അരങ്ങു കൊഴുപ്പിക്കുന്ന കർണാടക തെരഞ്ഞെടുപ്പുകാലം
Wednesday, March 8, 2023 10:34 PM IST
മണികർണിക ശ്രീരാമരാജു
വിജയസങ്കല്പയാത്ര വെറുമൊരു സ്വപ്നം മാത്രമാവുമോ എന്ന ഭയത്തിലാണ് കർണാടക ബിജെപി. നോർത്ത് ഈസ്റ്റ് സംസ്ഥാനങ്ങളിൽ, വിശിഷ്യ ത്രിപുരയിൽ പ്രതിപക്ഷ ഐക്യനിരയെ തോല്പിച്ച് വിജയഭേരി മുഴക്കിയ അവസരത്തിലാണ് കർണാടക ബിജെപിക്ക് ഇരുട്ടടി ലഭിച്ചത്. 40 ശതമാനം മന്ത്രിസഭ, അഴിമതിയിൽ കുളിച്ച മന്ത്രിസഭ എന്നൊക്കെ പ്രതിപക്ഷമായ കോൺഗ്രസും ജെഡിഎസും കർണാടക സർക്കാരിനെ വിളിക്കുന്പോൾ അതിൽ കഴന്പില്ല എന്ന വീരവാദം മുഴക്കിയ അവസരത്തിലാണ് ലോകായുക്ത, ബിജെപി എംഎൽഎയും കർണാടക സോപ്സ് ആൻഡ് ഡിറ്റർജന്റ്സ് ലിമിറ്റഡിന്റെ ചെയർമാനുമായ മഡാൽ വിരൂപാക്ഷപ്പയുടെ മകനായ പ്രശാന്തിനെ 40 ലക്ഷം രൂപയോടുകൂടി ചെയർമാന്റെ ഓഫീസിൽവച്ച് അറസ്റ്റ് ചെയ്യുകയും വീട്ടിൽ റെയ്ഡ് നടത്തി എട്ടുകോടി രൂപ കണ്ടെടുക്കുകയും ചെയ്തത്.
മദ്യവില്പനയിൽ അഴിമതി നടത്തിയെന്ന പേരിൽ ഡൽഹി ഡെപ്യൂട്ടി മുഖ്യമന്ത്രി സിസോദിയയെ അറസ്റ്റ് ചെയ്ത് ജയിലിലിട്ടെങ്കിലും 10,000 രൂപ മാത്രമേ അദ്ദേഹത്തിന്റെ വസതിയിൽനിന്നു കണ്ടെടുക്കാനായുള്ളൂ. അഴിമതിക്കെതിരേ ഇഡിയെയും ഇൻകം ടാക്സിനെയും സിബിഐയെയും ഉപയോഗിച്ചു പ്രതിപക്ഷ നേതാക്കളെ അറസ്റ്റ്ചെയ്ത് ജയിലിലടയ്ക്കുന്ന ബിജെപിക്കിത് കനത്ത ആഘാതമായി. കർണാടക മുഖ്യമന്ത്രിയായ ബൊമ്മൈയുടെ വസതി ഉപരോധിച്ച് 40 ശതമാനം മന്ത്രിസഭ, അഴിമതിയിൽ കുളിച്ച മന്ത്രിസഭ തുടങ്ങിയ പ്ലക്കാർഡുകൾ ഉയർത്തി കോൺഗ്രസ് നേതാക്കളായ സിദ്ധരാമയ്യയും സുർജേവാലയും ബിജെപിയുടെ അഴിമതിക്കഥകൾ നിരത്തി അവരെ പ്രതിക്കൂട്ടിലാക്കി.
