മാധ്യമശക്തി തിരിച്ചറിഞ്ഞ മാർ പവ്വത്തിൽ ദീപികയുടെ കാവലാൾ
Tuesday, March 21, 2023 10:50 PM IST
ഫാ. അലക്സാണ്ടർ പൈകട സിഎംഐ
മുൻ ചീഫ് എഡിറ്റർ, ദീപിക
മാർ ജോസഫ് പവ്വത്തിൽ പിതാവ് ഭൗതികമായി വിടവാങ്ങുന്നത് ഭാരത കത്തോലിക്കാ സഭയ്ക്കാകെയും സീറോ മലബാർ സഭയ്ക്കു പ്രത്യേകിച്ചും ശൂന്യമായൊരിടം അവശേഷിപ്പിച്ചുകൊണ്ടാണ്. എഴുപത്തഞ്ചാം വയസിൽ ഔദ്യോഗിക സ്ഥാനങ്ങളിൽനിന്നു മാറിനിന്നിട്ടും മരണംവരെ സഭാകാര്യങ്ങളിൽ അദ്ദേഹം കർമനിരതനായിരുന്നു എന്നിടത്താണ് ഈ ശൂന്യത സഭയിലാകെ അനുഭവപ്പെടുന്നത്.
ന്യൂനപക്ഷാവകാശ ധ്വംസനങ്ങളോ, ന്യൂനപക്ഷ വിദ്യാഭ്യാസാവകാശ നിഷേധങ്ങളോ ഉണ്ടായപ്പോഴൊക്കെ അദ്ദേഹം അവയ്ക്കെതിരേ ശാന്തഗംഭീരമായി ഗർജിച്ചു. ന്യൂനപക്ഷാവകാശങ്ങളൊക്കെയും ഭരണഘടനയിൽ അർഥശങ്കയ്ക്കിടയില്ലാത്തവിധം രേഖപ്പെടുത്തിയിട്ടുള്ളതാണെന്നും ഭരണാധികാരികളുടെ ഔദാര്യമല്ലെന്നും അദ്ദേഹം ശക്തിയുക്തം വാദിച്ചു. അവ സാധിതമാക്കുന്നതിനുവേണ്ടിയുള്ള അദ്ദേഹത്തിന്റെ കലഹം ഏതെങ്കിലുമൊരു രാഷ്ട്രീയകക്ഷിയോടോ ഭരണാധികാരിയോടോ മാത്രമായിരുന്നില്ല. അക്കാര്യങ്ങളിൽ ആരോടെങ്കിലും പ്രത്യേക എതിർപ്പോ വിരോധമോ ആ ഹൃദയത്തിൽ കാത്തുവച്ചതുമില്ല.
പവ്വത്തിൽ പിതാവിന്റെ ആ വാദങ്ങൾക്ക് ഉച്ചഭാഷിണിയായതു പലപ്പോഴും ദീപിക ദിനപത്രമായിരുന്നു എന്നതിൽ ദീപികയുടെ മുൻ ചീഫ് എഡിറ്റർ എന്ന നിലയിൽ എനിക്കഭിമാനമുണ്ട്. പിതാവിനെ അടുത്തറിഞ്ഞ ഒരാളെന്ന നിലയിൽ എനിക്കുറപ്പുള്ള ചില കാര്യങ്ങൾ പങ്കുവയ്ക്കട്ടെ. താൻ അഭിഷിക്തനാക്കപ്പെട്ടത് ഏതൊരു ദൗത്യത്തിനുവേണ്ടിയായിരുന്നു എന്ന ഉറച്ച ബോധ്യവും തന്നെ നിയോഗിച്ചവൻ എന്താവശ്യപ്പെടുന്നു എന്നതുമായിരുന്നുആ ചിന്താധാരകളെ നയിച്ചത്. അതിനുവേണ്ടിയായിരുന്നു നിലപാടുകളിലെ ആ ശാഠ്യങ്ങളത്രയും. പാവനമായ ആ കൈകളിലൂടെ ജപമാലമണികൾ ഉരുണ്ടുപോയത് അതിനുവേണ്ടിയായിരുന്നു.
