ലിംഗസമത്വം: തുടങ്ങേണ്ടത് കുടുംബങ്ങളിൽ
Tuesday, March 7, 2023 11:11 PM IST
ഡോ. ഡെയ്സൻ പാണേങ്ങാടൻ
ആൺകുട്ടികളുടെ വസ്ത്രം പെൺകുട്ടികൾ ധരിച്ചതു കൊണ്ടോ, പെൺകുട്ടികളുടെ വസ്ത്രം ആൺകുട്ടികൾ ധരിച്ചതു കൊണ്ടോ മാത്രം ഉണ്ടാക്കിയെടുക്കാവുന്നതല്ല ലിംഗസമത്വം. ഇതിനുള്ള ആദ്യ പാഠങ്ങൾ അഭ്യസിക്കേണ്ടത് കുടുംബങ്ങളിൽനിന്നു തന്നെയാണ്. പരമ്പരാഗത ചിന്താഗതിയുള്ള കുടുംബങ്ങൾ, ഇതിനെതിരേ മുഖം തിരിക്കാനിടയുണ്ടെങ്കിലും കാലക്രമത്തിൽ മാറ്റങ്ങൾ അനിവാര്യമായേ തീരൂ.
ഭക്ഷണം കഴിക്കുന്ന പാത്രം കഴുകുന്നതു മുതൽ അവരവർ ഉപയോഗിക്കുന്ന വസ്ത്രങ്ങൾ കഴുകുന്നതിൽപോലും ആ വിവേചനം നമുക്കു കാണാം. ഭക്ഷണം തയാറാക്കാൻ പെൺമക്കൾക്കു നൽകുന്ന അതേ പരിശീലനം ആൺമക്കൾക്കു കൊടുക്കുന്ന അതേനിമിഷം ആരംഭിക്കണം. 10 വയസുകാരിക്ക് മുറ്റം തൂത്തുവാരാൻ ചൂലെടുത്തു കൊടുക്കുന്ന അമ്മ, എന്തുകൊണ്ട് അതേ പ്രായപരിധിയിലുള്ള പുത്രനെ അതിൽ നിന്നൊഴിവാക്കുന്നു? ഉടുത്തിരിക്കുന്ന തുണി കഴുകിയിടേണ്ടത് പെൺകുട്ടിയുടെ പ്രാഥമിക ഉത്തരവാദിത്വമെന്ന രീതിയിൽ നിർദ്ദേശം കൊടുക്കുന്ന അമ്മ, പക്ഷേ മകന്റെ തുണിത്തരങ്ങൾ അലക്കിത്തേച്ചു കൊടുക്കുന്നു.
കാലിന്മേൽ കാൽ കയറ്റി വെയ്ക്കാൻ, ഉമ്മറപ്പടിയിലിരിക്കാൻ, ഉച്ചത്തിൽ സംസാരിക്കാൻ പെൺകുട്ടികൾക്ക് പരിമിതി കൽപ്പിക്കുന്ന കുടുംബങ്ങളിൽ ആൺകുട്ടികൾ ചെയ്യുന്നത്, പെൺകുട്ടികൾക്കും ചെയ്യാമെന്ന നീതി ശാസ്ത്രവും തത്വശാസ്ത്രവും പ്രായോഗികമാക്കേണ്ടിയിരിക്കുന്നു. അപ്പോൾ ലിംഗസമത്വത്തിന് പ്രാഥമിക സാധുത നൽകേണ്ടത് കുടുംബങ്ങളായതുകൊണ്ട്, നമ്മുടെ സമൂഹത്തിനും മാതാപിതാക്കൾക്കും പരിശീലനം വേണ്ടതുണ്ട്.
ആണിനും പെണ്ണിനും ശാരീരികമായ വ്യത്യാസങ്ങള്‍ പ്രകൃതിതന്നെ പ്രകടമായി നല്‍കിയിട്ടുണ്ട്. എന്നാൽ പാരമ്പര്യമായി നമ്മുടെ കുടുംബങ്ങളിൽ കുഞ്ഞിന്റെ ജനനശേഷം, ആണ് - പെണ് വ്യത്യാസങ്ങള്‍ കല്പ്പിച്ചു നല്‍കുന്നത് പുനർവിചിന്തനത്തിനു വിധേയമാക്കേണ്ടതുതന്നെ. കുടുംബങ്ങളിൽ ആരംഭിക്കുന്ന ഈ വേർതിരിവ്, പിന്നീട് വിദ്യാലയത്തിലേക്കും
തൊഴിലിടങ്ങളിലേക്കും സ്വാഭാവികമായി സമൂഹത്തിലേക്കും എത്തിപ്പെടുകയാണ്. പിന്നീടങ്ങോട്ട് സമൂഹം കല്പ്പിച്ചു നൽകുന്ന അരുതുകളും അരുതായ്മകളും സാമാന്യവത്ക്കരികപ്പെടുന്നത് വിരോധാഭാസം തന്നെ. പെണ്‍കുഞ്ഞുങ്ങളുടെ മനസ് ദുര്‍ബലമാണെന്ന് സ്വയം അവരെ ബോധ്യപ്പെടുത്താനുള്ള ശ്രമങ്ങളെ അപലപിക്കുക മാത്രമല്ല; അവരെ ബലപ്പെടുത്താനുള്ള ശ്രമങ്ങൾ കുടുംബങ്ങൾ കേന്ദ്രീകരിച്ചുതന്നെ ആരംഭിക്കുകയും വേണം.