കർണാടകയിൽ ഭാഗ്യപരീക്ഷണത്തിനിറങ്ങാൻ ശ്രമിക്കുന്ന ആപ്പും ബിജെപിക്കെതിരേ ആഞ്ഞടിച്ചു. ഡൽഹിയിലെ തങ്ങളുടെ ഡെപ്യൂട്ടി മുഖ്യമന്ത്രിയെ ജയിലിലടച്ച്, എട്ടുകോടി ലോകായുക്ത പിടിച്ച മഡൽ വിരൂപാക്ഷപ്പ സ്വൈരവിഹാരം നടത്തുന്നതിനെതിരേ അവരും പ്രതിഷേധജാഥകളും വിമർശനങ്ങളും നടത്തി. കോൺഗ്രസിന്റെ കർണാടക പ്രസിഡന്റായ ഡി.കെ. ശിവകുമാറിനെതിരേ ഇഡിയുടെ സമൻസുകളും റെയ്ഡും ആഴ്ചയിലാഴ്ചയിൽ നടത്തിക്കൊണ്ടിരിക്കുന്പോഴാണ് അശനിപാതം പോലെ വിരൂപാക്ഷപ്പയുടെ വസതിയിൽനിന്ന് എട്ടു കോടി രൂപ കണ്ടെടുത്തത്.
തന്റെ കുടുംബത്തെ ക്ഷീണിപ്പിക്കുന്നതിനായി ആരോ മെനഞ്ഞ തന്ത്രമാണെന്നു പ്രഖ്യാപിച്ച് ബിജെപി എംഎൽഎ വിരൂപാക്ഷപ്പ മുങ്ങി. സെക്രട്ടേറിയറ്റിൽനിന്നു മറ്റൊരു കരാറുകാരനിൽനിന്ന് ലക്ഷങ്ങൾ പോലീസ് കണ്ടെടുത്തെങ്കിലും അതും തേഞ്ഞുമാഞ്ഞുപോയി. കരാറുകാരിൽനിന്നും ബിൽഡേഴ്സിൽനിന്നുമൊക്കെ 40 ശതമാനംവച്ച് പിഴിഞ്ഞെടുത്ത ഗവൺമെന്റാണിതെന്ന് നേരത്തേതന്നെയുള്ള ആക്ഷേപം ഈ ലോകായുക്ത റെയ്ഡ് അരക്കിട്ടുറപ്പിക്കുന്നതാക്കി.
കോൺഗ്രസ് ഭരണകാലത്ത് ലോകായുക്ത ഇല്ലായിരുന്നു. അതുകൊണ്ടാണ് സിദ്ധരാമയ്യയുടെ ഭരണകാലത്ത് അഴിമതി പുറത്തുവരാഞ്ഞതെന്ന തൊടുന്യായം പറഞ്ഞ് മുഖ്യമന്ത്രി ബൊമ്മൈ തടിതപ്പി. മാത്രമല്ല, കേന്ദ്ര നേതൃത്വവും ശക്തമായ നടപടികൾ എടുക്കുമെന്നു പ്രഖ്യാപിക്കാൻ മാത്രമേ കർണാടക ബിജെപി നേതൃത്വത്തിനായുള്ളൂ. മോദി-ഷാ ഇരട്ട എൻജിനിലാണ് കർണാടക ഓടുന്നത്. മിക്കവാറും ദിവസങ്ങളിൽ അമിത് ഷായോ മോദിയോ കർണാടകത്തിൽ ഉദ്ഘാടനവും തെരുവുഷോയുമായി ഇളക്കിമറിച്ചുകൊണ്ടിരിക്കുന്നു. അതേസമയം അഴിമതിയുടെ പുതിയ എപ്പിസോഡുകൾ സൃഷ്ടിച്ചുകൊണ്ട് കർണാടക ബിജെപി നേതാക്കളും മുന്നിട്ടിറങ്ങി തങ്ങളുടേതായ സംഭാവനകൾ നൽകി പാർട്ടിയെ തളർത്തിക്കൊണ്ടിരിക്കുന്നു.
നീലച്ചിത്രങ്ങളിൽ കുടുങ്ങിയ നേതാക്കൾ
ആളിക്കത്തലിനു ശേഷം കനലുകളായി എരിഞ്ഞുകൊണ്ടിരിക്കുന്ന സംഭവങ്ങളാണ് ബിജെപി നേതാക്കളായ ജാർക്കി ഹോളിയുടെയും നംബാവലിയുടെയും പേരിലുണ്ടായ നീലച്ചിത്ര വിവാദങ്ങൾ. കോൺഗ്രസിൽനിന്നു തെറ്റിപ്പിരിഞ്ഞ് 11 എംഎൽഎമാരെ വിടർത്തിയെടുത്ത് ഓപ്പറേഷൻ താമരയ്ക്കു നേതൃത്വം നൽകിയ ഹൂബ്ലിയിൽനിന്നുള്ള എംഎൽഎയാണ് രമേഷ് ജാർക്കിഹോളി. തനിക്കെതിരേ ഡി.കെ. ശിവകുമാർ ഹൂബ്ലിയിൽ ലക്ഷ്മി ഹെബ്ബാൾകറെ ഉയർത്തിക്കൊണ്ടുവരികയാണെന്ന് ആക്ഷേപിച്ചാണ് രമേഷ് കോൺഗ്രസിൽനിന്നു പടിയിറങ്ങിയത്. സഹോദരനായ സതീഷാവട്ടെ ഇപ്പോഴും കോൺഗ്രസ് എംഎൽഎയാണ്.