കഴിഞ്ഞ 23ന് ആശുപത്രിയിൽവച്ച് ഇരുപതു മിനിട്ടോളം പിതാവിനോടൊപ്പം ചെലവഴിക്കാൻ സാധിച്ചു. പിതാവ് സാവധാനമാണല്ലോ സംസാരിക്കുക. എനിക്ക് എന്തെങ്കിലും മനസിലാകാതെ പോയാൽ സെക്രട്ടറിയച്ചൻ അതു പറഞ്ഞുതരും. കട്ടിലിൽ കിടക്കുന്പോൾ പിതാവിനു നേരേ കാണാൻ സാധിക്കുംവിധം പ്രതിഷ്ഠിച്ചിരിക്കുന്ന തിരുഹൃദയരൂപമുണ്ടു ഭിത്തിയിൽ. സെക്രട്ടറിയച്ചൻ പറഞ്ഞു: “ആ തിരുഹൃദയത്തിലേക്കു നോക്കി പിതാവ് സദാസമയവും സുകൃതജപം ചൊല്ലിക്കൊണ്ടാണിരിക്കുന്നത്.’’ അപ്പോൾ പുഞ്ചിരിച്ചുകൊണ്ട് ഞാൻ കൂട്ടിച്ചേർത്തു: “ഹൃദയം ഹൃദയത്തോടു സംസാരിക്കുന്നു...’’ സ്വതവേ പ്രസന്നമായ പിതാവിന്റെ മുഖം അതു കേട്ടതോടെ കൂടുതൽ പ്രകാശമാനമായി.
ദീപികയെ സ്നേഹിച്ച വ്യക്തി
സുഖമില്ലാതിരിക്കെ അകലെനിന്നു യാത്രചെയ്ത് പിതാവിനെ പോയി കാണാൻ എന്നെ പ്രേരിപ്പിച്ചത് ദൃഢമായൊരു ആത്മബന്ധമാണ്. ദീർഘകാലം ദീപികയിൽ ജോലിചെയ്യാൻ ഭാഗ്യം ലഭിച്ച ഒരു വ്യക്തിയെന്ന നിലയിൽ, ദീപികയെ ആത്മാർഥമായി സ്നേഹിച്ച ഒരു വ്യക്തിയെന്ന നിലയിൽ, ദീപികയെ അതിലേറെ സ്നേഹിക്കുകയും പ്രതിസന്ധികളിലും പ്രശ്നങ്ങളിലും ദീപികയ്ക്കൊരു കാവലാൾ എന്നതുപോലെ ഉറക്കമൊഴിച്ച് കരുതൽ നൽകുകയും ചെയ്ത മാർ പവ്വത്തിലുമായി എനിക്ക് ആത്മബന്ധമുണ്ടാവുക സ്വാഭാവികം മാത്രം. പിതാവിന്റെ സ്നേഹവും കരുതലും പ്രോത്സാഹനവും എപ്പോഴും എന്നോടൊപ്പമുണ്ടായിരുന്നു.
ചില വ്യക്തികളുമായി ബന്ധപ്പെടുക ധന്യമായ അനുഭവമാണ്. എന്നെ സംബന്ധിച്ചിടത്തോളം ആ ധന്യാനുഭവങ്ങളിൽ അതിപ്രധാനമാണ് ആർച്ച്ബിഷപ് മാർ പവ്വത്തിലുമായുള്ള ആത്മബന്ധം. ഒരുകാലത്ത് വളരെ ദൂരെനിന്നു മാത്രമാണ് അദ്ദേഹത്തെ കണ്ടിരുന്നത്. മാധ്യമങ്ങളുടെ ശക്തിയും വിലയും അറിയുന്ന ഒരു പിതാവ് എന്ന നിലയിലാണ്, മൂല്യബോധമുള്ള മാധ്യമങ്ങളുടെ പ്രസക്തിയെപ്പറ്റി അവബോധമുള്ള ഒരു പിതാവെന്ന നിലയിലാണ്, പവ്വത്തിൽ പിതാവിനെ പത്രപ്രവർത്തകനായ ഞാൻ അടുത്തറിയുന്നതും അതുമുതൽ ആദരിച്ചതും സ്നേഹിച്ചതും ബഹുമാനിച്ചതും.
