിലുള്ളതും വരാനിരിക്കുന്നതുമായ വ്യാവസായിക പാർക്കുകൾ, എസ്റ്റേറ്റുകൾ, വ്യാവസായിക ക്ലസ്റ്ററുകൾ എന്നിവിടങ്ങളിൽ ഇ-മാലിന്യങ്ങൾ പൊളിച്ചുനീക്കുന്നതിനും പുനരുപയോഗിക്കുന്നതിനും വ്യാവസായിക ഭൂമിയോ ഷെഡുകളോ വകയിരുത്തുന്നതിനോ അനുവദിക്കുന്നതിനോ സംസ്ഥാന സർക്കാരുകൾക്ക് ഉത്തരവാദിത്വമുണ്ടെന്നാണ് കേന്ദ്ര വനം-പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന വകുപ്പിന്റെ നിലപാട്.
ഇന്ത്യ അപകടകാരിയോ?
ലോകത്ത് പ്രതിവർഷം 710 ബില്യണ്‍ ടണ്ണിലധികം ഇ-മാലിന്യം ഉത്പാദിപ്പിക്കപ്പെടുന്നുണ്ടെന്നാണു കണക്ക്. അതിൽ 300-500 മില്യണ്‍ ടണ്‍ ഇ-മാലിന്യങ്ങൾ പൊട്ടിത്തെറിക്കാൻ സാധ്യതയുള്ളതും ജീവജാലങ്ങൾക്കു ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കുന്നവയുമാണ്. യുഎസ്, ചൈന, ജപ്പാൻ, ജർമനി എന്നിവയ്ക്കുശേഷം ഇ-മാലിന്യങ്ങൾ ഉത്പാദിപ്പിക്കുന്ന രാജ്യങ്ങളുടെ പട്ടികയിൽ അഞ്ചാം സ്ഥാനത്താണ് ഇന്ത്യ. പ്രതിവർഷം ഉത്പാദിപ്പിക്കുന്ന മൊത്തം മാലിന്യത്തിന്റെ രണ്ടു ശതമാനത്തിൽ താഴെ മാത്രമാണ് ഇന്ത്യ പുനരുപയോഗം നടത്തുന്നതെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.
ആഗോളതലത്തിൽ ഇ മാലിന്യങ്ങൾ ഏറ്റവുമധികം അപകടമുണ്ടാക്കുന്ന 28 രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയും ഉൾപ്പെട്ടിട്ടുണ്ട്. ഇലക്ട്രോണിക് ഉപകരണങ്ങളുടെ ഉപയോഗം വർധിച്ചുവരുന്നതിനാൽ വരുംവർഷങ്ങളിൽ ഈ രാജ്യങ്ങളിൽ ഇ മാലിന്യങ്ങൾ ശാസ്ത്രീയമായ രീതിയിൽ കൈകാര്യം ചെയ്യുന്നത് വലിയ വെല്ലുവിളിയാകുമെന്നാണ് ഈ രംഗത്തെ വിദഗ്ധർ സൂചിപ്പിക്കുന്നത്. പ്രതിവർഷം രണ്ടു ദശലക്ഷം ടണ്‍ ഇ-മാലിന്യം ഉത്പാദിപ്പിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ ഇ-മാലിന്യ ഉത്പാദകരിൽ ഒന്നാണ് ഇന്ത്യ. ഇത്രയും ഉയർന്ന തോതിലുള്ള ഇ-മാലിന്യ ഉത്പാദനം ഇവ ശരിയായ രീതിയിൽ കൈകാര്യം ചെയ്യുന്നതിനു വലിയ വെല്ലുവിളിയാണ് ഉയർത്തുന്നത്. ആഫ്രിക്കൻ രാജ്യങ്ങൾക്കൊപ്പം പാക്കിസ്ഥാൻ, ബംഗ്ലാദേശ്, ചൈന, അഫ്ഗാനിസ്ഥാൻ, മെക്സിക്കോ എന്നീ രാജ്യങ്ങളും ഏറ്റവും കൂടുതൽ ഇ-മാലിന്യങ്ങൾ അപകടമുണ്ടാക്കുന്ന രാജ്യങ്ങളുടെ പട്ടികയിലാണ്. ഇതിൽ 12 രാജ്യങ്ങൾ ആഫ്രിക്കയിലാണ്. ദി അസോസിയേറ്റഡ് ചേബേഴ്സ് ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രി ഓഫ് ഇന്ത്യ നടത്തിയ പഠനം അനുസരിച്ച് രാജ്യത്തെ ഇ-മാലിന്യങ്ങളിൽ 70 ശതമാനം കംപ്യൂട്ടർ ഉപകരണങ്ങളും 12 ശതമാനം ടെലികമ്യൂണിക്കേഷൻ ഉപകരണങ്ങളും എട്ടു ശതമാനം ഇലക്ട്രിക്കൽ ഉപകരണങ്ങളും ഏഴു ശതമാനം മെഡിക്കൽ ഉപകരണങ്ങളുമാണ്. മറ്റുള്ളവ മൂന്നു ശതമാനം.
