ഹിന്ദുത്വവും ജാതികളും
Monday, October 2, 2023 1:26 AM IST
അഞ്ചു നിയമസഭകളിലേക്ക് ഈവര്‍ഷം അവസാനവും പിന്നാലെ ലോക്സഭയിലേക്കുമുള്ള തെരഞ്ഞെടുപ്പ് അതിവേഗം സമീപിച്ചുകൊണ്ടിരിക്കേ ജനപ്രിയസ്വഭാവമുള്ള പരിപാടികളിലൂടെയും തന്ത്രങ്ങളിലൂടെയും വോട്ടര്‍മാരുടെ മനസ് കീഴടക്കാനുള്ള തിരക്കിലാണ് മുന്നണികള്‍.
ബിജെപിയുടെ (ഭാരതീയ ജനതാ പാര്‍ട്ടി) നേതൃത്വത്തിലുള്ള ദേശീയ ജനാധിപത്യസഖ്യവും (എന്‍ഡിഎ) ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള ‘ഇന്ത്യ’ മുന്നണിയും എതിര്‍വിഭാഗത്തെ നിലംപരിശാക്കുന്നതിനുള്ള ശ്രമങ്ങളിലാണ്. രണ്ടു മുന്നണികളെയും ചാണക്യതന്ത്രജ്ഞര് ഏറ്റവും ആകര്‍ഷകമായ പരിപാടികള്‍ രൂപപ്പെടുത്തുന്നതിനുള്ള തിരക്കുകളില്‍ മുഴുകിക്കഴിഞ്ഞു.
തെരഞ്ഞെടുപ്പ് യുദ്ധം അനായാസം പൂര്‍ത്തിയാക്കാനാകില്ലെന്ന് ദേശീയതലത്തിലുള്ള ഈ രണ്ട് രാഷ് ട്രീയസഖ്യങ്ങളും തിരിച്ചറിഞ്ഞുകഴിഞ്ഞു. അഭിപ്രായവ്യത്യാസങ്ങളും പടലപ്പിണക്കങ്ങളുമെല്ലാം മാറ്റിവച്ച് സമ്പൂര്‍ണ ഏകോപനത്തിലൂടെയും ശക്തിസമാഹരണത്തിലൂടെയും മറുപക്ഷത്തെ കീഴ്പ്പെടുത്തി ഭരണത്തിലെത്തുകയെന്ന ദൃഢനിശ്ചയത്തിലാണ് രണ്ടുപക്ഷവും.
പ്രതിപക്ഷ സഖ്യത്തിന്റെ ‘ഇന്ത്യ’ എന്ന പേരിനോടു പോരടിക്കാനായി രാജ്യത്തിന്റെ പേര് ഭാരത് എന്നാക്കി പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെ ആദ്യത്തെ നീക്കം നടത്തി.
സനാതന ധര്‍മം സാമൂഹ്യനീതിക്കും സമത്വത്തിനും എതിരാണെന്നും അതിനെ തുടച്ചുനീക്കേണ്ടതുണ്ടെന്നുമുള്ള തമിഴ്നാട് മന്ത്രി ഉദയനിധി സ്റ്റാലിന്റെ പ്രസ്താവന രാജ്യമെമ്പാടും ഒച്ചപ്പാടുണ്ടാക്കി. എന്‍ഡിഎ കക്ഷികളായിരുന്നു പ്രതിഷേധത്തിന്റെ മുന്‍നിരയില്‍. പിന്നാക്കവിഭാഗത്തിന്റെയും മറ്റുചില വിഭാഗങ്ങളുടെയും സാഹചര്യമാണ് ഉദയനിധിയുടെ പ്രസ്താവനയിലൂടെ വ്യക്തമാകുന്നതെന്ന് ബിജെപിയെ എതിര്‍ക്കുന്നവര്‍ പറയുന്നു. ഈ വിഭാഗത്തിന്റെ പിന്തുണയുള്ള ചില പാര്‍ട്ടികളും പ്രസ്താവനയെ സ്വാഗതം ചെയ്യുന്നു. എന്നാല്‍ വാദത്തെ ശക്തിയുക്തം എതിര്‍ക്കണമെന്നാണു ബിജെപിയിലെ ചില മുതിര്‍ന്ന നേതാക്കള്‍ അണികളോട് ആവശ്യപ്പെടുന്നത്. അധികാരചക്രത്തിന്റെ നിയന്ത്രണം ഇത്തരം ശക്തികള്‍ സ്വന്തമാക്കാതിരിക്കാന്‍ പ്രവര്‍ത്തകര്‍ ശ്രമിക്കണമെന്നും നേതാക്കൾ നിർദേശിക്കുന്നു.