1989ന്റെ ആദ്യപകുതി. സിഎംഐ സഭയുടെ കോട്ടയം സെന്റ് ജോസഫ്സ് പ്രോവിൻസിന്റെ ഉടമസ്ഥതയിലായിരുന്നു അന്ന് ദീപിക ദിനപത്രം. ദീപിക എല്ലാവരുടേതുമാണ്. എന്നാൽ, ആരുടേതുമല്ലാതായി. പത്രം സാന്പത്തിക പ്രതിസന്ധികൾ നേരിട്ടപ്പോൾ അതിനൊരു പോംവഴി കണ്ടെത്തേണ്ട ചുമതല ഉടമസ്ഥാവകാശം കൈയാളുന്നവരുടേതാണ് എന്നതിൽ തർക്കമില്ല. ദീപിക എങ്ങനെയായിരിക്കണമെന്ന് മറ്റെല്ലാവർക്കും അവരവരുടേതായ നിലപാടുകളിലൂന്നിയ അഭിപ്രായങ്ങളുണ്ട്. ഈ സാഹചര്യത്തിൽ, ഒരു സന്യാസസഭയിലെ ഒരു പ്രൊവിൻസിന്റെ സ്വന്തമായി, തികച്ചും പരിമിതമായ സാന്പത്തികാവസ്ഥയിൽ ദീപിക മുന്നോട്ടു പോകുന്നതിലും നല്ലത്, കേരളസഭയുടെ ഈ ജിഹ്വയെ സഭയ്ക്കു വിട്ടുകൊടുക്കുകയായിരിക്കും എന്നൊരു ചിന്ത സിഎംഐ കോട്ടയം പ്രവിശ്യാ സമൂഹത്തിലെ ചിലരിൽ വളർന്നുവന്നു. സാന്പത്തികപ്രതിസന്ധി അതിരൂക്ഷവും സങ്കീർണവുമായിരുന്ന ആ കാലഘട്ടത്തിൽ ദീപികയുടെ ഭരണത്തിനു ചുക്കാൻ പിടിച്ചിരുന്നത് മാനേജിംഗ് എഡിറ്റർ റവ. ഡോ. തോമസ് ഐക്കര ആയിരുന്നു. പ്രശ്നപരിഹാരത്തിന് അഭിപ്രായം തേടി അദ്ദേഹം ആദ്യം സമീപിച്ചത് പവ്വത്തിൽ പിതാവിനെയാണ്. പിതാവിന്റെ ഭാഗത്തുനിന്നുണ്ടായ സഹകരണത്തെപ്പറ്റി ഏറെ നന്ദിയോടെ ഐക്കരയച്ചൻ അനുസ്മരിക്കുന്നതു കേട്ടിട്ടുണ്ട്.
ആശ്വാസമേകുന്ന പിതാവ്
തോമസ് ഐക്കരയച്ചന്റെ നീക്കത്തിന് പവ്വത്തിൽ പിതാവ് സന്പൂർണ പിന്തുണയാണു നൽകിയത്. കൂട്ടായ ആലോചനയുടെ ഓരോ വേളയിലും പിതാവിന്റെ ഉപദേശനിർദേശങ്ങൾ അദ്ദേഹം സ്വീകരിച്ചുപോന്നു. ദീപികയെ സിഎംഐ സഭയിലെ ഒരു പ്രവിശ്യയുടെ മാത്രം സ്വന്തമായി നിറുത്താതെ കേരള സഭയ്ക്കു വിട്ടുകൊടുക്കുക എന്ന നിലപാട് ഒടുവിൽ ‘രാഷ്ട്രദീപിക ലിമിറ്റഡ്’ എന്ന കന്പനിയുടെ രൂപീകരണത്തിലും പിന്നീട് 1989 സെപ്റ്റംബർ 15-ലെ കൈമാറ്റത്തിലും കലാശിച്ചു. വിട്ടുകൊടുക്കാനുള്ള തീരുമാനം സിഎംഐ സമൂഹത്തിന്റേതായിരുന്നെങ്കിലും കേരളസഭ ഏറ്റെടുക്കുകയെന്ന തീരുമാനത്തിന്റെ പിന്നിലെ ശക്തി മാർ ജോസഫ് പവ്വത്തിൽ ആയിരുന്നു. കന്പനി രൂപീകരണത്തിനുവേണ്ട ഉപദേശനിർദേശങ്ങൾ നൽകിക്കൊണ്ട് തോമസ് ഐക്കരയച്ചനുമായി സഹകരിച്ച പവ്വത്തിൽ പിതാവിന് ദീപികയെപ്പറ്റി വലിയ സ്വപ്നങ്ങളാണുണ്ടായിരുന്നത്. കേരളസഭയുടെ തണലിൽ ദീപിക വളർന്നു വലുതാകണമെന്നായിരുന്നു പിതാവിന്റെ ആഗ്രഹം. സഭാ നേതൃത്വത്തിന്റെയും സഭയിലെ ആത്മീയ നേതൃത്വത്തിന്റെയും അല്മായ നേതൃത്വത്തിന്റെയും പിൻബലത്തോടെ സമൂഹത്തിന്റെ ആധികാരിക ശബ്ദമായി, ശക്തിയായി ദീപിക മാറുക എന്നതായിരുന്നു പിതാവിന്റെ സ്വപ്നമെന്നു ഞാൻ കരുതുന്നു.