സ്കൂളുകളിലും വേണം ന്യൂട്രാലിറ്റി
നമ്മുടെ സ്കൂളുകളിലെ ഹാജർ പുസ്തകം പഠിച്ചാലറിയാം ലിംഗ സമത്വത്തിന്റെ നഗ്നമായ ലംഘനം. ഹാജർ പുസ്തകത്തിലെ ആണ്, പെണ് വേര്‍തിരിവുകള്‍ മാറി, ആര്‍ക്കും മുന്‍ഗണനയില്ലാതെ, അക്ഷരമാലാ ക്രമത്തിലോ അഡ്മിഷൻ നമ്പർ ക്രമത്തിലോ പേരുകള്‍ രേഖപ്പെടുത്താൻ എന്തിനാണിത്ര വിമുഖത? പുരുഷ മേധാവിത്വം ഹാജര്‍ പട്ടികയിൽ പോലും പ്രതിഫലിക്കുന്ന ഈ പ്രവണതയ്ക്കു മാറ്റം അനിവാര്യം തന്നെ. ആൺ-പെൺ ഭേദമില്ലാത്ത ഇരിപ്പിടങ്ങൾ നമ്മുടെ വിദ്യാർഥികളിൽ തീർക്കുന്ന സാമൂഹ്യ ബോധവും സുരക്ഷാ ബോധവും നാം ഈ നൂറ്റാണ്ടിലെങ്കിലും കാണാതെ പോകരുത്. ആൺ-പെൺ വിവേചനം മാറ്റി നിർത്തി ഒന്നിച്ചിരിക്കാനും പാഠ്യപദ്ധതികൾ ആസൂത്രണം ചെയ്യാനും നമ്മുടെ വിദ്യാലയങ്ങൾക്കു കഴിഞ്ഞാൽ ലിംഗസമത്വത്തിന്റെ ബാലപാഠങ്ങൾ, വിദ്യാലയങ്ങളിൽ ആരംഭിച്ചുവെന്നു കരുതാം. ഇതോടൊപ്പംതന്നെ സ്കൂളുകളിലെയും കോളജുകളിലെയും പാഠ്യപദ്ധതിയിൽ ലിംഗസമത്വത്തെപ്പറ്റി ആധികാരികമായി പഠിപ്പിക്കുകയും വേണം.
സമൂഹത്തിലും മാറ്റങ്ങൾ വേണം
സ്ത്രീ-പുരുഷ സമത്വത്തിന് വേണ്ടിയുളള മുദ്രാവാക്യങ്ങളും പ്രവര്‍ത്തനങ്ങളും നിയമസഭയ്ക്കകത്തെ പ്രസംഗങ്ങളിലും ഔപചാരികതയുടെ പേരിൽ മാത്രം പാഠപുസ്തകങ്ങളിലും ലിംഗ സമത്വ സെമിനാറുകളിലും മാത്രം ഉച്ചൈസ്ഥരം ഘോഷിക്കപ്പെടേണ്ട ഒന്നല്ല. ഇഷ്ടമുള്ള വസ്ത്രം ധരിക്കാൻ നമ്മുടെ നാട്ടിൽ കോളജ് അധ്യാപികയ്ക്കു പോലും ഉന്നത വിദ്യാഭ്യാസമന്ത്രിയുടെ സർക്കുലർ വേണ്ടി വന്നുവെന്നത് ഈ അസമത്വ വിഷയത്തിന്റെ ഗൗരവം വർധിപ്പിക്കുന്നുണ്ട്.
അതുകൊണ്ടുതന്നെ ആ സമത്വബോധത്തിന്റെ അനതിരസാധാരണമായ പ്രാമുഖ്യം, ചെറുപ്രായത്തിലെ തന്നെ നമ്മുടെ കുട്ടികളിലേക്ക്, ഉയർന്ന സംവേദനക്ഷമതയോടെ തന്നെ സംവദിക്കപ്പെടണം. അതു കുടുംബത്തിൽനിന്നും വിദ്യാലയങ്ങളിൽനിന്നും സമൂഹത്തിൽനിന്നും ആരംഭിക്കേണ്ടിയിരിക്കുന്നു.