വികസനത്തിന്റെയും അതുവഴിയുണ്ടാകുന്ന തൊഴിലവസരങ്ങളുടെയും ഖ്യാതി സ്വന്തമാക്കാന്‍ ശ്രമിക്കുന്ന ബിജെപിയുടെ മുതിര്‍ന്ന നേതാക്കള്‍പോലും ഹിന്ദുത്വ ആശയങ്ങള്‍ ഉയര്‍ത്തിക്കാട്ടാന്‍ അനുയായികളോട് ആഹ്വാനം ചെയ്യുകയാണ്. ഇതുവഴി പ്രതിപക്ഷത്തിന്റെ വെല്ലുവിളികളെ നേരിടാനാണു നീക്കം. അടുത്തവര്‍ഷം ആദ്യം അയോധ്യയിലെ രാമക്ഷേത്രം തുറക്കുന്നതും ഹൈന്ദവവോട്ടുകളുടെ ഏകീകരണവും മൂന്നാംതവണയും അധികാരത്തിലെത്തുന്നതിനു സഹായിക്കുമെന്ന് എന്‍ഡിഎ കരുതുന്നു. വികസനത്തെക്കുറിച്ചും തൊഴിലവസരങ്ങളുടെ വര്‍ധനയെക്കുറിച്ചും വലിയ അവകാശവാദങ്ങളുണ്ടെങ്കിലും രാജ്യവ്യാപകമായി അത് എത്തിയിട്ടില്ല എന്നതാണു യാഥാര്‍ഥ്യം.
എന്തായാലും അയോധ്യയിലെ പുതിയ സാഹചര്യങ്ങളുടെ പശ്ചാത്തലത്തില്‍ ഹൈന്ദവതയുടെ പുനരുജ്ജീവനം പോലുള്ള തന്ത്രങ്ങളിലൂടെ ഗുണമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് ബിജെപിയും എൻഡിഎയിലെ അവശേഷിച്ച കക്ഷികളും. ജി 20 സമ്മേളനത്തിലൂടെ മോദി കൈവരിച്ച പുതിയ പ്രതിച്ഛായയും ഇതേക്കുറിച്ച് ലോകമെമ്പാടും വന്ന പ്രതികരണങ്ങളുമാണ് മറ്റൊരു പ്രതീക്ഷ. എന്തായാലും പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതോടെ പുതിയ പ്രചാരണ, പൊതുജന സമ്പര്‍ക്ക പരിപാടികളിലൂടെ കൂടുതല്‍ മെച്ചപ്പെട്ട പ്രതിച്ഛായയ്ക്ക് ബിജെപി ദേശവ്യാപക ശ്രമം നടത്തും.
മറ്റൊരു നീക്കമാണ് നിയമനിര്‍മാണ സഭകളിലേക്കുള്ള സ്ത്രീസംവരണം. ലോക്സഭയിലും സംസ്ഥാന നിയമസഭകളിലും മൂന്നിലൊന്നു സംവരണത്തിലൂടെ സ്ത്രീകളുടെ പിന്തുണ ഉറപ്പിക്കുകയാണ് എന്‍ഡിഎ. ഇതില്‍ സംവരണത്തിനുള്ളില്‍ സംവരണം എന്നതിലൂടെ പട്ടികജാതി/പട്ടികവര്‍ഗ സ്ത്രീകള്‍ക്കും കൂടുതല്‍ അവസരങ്ങള്‍ ലക്ഷ്യമിടുന്നു. ആ വിഭാഗത്തിന്റെ പിന്തുണയും നിർണായകമാണെന്ന് എന്‍ഡിഎ കരുതുന്നു.