1990ലാണ് ഞാൻ ദീപിക വിടുന്നത്. അധികാരികളുടെ നിർദേശാനുസരണം വൈദികശുശ്രൂഷയ്ക്കായി അമേരിക്കയിലേക്കു പോയി. അക്കാലത്ത് തപാലിൽ ദീപിക വരുത്തിയായിരുന്നു വായന. ദീപിക എക്കാലവും പിന്തുടർന്നിരുന്ന ചില ധാർമികമൂല്യങ്ങൾക്കു നിരക്കാത്ത പരസ്യങ്ങളും വാർത്തകളും ഫോട്ടോകളും ദീപികയിൽ സാധാരണമായപ്പോൾ ‘ഇത് എന്ത്’ എന്നു ചോദിക്കാനും, കത്തെഴുത്തുകളിലൂടെ എനിക്കു പരാതിപ്പെടാനും ഒരേയൊരു പിതാവേ ഉണ്ടായിരുന്നുള്ളൂ. അത് ഞാൻ അന്നും എന്നും സ്നേഹിച്ചിരുന്ന, വിശ്വസിച്ചിരുന്ന പവ്വത്തിൽ പിതാവായിരുന്നു. ചിലപ്പോൾ മൂർച്ചയേറിയ ഭാഷയിലെഴുതിയ കത്തുകൾക്കു പോലും, ആ കത്തുകളിലെ ആത്മാർഥത തിരിച്ചറിഞ്ഞ് മറുപടി അയച്ചിരുന്ന പിതാവിന്റെ വാത്സല്യവും സ്നേഹവും മാന്യതയും ഔദാര്യവും എനിക്കൊരിക്കലും മറക്കാനാവില്ല. അന്നു സംഭവിച്ചുകൊണ്ടിരുന്ന ഗുരുതരമായ ധർമച്യുതികൾ തിരുത്താൻ നടപടികൾ സ്വീകരിക്കും, അതിനായി തന്നാൽ സാധ്യമായതെല്ലാം ചെയ്യുമെന്നൊക്കെ മറുപടി തന്ന പിതാവിന്റെ ആ മാന്യത, ആ മഹാമനസ്കത എന്റെ ഓർമയിൽ ഇന്നും പച്ചകെടാതെ നിൽക്കുന്നു. അങ്ങനെയൊക്കെ സമരസപ്പെടാനും സമാശ്വസിപ്പിക്കാനും ഒരേയൊരു പവ്വത്തിൽ പിതാവിനു മാത്രമേ ആകൂ എന്നു ഞാൻ കരുതുന്നു.