രമേഷിന്റെ ഒരു വീഡിയോ വൈറലായതിനെത്തുടർന്ന് മന്ത്രിയായിരുന്ന അദ്ദേഹത്തിനു തത്സ്ഥാനം രാജിവയ്ക്കേണ്ടിവന്നു. തന്നെ ഹണിട്രാപ്പിൽപെടുത്തിയത് ഡി.കെ. ശിവകുമാറാണെന്നും അതിന്റെ രേഖകൾ തന്റെ കൈവശമുണ്ടെന്നും രമേഷ് പ്രഖ്യാപിക്കുകയും ആഭ്യന്തരമന്ത്രി അമിത് ഷായെ കണ്ട് സിബിഐയെക്കൊണ്ട് അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ഡി.കെയാവട്ടെ തനിക്കിതിൽ യാതൊരു പങ്കുമില്ലെന്നറിയിച്ചു. അടുത്ത നാളുകളിൽ ജാർക്കിഹോളി മറ്റൊരു വിവാദത്തിലും തലയിട്ടിരുന്നു. ഓരോ വോട്ടിനും 6000 രൂപ ബിജെപി നൽകും എന്ന വാഗ്ദാനമായിരുന്നു പാർട്ടിയെ വെട്ടിലാക്കിയത്.
മറ്റൊരു വീഡിയോ നാറ്റിച്ചത് പതിനഞ്ചു വർഷമായി മഹാദേവപുരം എംഎൽഎയായി പരിലസിക്കുന്ന അരവിന്ദ് നിംബാവലിയെയാണ്. ചെറുപ്പക്കാരൊത്ത് അസാന്മാർഗികമായി മേളിക്കുന്ന നിംബാവലിയുടെ വീഡിയോയാണ് വൈറലായത്. കർണാടക ബിജെപിയുടെ പ്രസിഡന്റാവുമെന്നുവരെ പറഞ്ഞുകേട്ട നിംബാവലിയുടെ പേരിൽ പ്രദീപമെന്ന ബിസിനസുകാരനെ ആത്മഹത്യയിലേക്കു നയിച്ചുവെന്ന പേരിൽ ജനുവരിയിൽ കേസെടുത്തിട്ടുണ്ട്.
മഴക്കെടുതിക്കാലത്ത് പരാതി പറയാനെത്തിയ ഒരു സ്ത്രീയെ കഠിനമായി അവഹേളിക്കുന്ന നിംബാവലിയുടെ മറ്റൊരു വീഡിയോയും വാർത്തകളും മഹാദേവപുരംകാരെ വല്ലാതെ അലോസരപ്പെടുത്തിയിട്ടുണ്ട്. നിംബാവലി ഏർപ്പെട്ട അസാന്മാർഗിക മേള കണ്ടെത്തി പ്രചരിപ്പിച്ചത് ബിജെപിയിലെതന്നെ മറ്റൊരു നേതാവാണെന്നു പാർട്ടിക്കുള്ളിൽ അടക്കംപറച്ചിലുണ്ട്. ബിജെപിയുടെ ശക്തരായ ഇത്തരം നേതാക്കൾ ഉള്ളപ്പോൾ പാർട്ടിയെ തറപറ്റിക്കാൻ മറ്റു ശത്രുക്കൾ വേണമെന്നില്ല എന്നാണ് ജനസംസാരം.