വിദ്യാലയങ്ങളും പൊതു വിഹാരയിടങ്ങളും ഇത്തരത്തിൽ സമത്വത്തിനുവേണ്ടി നിലകൊളളുക മാത്രമല്ല; ലിംഗസമത്വത്തിന്റെ മാതൃകകൾ പഠിപ്പിക്കുന്ന ഇടങ്ങൾ കൂടിയാവേണ്ടതുണ്ട്. മാറ്റിനിര്‍ത്തലുകളും വേര്‍തിരിവുകളും ഇല്ലാതാക്കാന്‍ അവർക്ക് മാനസിക തയാറെടുപ്പുകളും പരിശീലനവും നൽകണം. മാത്രവുമല്ല; അതിനു തടസം നില്ക്കുന്ന ഘടകങ്ങളെ ബോധപൂര്‍വം തിരിച്ചറിഞ്ഞ് ഇല്ലാതാക്കണം. ചിന്തിക്കുന്നതിലും സ്വപ്നം കാണുന്നതിലും പ്രവൃത്തിയുടെ പ്രായോഗികതയിലും ഇരുകൂട്ടരും തുല്യരെന്നതിനൊപ്പം അവരുടെ തനതായ സ്വത്വത്തെയും സ്വത്വബോധത്തെയും അംഗീകരിക്കുക കൂടിവേണം. ആണത്തത്തെപ്പറ്റി വാചാലരാകുന്ന നമ്മൾ, അതേ ആർജവത്തോടെതന്നെ പെണ്ണത്തത്തെയും അവളുടെ ഊർജസ്വലതയെയുംപറ്റി പറയേണ്ടിയിരിക്കുന്നു.
സമത്വം ഭരണ ഘടനയിൽ
സ്ത്രീ-പുരുഷ സമത്വം, നമ്മുടെ ഭരണഘടനയിൽ വിവിധ അനുച്ഛേദങ്ങളായി അനുശാസിക്കുന്നുണ്ട്. സ്ത്രീ-പുരുഷ വിവേചനം ഇല്ലാതാക്കാനുള്ള പൊതുവായ വ്യവസ്ഥകൾക്കൊപ്പം പ്രത്യേകമായ പല വ്യവസ്ഥകളും ഇതിനായി ഇന്ത്യയുടെ ഭരണഘടനയിൽ ഉൾച്ചേർത്തിരിക്കുന്നു. ഭാരതത്തിലെ എല്ലാ പൗരന്മാർക്കും നിയമത്തിനു മുന്നിലെ സമത്വം ഉറപ്പുനൽകുന്ന അനുച്ഛേദം14 പ്രകാരം സ്ത്രീക്കും പുരുഷനും തുല്യാവകാശം ഉറപ്പാക്കണമെന്ന് ഭരണഘടന അനുശാസിക്കുന്നു. സ്ത്രീകളുടെയും കുട്ടികളുടെയും ക്ഷേമത്തിനായി സർക്കാരിന് പ്രത്യേക നിയമനിർമാണം നടത്താമെന്ന് അനുച്ഛേദം 15 (3)പറയുന്നു. അനുച്ഛേദം14ൽ പറയുന്ന നിയമത്തിനു മുന്നിലെ തുല്യത എന്നത് തുല്യനിലയിൽ ഉള്ളവർക്കിടയിൽ മാത്രമേ സാധ്യമാകൂ.
ചരിത്രപരമായും സാമൂഹ്യമായും അസമത്വം അനുഭവിക്കുന്ന സ്ത്രീക്ക് പുരുഷനൊപ്പം എത്തുന്നതിനായി പ്രത്യേക വ്യവസ്ഥയെന്ന രീതിയിലാണ് ഇത് പ്രവർത്തിക്കുന്നത്. സ്ത്രീകൾക്കും പുരുഷന്മാർക്കും തുല്യാവകാശമെന്നത് ഇന്ത്യയുടെ ഭരണഘടന വിഭാവനം ചെയ്യുന്ന മൗലികാവകാശങ്ങളിലൊന്നാണെങ്കിലും ലിംഗനീതി എന്നത് ഇനിയും സാധ്യമാവാത്ത ലക്ഷ്യമായി നമ്മുടെ സമൂഹത്തിൽ തുടരുകയാണ്. നമ്മുടെ രാജ്യത്തെയും പ്രത്യേകിച്ച് സംസ്ഥാനത്തെയും സാഹചര്യങ്ങൾ വിലയിരുത്തി, അവർക്കു വേണ്ടി പ്രത്യേക നിയമനിർമാണവും പരിപാടികളും ആവിഷ്കരിക്കുന്നതിന് ഇന്ത്യൻ ഭരണഘടനയിൽ വ്യവസ്ഥയുണ്ട്.
മാറ്റങ്ങൾ ആരംഭിക്കേണ്ടത് ഇവിടെ നിന്നാണ്. നന്മകളും സ്വാതന്ത്ര്യവും പൂക്കുന്ന വസന്തം, നമ്മുടെ ആൺകുട്ടികൾക്കൊപ്പം പെൺകൊടികൾക്കും ലഭ്യമാകണം. അതിന് ഇച്ഛാശക്തി മാത്രം മതി. അങ്ങനെ തുല്യതയുടെയും ലിംഗസമത്വത്തിന്റെയും പാഠങ്ങൾ അവരും അറിഞ്ഞനുഭവിക്കട്ടെ.