സ്ഥിതിഗതികള്‍ പെട്ടെന്നു മനസിലാക്കിയ ‘ഇന്ത്യ’ മുന്നണി നേതാക്കളും ഉണര്‍ന്നുപ്രവര്‍ത്തിച്ചു. പട്ടികജാതി -പട്ടികവര്‍ഗക്കാരുടെയും പിന്നാക്കവിഭാഗങ്ങളുടെയും പിന്തുണയുള്ള രാജ്യത്തെ വിവിധ ഭാഗങ്ങളിലുള്ള കക്ഷികളുമായി ധാരണയുണ്ടാക്കി. മറ്റൊരുതരത്തില്‍ പറഞ്ഞാല്‍ എന്‍ഡിഎയെ അധികാരത്തിലെത്തിച്ചത് ഈ വിഭാഗങ്ങളുടെ പിന്തുണയായിരുന്നു. ജാതിസര്‍വേ ഉള്‍പ്പെടെ ആവശ്യപ്പെട്ടതിനു പുറമേ സ്ത്രീസംവരണത്തില്‍ ശ്രദ്ധേയമായ നിര്‍ദേശങ്ങളും മുന്നോട്ടുവച്ചു. മറ്റു പിന്നാക്കജാതികളുടെ ക്ഷേമത്തിനുള്ള പോരാട്ടങ്ങളിലൂടെ ഈ വിഭാഗത്തിന്റെ പിന്തുണയാണ് ‘ഇന്ത്യ’ സഖ്യവും ലക്ഷ്യമിടുന്നത്.
വികസനത്തിലൂടെയും അതുവഴിയുള്ള തൊഴിലവസരങ്ങളിലൂടെയും ഈ വിഭാഗങ്ങളുടെ സാമ്പത്തികസ്ഥിതി മെച്ചപ്പെട്ടിട്ടില്ല എന്നതു മറ്റൊരു വസ്തുതയാണ്. വിലക്കയറ്റം ഉള്‍പ്പെടെ പ്രശ്നങ്ങള്‍ മൂലം അവര്‍ ഏറെ ബുദ്ധിമുട്ടുകയും ചെയ്യുന്നു. താക്കൂര്‍ വിഭാഗത്തിന്റെ മെച്ചപ്പെട്ട ജീവിതസാഹചര്യങ്ങള്‍ ചൂണ്ടിക്കാട്ടി ബിഹാറില്‍ ആര്‍ജെഡിയുടെ നേതൃത്വത്തില്‍ പുതിയ നിര്‍ദേശങ്ങള്‍ മുന്നോട്ടുവച്ചത് ഈ സാഹചര്യത്തിലാണ്. ഇതിനുപുറമേ യുപിയിലും മറ്റേതാനും സംസ്ഥാനങ്ങളിലും പിന്നാക്ക വിഭാഗങ്ങള്‍ക്കൊപ്പം പ്രവര്‍ത്തിക്കുന്ന കക്ഷികളുമായി തെരഞ്ഞെടുപ്പ് ധാരണയ്ക്കും ഇന്ത്യ മുന്നണി തയാറെടുക്കുന്നു.
നയപരമായി കൈകാര്യംചെയ്താല്‍ ഈ വോട്ടര്‍മാര്‍ ‘ഇന്ത്യ’ മുന്നണിക്ക് ഏറെ ഗുണംചെയ്യും. ക്രൈസ്തവരുടെയും മുസ് ലിം വിഭാഗങ്ങളുടെയും പൂര്‍ണപിന്തുണയുണ്ട് എന്നതാണ് മുന്നണിയുടെ മറ്റൊരു ശക്തി, പ്രത്യേകിച്ചും മണിപ്പുര്‍ സംഭവങ്ങള്‍ക്കുശേഷം. തെരഞ്ഞെടുപ്പില്‍ ഏറെ നിര്ണായകമാണിതും.