ഇ-മാലിന്യങ്ങൾക്കു പ്രത്യേക നിയമങ്ങൾ
ഇന്ത്യയിൽ പ്ലാസ്റ്റിക് വേസ്റ്റ് മാനേജ്മെന്റ് റൂൾസ് 2016, ഇ വേസ്റ്റ് മാനേജ്മെന്റ് റൂൾസ് 2016, ബയോമെഡിക്കൽ വേസ്റ്റ് മാനേജ്മെന്റ് റൂൾസ് 2016, ഹസാർഡസ് വേസ്റ്റ് മാനേജ്മെന്റ് റൂൾസ് 2016 എന്നിവയാണ് ഇ-മാലിന്യം മനുഷ്യനും പരിസ്ഥിതിക്കും ഹാനികരമാകാത്ത രീതിയിൽ സംസ്കരിക്കണമെന്നു നിഷ്കർഷിക്കുന്ന നിയമങ്ങൾ. കേന്ദ്ര-സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡുകളാണ് ഇതു നടപ്പാക്കുന്നുവെന്ന് ഉറപ്പുവരുത്തേണ്ടത്. വിൽക്കുന്ന ഇലക്ട്രോണിക് ഉത്പന്നങ്ങൾ ഉപയോഗശേഷം തിരിച്ചെടുത്ത് ശാസ്ത്രീയമായ സംസ്കരണത്തിനു വിധേയമാക്കണമെന്നു നിഷ്കർഷിക്കുന്ന നിയമവ്യവസ്ഥകളുണ്ടെങ്കിലും പല കന്പനികളും ഇതു കൃത്യമായി നടപ്പാക്കാറില്ല.
ഇപിആർ നിയമം നടപ്പാക്കണം
ഇപിആർ നിയമം രാജ്യത്ത കാര്യക്ഷമമായി നടപ്പാക്കണമെന്ന് ഇ മാലിന്യ സംസ്കരണ രംഗത്തു പ്രവർത്തിക്കുന്ന യുവേഷ് മാലിക് ദീപികയോടു പറഞ്ഞു. മാലിന്യങ്ങൾ കൈകാര്യം ചെയ്യുന്നതിനായി ഇന്ത്യയിൽ 2012ൽ നിലവിൽ വന്നതും പിന്നീട് 2016ലും 2018ലും ഭേദഗതി വരുത്തിയതുമായ ഒരു പ്രധാന നിയന്ത്രണ നിയമമാണ് വിപുലീകരിച്ച പ്രൊഡ്യൂസർ റെസ്പോണ്സിബിലിറ്റി നിയമം. ഇ-മാലിന്യം പുനരുപയോഗിക്കുന്നതിനുള്ള ഉത്തരവാദിത്വം ഈ നിയമം ഉത്പാദകരെ ഏൽപ്പിക്കുന്നു. നിർമാതാക്കൾ ഇ-മാലിന്യ സംസ്കരണത്തിന് നികുതി ഫീസ് നൽകുന്നുവെന്ന് ഈ നടപടിക്രമം ഉറപ്പാക്കുന്നു. നിർമാതാക്കൾ അവരുടെ ഇ-മാലിന്യങ്ങൾ ശേഖരിക്കുന്നതിനു സൈറ്റുകൾ സജ്ജീകരിക്കുന്നുവെന്നും അവർ എവിടെയാണെന്ന് ജനങ്ങളെ അറിയിക്കാൻ പൊതുബോധവത്കരണം നടത്തുന്നുവെന്നും ഇത് ഉറപ്പാക്കുന്നു. ഉത്തർപ്രദേശ് ആസ്ഥാനമായി പ്രവർത്തിക്കുന്ന റിക്കോളജി റിസൈക്ലിംഗ് ഇന്ത്യ പ്രവറ്റ് ലിമിറ്റഡ് എന്ന കന്പനിയുടെ ഡയറക്ടറാണ് യുവേഷ്.
(തുടരും)