കർണാടക നിയമസഭയിൽ ഹംസഗാനം പാടി ഗദ്ഗദകണ്ഠനായി പടിയിറങ്ങിയ യെദിയൂരപ്പയെ ബിജെപി കർണാടക തെരഞ്ഞെടുപ്പിന്റെ ‘മാസ്കോട്’ ആക്കി പ്രധാനമന്ത്രി മോദിയും മറ്റു നേതാക്കളും ആശംസകൾ അറിയിച്ചു. നാലുതവണ ബിജെപിയെ അധികാരത്തിലേറ്റിയ യെദിയൂരപ്പ പിൻവലിഞ്ഞാൽ പരാജയം ഉറപ്പാണെന്നതുതന്നെ കാര്യം. ഇതിനിടെ ലിംഗായത്ത് സമുദായത്തിന്റെ മഹാ അധിനിവേശ മാർച്ച് നാലുമുതൽ എട്ടുവരെ ബസവകല്യാണിൽ നടത്തുന്നുണ്ട്. ലിംഗായത്ത് സമുദായം ഭിന്നിച്ചാൽ ബിജെപിക്ക് നാല്പതിൽ കൂടുതൽ സീറ്റ് കർണാടക നിയമസഭയിൽ ലഭിക്കില്ല. യെദിയൂരപ്പയോടുള്ള അഭിനിവേശം ലിംഗായത്ത് സമുദായം ഇതുവരെയും കൈവിട്ടിട്ടില്ല. തന്റെ പിതാവിനെ കൈവിട്ടാൽ ബിജെപി അനുഭവിക്കുമെന്ന യെദിയൂരപ്പയുടെ മകൻ വിജയേന്ദ്രയുടെ ഭീഷണി മികച്ച പദവി ലഭിക്കുന്നതിനുവേണ്ടിയുള്ള മുറവിളിയാണെന്ന് രാഷ്ട്രീയ നിരീക്ഷകർ കരുതുന്നു.
വൊക്കലിംഗ സമുദായം ദേവഗൗഡയുടെ കൂടെയാണ്. പഴയ മൈസൂർ ഇളക്കിമറിച്ച് അവരെ കൂടെ നിർത്താനുള്ള ശ്രമത്തിലാണ് കുമാരസ്വാമി. രോഗബാധിതനായ ദേവഗൗഡയ്ക്കായി മഹാമൃത്യുഞ്ജയ ഹോമം നടത്താനുള്ള ശ്രമത്തിലാണ് ജെഡിഎസ്. കുമാരസ്വാമിയും രേവണ്ണയും തമ്മിൽ ഭവാനിയെ ഹസനിൽനിന്ന് സ്ഥാനാർഥിയാക്കുന്നതിൽ പൊരിഞ്ഞ പോരാട്ടമാണ്. പാർട്ടി സ്ഥാനാർഥിയുണ്ടെന്നു കുമാരസ്വാമിയും സ്ഥാനാർഥിയെ ദേവഗൗഡ പ്രഖ്യാപിക്കുമെന്ന് രേവണ്ണയും പ്രഖ്യാപിച്ച്, കുമാരസ്വാമി തന്റെ ഭാര്യയായ അനിതയെ എംഎൽഎ ആക്കിയതിലൂടെ തന്റെ ഭാര്യയായ ഭവാനിയെയും എംഎൽഎ ആക്കാനുള്ള തത്രപ്പാടിലാണ് രേവണ്ണ.
ഇതിനിടെ തനിക്കെതിരേ മതംമാറ്റ പ്രേരണാ കേസുകളുണ്ടെന്നും തനിക്കതിൽ ഭയമില്ലെന്നും ജനങ്ങളെ സേവിക്കുന്നതിൽ മുൻപന്തിയിലുണ്ടെന്നും ഒട്ടും പിറകോട്ടില്ലെന്നും ഓർത്തഡോക്സ് ബാവയ്ക്ക് ബംഗളൂരുവിൽ നൽകിയ സ്വീകരണസമ്മേളനത്തിൽ ബംഗളൂരു ആർച്ച്ബിഷപ് ഡോ. പീറ്റർ മച്ചാഡോ വർഗീയ ധ്രുവീകരണം നടത്തുന്ന ബിജെപിയുടെ നയങ്ങളെ വിമർശിച്ച് വിശദീകരിച്ചു. കർണാടക രാഷ്ട്രീയം ഇന്ന് കലങ്ങിമറിഞ്ഞുകിടക്കുകയാണ്. ഈ തെരഞ്ഞെടുപ്പ് നിർണായകമാണ്.