ഈടുറ്റ ലേഖനങ്ങൾ
ദീപികയുടെ ചരിത്രത്തിലെ കാർമേഘാവൃതമായിരുന്ന ഒരു കാലഘട്ടം കഴിഞ്ഞ് സൂര്യോദയം സാധ്യമായ നാളുകളിൽ ജോസ് പന്തപ്ലാംതൊട്ടിയിലച്ചൻ ചീഫ് എഡിറ്റർ തസ്തികയിൽ ദീപികയിലേക്കു തിരിച്ചുവന്നു. മൂന്നു മാസത്തിനു ശേഷം അദ്ദേഹത്തിന് ആ സ്ഥാനത്തുനിന്നും വിരമിക്കേണ്ടിവന്നു. സിഎംഐ സഭയുടെ പ്രിയോർ ജനറാളായി ജോസച്ചൻ തെരഞ്ഞെടുക്കപ്പെട്ടതായിരുന്നു കാരണം. ആ സാഹചര്യത്തിലാണ് അഭിവന്ദ്യ പിതാക്കന്മാർ ദീപികയുടെ ചീഫ് എഡിറ്ററായി എന്നെ നിയോഗിച്ചതും 18 വർഷത്തെ സുദീർഘ ഇടവേളയ്ക്കു ശേഷം ഞാൻ ദീപികയിലേക്കു തിരിച്ചുവന്നതും.
ഇടതുപക്ഷ സർക്കാരിന്റെ ഭരണകാലം. ന്യൂനപക്ഷാവകാശ സംബന്ധമായും വിദ്യാഭ്യാസമേഖലയിലെ സ്വാശ്രയ കോളജ് പ്രശ്നങ്ങളുടെ പേരിലും കത്തോലിക്കാ സഭയെയും ന്യൂനപക്ഷ സ്ഥാപനങ്ങളെയും പ്രതിരോധത്തിലാക്കാൻ, ഇടതുപക്ഷ സർക്കാർ അവരുടെ ആവനാഴിയിലെ അസ്ത്രങ്ങൾ മുഴുവൻ എടുത്തു തൊടുത്തുകൊണ്ടിരുന്ന കാലം. ഈ അവസരത്തിൽ സമൂഹത്തിനു വ്യക്തമായ നിശാബോധം പകരാൻ ദീപികയിലേക്ക് മിക്കവരും ഉറ്റുനോക്കിയിരുന്നു. ആ ദൗത്യനിർവഹണത്തിൽ ദീപികയുടെ കരുത്തുറ്റകരവും സമുദായത്തിന്റെ ആധികാരിക ശബ്ദവുമായിരുന്ന പവ്വത്തിൽ പിതാവ് ചെയ്ത സേവനങ്ങൾ നിസീമമാണ്. ഓരോ പ്രശ്നങ്ങളുണ്ടാകുന്പോൾ ഒട്ടും വൈകാതെതന്നെ, വിഷയം ആഴമായി പഠിച്ച് അദ്ദേഹം എഴുതിയ ലേഖനങ്ങൾ ദീപികയുടെ എഡിറ്റോറിയൽ പേജിനെ ഈടുറ്റതാക്കി. ആ ലേഖനങ്ങൾ, അതിലെ വാദഗതികൾ, ആശയസന്പുഷ്ടത, യുക്തിഭദ്രത... ഒക്കെ എതിരാളികളുടെപോലും അഭിനന്ദനത്തിനു പാത്രമായി. ഇതര മതവിഭാഗങ്ങളിലെ നേതാക്കൾവരെ പവ്വത്തിൽ പിതാവ് എന്തെഴുതുന്നുവെന്ന് ശ്രദ്ധിക്കുകയും അദ്ദേഹത്തിന്റെ ശബ്ദത്തിന് സാകൂതം ചെവികൊടുക്കുകയും ചെയ്തു. “നിങ്ങൾക്ക് ഒരു പവ്വത്തിൽ പിതാവുണ്ടല്ലോ, ആശയസന്പന്നമായ നേതൃത്വം നൽകാൻ...’’ എന്ന രീതിയിൽ മറ്റു മതവിഭാഗക്കാർ സംസാരിക്കുന്നതു കേൾക്കാൻ സാധിച്ചപ്പോൾ, നമുക്ക് ഇങ്ങനെയൊരു നേതാവുണ്ടല്ലോ എന്നതിൽ അഭിമാനം കൊണ്ടിട്ടുണ്ട്.