മറ്റൊരു വിഷയമാണ് പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനം. ചടങ്ങിലേക്ക് മുന്‍ പ്രസിഡന്റ് രാം നാഥ് കോവിന്ദിനെയും ഇപ്പോഴത്തെ പ്രസിഡന്റ് ദ്രൗപതി മുര്‍മുവിനെയും ക്ഷണിക്കാതിരുന്നതിന് രണ്ടു കാരണങ്ങളുണ്ടെന്ന് ഇന്ത്യ സഖ്യത്തിലെ ചില നേതാക്കള്‍ ആരോപിക്കുന്നു. ചടങ്ങിന് എത്തിയിരുന്നുവെങ്കില്‍ ഇവരായിരിക്കും പൂജ നിര്‍വഹിക്കേണ്ടിയിരുന്നത്. ചടങ്ങില്‍ പങ്കെടുക്കുന്നുണ്ടെങ്കില്‍, ചില ഉയര്‍ന്ന ജാതിക്കാര്‍ ഇതിനെ എതിര്‍ത്തേനെ. ഇതോടെ ഉദ്ഘാടനത്തിന്റെ മുഖ്യ ആകര്‍ഷണം പ്രധാനമന്ത്രി എന്നതില്‍നിന്ന് മാറിപ്പോകുമെന്നതാണ് രണ്ടാമത്തെ വിമര്‍ശനം. ഇന്ത്യയുടെ രാഷ്ട്രപതി എന്നതു പാർലമെന്റിന്റെ ഒരു ഭാഗമാണ്. പുതിയ പാര്‍ലമെന്റ് മന്ദിരത്തിലെ ചരിത്രപ്രധാനമായ ഒരു ചടങ്ങില്‍നിന്ന് അവരെ മാറ്റി നിര്‍ത്തുക എന്നതിനു വിശ്വാസയോഗ്യമായ വിശദീകരണം ആവശ്യമാണെന്നും നേതാക്കള്‍ പറയുന്നു.
തുടര്‍ച്ചയായി മൂന്നുതവണ അധികാരത്തിലെത്തുന്നത് ഭരണാധികാരികളെ ഏകാധിപത്യപ്രവണതയിലേക്കു നയിക്കുകയും സ്വതന്ത്രസമൂഹമെന്ന സങ്കല്‍പ്പത്തെ ദുര്‍ബലപ്പെടുത്തുമെന്നും ചില രാഷ് ട്രീയനിരീക്ഷകര്‍ കരുതുന്നു. അതെന്തുതന്നെയായാലും വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നതിനു വരുംമാസങ്ങളില്‍ ഇരുവിഭാഗവും മികച്ച തന്ത്രങ്ങളും ആസൂത്രണങ്ങളും രൂപപ്പെടുത്തുമെന്നതില് തര്‍ക്കമില്ല. ഒരുപക്ഷേ വരുംമാസങ്ങളില്‍ ഇക്കാര്യത്തില്‍ വ്യക്തമായൊരു ചിത്രം ലഭിച്ചേക്കാം. എല്ലാറ്റിനുമുപരിയായി തന്ത്രശാലിയെന്ന നിലയില്‍ അവസാന നിമിഷങ്ങളില്‍ അപ്രതീക്ഷിത നീക്കങ്ങള്‍ മോദി പുറത്തെടുക്കുമെന്നു പ്രതീക്ഷിക്കാം. കാത്തിരിക്കേണ്ടിവരുമെന്നുമാത്രം.
.ഉള്ളതു പറഞ്ഞാൽ / ഗോപാലകൃഷ്ണൻ