വിമർശനങ്ങളൊന്നും അദ്ദേഹത്തെ ജീവിതദൗത്യങ്ങളിൽനിന്നു പിന്തിരിപ്പിച്ചില്ല. റിട്ടയർമെന്റിനു ശേഷവും അദേഹം ചിട്ടയായ ജീവിതം തുടർന്നു. സൃഷ്ടിപരമായ പ്രവർത്തനങ്ങളിലൂടെ ജീവിതത്തെ സന്പന്നമാക്കാൻ, ഉപകാരപ്രദമാക്കാൻ ആഗ്രഹിക്കുന്ന ആർക്കും വലിയൊരു മാതൃകയാണ് മാർ പവ്വത്തിൽ.ആ ജീവിതത്തിൽ കൃത്യനിഷ്ഠയുണ്ട്; വിനയാന്വിതമായ കാർക്കശ്യമുണ്ട്, ആരെയും ആകർഷിക്കുന്ന ആഭിജാത്യമുണ്ട്. സത്യം അംഗീകരിക്കാനും ഭീഷണികൾക്കു മുന്പിൽ മുട്ടുമടക്കാതിരിക്കാനുമുള്ള ആർജവവും ധീരതയുമുണ്ട്. എല്ലാ നന്മകളും ഒത്തുചേരുന്പോൾ ഉണ്ടാകുന്ന ലാവണ്യമുണ്ട്. ഇഷ്ടവും അനിഷ്ടവുമല്ല അദ്ദേഹത്തെ നയിക്കുക. ബോധ്യങ്ങളും ബോധ്യങ്ങളോടുള്ള വിട്ടുവീഴ്ചയില്ലാത്ത ഒത്തുചേരലും അദ്ദേഹത്തെ അനന്യനാക്കുന്നു. പുതുപ്പണക്കാരന്റെ ജാഡയും കൗശലമുദ്രിതമായ പെരുമാറ്റങ്ങളും തിരിച്ചറിയുന്ന അദ്ദേഹം സത്യമേതെന്ന് പക്ഷംചേരാതെ അന്വേഷിക്കുന്നു. അതുകൊണ്ടുതന്നെയാകാം അദ്ദേഹം എല്ലാവർക്കും ഏതവസരത്തിലും സംലഭ്യനായത്.
തലശേരി രൂപതയുടെ പ്രഥമ മെത്രാൻ മാർ സെബാസ്റ്റ്യൻ വള്ളോപ്പിള്ളി പിതാവ് സ്വന്തം ജീവിതാനുഭവങ്ങളിൽനിന്നും വ്യക്തിബന്ധത്തിൽനിന്നും പവ്വത്തിൽ പിതാവിനെപ്പറ്റി എഴുതിയ ഒരു കുറിപ്പുണ്ട്. അതിൽ അദേഹം പറയുന്നു. “അറിവിന്റെ അഹന്തയോ അധികാരത്തിന്റെ ഗർവ്വോ പുലർത്താത്ത അദ്ദേഹത്തെ സ്നേഹിക്കുന്നു...’’ പവ്വത്തിൽ പിതാവിനെ അടുത്തറിയുന്ന എല്ലാവരും ഇതിനോടു യോജിക്കും.
എന്റെ വൈദികജീവിതത്തിലും പത്രപ്രവർത്തന മേഖലയിലെ ഔദ്യോഗിക ജീവിതത്തിലും മാർ പവ്വത്തിൽ എനിക്ക് മാർഗദർശിയായിരുന്നു, പ്രോത്സാഹകനായിരുന്നു. താൻ ചെയ്യുന്നതും എഴുതുന്നതുമൊന്നും തിരുത്തലിനും എഡിറ്റിംഗിനും അതീതമാണെന്ന മിഥ്യാധാരണയൊന്നും അദ്ദേഹത്തിനില്ലായിരുന്നു. ആവശ്യമായ തിരുത്തലുകൾ വരുത്താനുള്ള പൂർണ സ്വാതന്ത്ര്യം എഡിറ്റർക്കു തരുന്ന വിനീത വ്യക്തിത്വമായിരുന്നു അദ്ദേഹത്തിന്റേത്. അഗാധവും പരപ്പാർന്നതുമായ അറിവിന്റെ മിഴിവാർന്ന ഈ ദീപശിഖ ഇനിയും ഏറെക്കാലം ജനലക്ഷങ്ങൾക്കു പ്രകാശമേകട്ടെ എന്നു പ്രാർഥിക്കുന്നു. പവ്വത്തിൽ പിതാവിന്റെ സ്വർഗയാത്രയിലേക്ക് എന്റെ ആദരാഞ്ജലികൾ...!