മരംവെട്ടൽ നിയമം ലൈസൻസ് രാജിലേക്കുള്ള മടക്കം
ഡോ. ജോസ് ജോസഫ്
Sunday, July 13, 2025 1:03 AM IST
കർഷകർ സ്വന്തം കൃഷിഭൂമിയിൽ നട്ടുവളർത്തുന്ന മരങ്ങൾ മുറിച്ചുമാറ്റുന്നതിന് കേന്ദ്ര വനം-പരിസ്ഥിതി-കാലാവസ്ഥാ വ്യതിയാന വകുപ്പ് മാതൃകാ നിയമം പുറത്തിറക്കി. കൃഷിഭൂമികളിൽ കാർഷിക വനവത്കരണം പ്രോത്സാഹിപ്പിക്കാനും മരം മുറിച്ചുമാറ്റൽ പ്രക്രിയ ലളിതമാക്കാനുമാണ് മാതൃകാ നിയമമെന്നാണ് കേന്ദ്രത്തിന്റെ വിശദീകരണം. ഈ വർഷം ഏപ്രിൽ 24നും മേയ് 19നും സംസ്ഥാനങ്ങളുമായി രണ്ടു വട്ടം വിശദമായ ചർച്ചകൾ നടത്തിയതിനു ശേഷമാണ് മരംമുറിക്കൽ മാതൃകാ നിയമം കേന്ദ്രം പുറത്തിറക്കിയത്. കൃഷിഭൂമിയിലെ മരംമുറിക്കലുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് നിലവിലുള്ള നിയമങ്ങൾകൂടി കണക്കിലെടുത്തുകൊണ്ട് മാതൃകാ നിയമം അംഗീകരിച്ച് വിജ്ഞാപനമിറക്കാനാണ് സംസ്ഥാനങ്ങൾക്ക് കേന്ദ്രം നൽകിയിരിക്കുന്ന നിർദേശം.
ലക്ഷ്യങ്ങൾ
വനത്തിനു പുറത്ത് വൃക്ഷാവരണം വർധിപ്പിക്കുന്നതിനും കാലാവസ്ഥാ വ്യതിയാനം നേരിടുന്നതിനും കൃഷിഭൂമിയിൽ കാർഷിക വനവത്കരണം പ്രോത്സാഹിപ്പിക്കണം. ഇതിനുവേണ്ടി കൃഷിഭൂമിയിൽനിന്നു മരം മുറിച്ചുമാറ്റുന്നതിനുള്ള നടപടിക്രമങ്ങൾ ലളിതമാക്കുകയാണ് മാതൃകാ നിയമത്തിന്റെ ലക്ഷ്യം. കാർഷിക വനവത്കരണത്തിലൂടെ മണ്ണിന്റെ ഫലപുഷ്ഠി വർധിപ്പിക്കുക, ജൈവവൈവിധ്യം സംരക്ഷിക്കുക, മണ്ണിൽ വെള്ളം പിടിച്ചുനിർത്തുക തുടങ്ങിയവയും പുതിയ നിയമത്തിന്റെ ലക്ഷ്യങ്ങളാണ്.
ഇന്ത്യ, തടി ഇറക്കുമതിയെ ആശ്രയിക്കുന്നത് കുറയ്ക്കുന്നതിനും പ്രാദേശികമായി ലഭിക്കുന്ന തടിയുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനും പുതിയ നിയമസംവിധാനം സഹായിക്കുമെന്ന് കേന്ദ്ര വനം-പരിസ്ഥിതി-കാലാവസ്ഥാ വ്യതിയാന വകുപ്പ് പറയുന്നു. മരം അടിസ്ഥാനമാക്കിയുള്ള വ്യവസായങ്ങളെ പിന്തുണയ്ക്കുക, രാജ്യത്തിന്റെ തടി വിതരണം മെച്ചപ്പെടുത്തുക, കർഷകർക്ക് പുതിയ വിപണി അവസരങ്ങൾ സൃഷ്ടിക്കുക, കർഷകരുടെ വരുമാനം വർധിപ്പിക്കുക എന്നിവയും ഇതിന്റെ ലക്ഷ്യങ്ങളാണ്. എന്നാൽ, കാർഷിക വനവത്കരണം സംരക്ഷിക്കാനെന്ന പേരിൽ കേന്ദ്രം കൊണ്ടുവന്നിരിക്കുന്ന നിയമം കർഷകരെ സങ്കീർണമായ നടപടിക്രമങ്ങളുടെ നൂലാമാലകളിൽ കുരുക്കുന്നതും ഉദ്യോഗസ്ഥ-ലൈസൻസ് രാജ് തിരികെ കൊണ്ടുവരുന്നതുമാണ്.
കർഷകർക്ക് അധികഭാരം
കൃഷിഭൂമിയിലെ മരം വെട്ടണമെങ്കിൽ കൈക്കൂലി നൽകേണ്ട സ്ഥിതിയുണ്ടായേക്കും. മരം നടുന്നതു മുതൽ മുറിക്കുന്നതു വരെയുള്ള നീണ്ട വർഷങ്ങളിൽ ഓരോ ഘട്ടത്തിലും വനം, റവന്യു, കൃഷി, തദ്ദേശ സ്വയംഭരണ വകുപ്പുകളിലെ ഉദ്യോഗസ്ഥരുടെ നിരന്തര നിരീക്ഷണത്തിനും കർശന പരിശോധനയ്ക്കും കർഷകർ വിധേയരാകും. വാണിജ്യാടിസ്ഥാനത്തിൽ വനവത്കരണത്തിൽ ഏർപ്പെട്ടിരിക്കുന്ന വൻകിടക്കാർക്ക് ബാധകമായ ചട്ടങ്ങൾ പുതിയ മാതൃകാ നിയമത്തിലൂടെ പാവപ്പെട്ട ചെറുകിട കർഷകരുടെമേൽ അടിച്ചേൽപ്പിച്ചിരിക്കുകയാണ് കേന്ദ്ര വനംവകുപ്പ്.
മരമെന്നതിന്റെ നിർവചനത്തിൽ പന വർഗങ്ങളും മരക്കുറ്റിയും കുറ്റിവൃക്ഷങ്ങളുമെല്ലാം ഉൾപ്പെടും. മരം വെട്ടിമാറ്റുന്നതും മരത്തിന് വളയമിടുന്നതും കത്തിച്ചു നശിപ്പിക്കുന്നതും വേരോടെ പിഴുതു മാറ്റുന്നതും രാസവസ്തു ഉപയോഗിച്ച് നശിപ്പിക്കുന്നതുമെല്ലാം മരംവെട്ടലിന്റെ നിർവചനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. തടി അധിഷ്ഠിത വ്യവസായങ്ങൾക്കുവേണ്ടി 2016ൽ പ്രസിദ്ധീകരിച്ച മാർഗനിർദേശങ്ങളുടെ അടിസ്ഥാനത്തിൽ രൂപീകരിച്ച സംസ്ഥാന തല കമ്മിറ്റിക്കാണ് സംസ്ഥാനത്ത് മാതൃകാ നിയമം നടപ്പാക്കാനുള്ള അധികാരം. കമ്മിറ്റിയിൽ നിലവിലുള്ള അംഗങ്ങൾക്കു പുറമെ റവന്യു, കൃഷി വകുപ്പു പ്രതിനിധികളെക്കൂടി ഉൾപ്പെടുത്താനാണ് മാതൃകാ നിയമത്തിലെ നിർദേശം. ഫലത്തിൽ, തടി അടിസ്ഥാനമാക്കിയുള്ള വൻകിട വ്യവസായങ്ങൾക്ക് ബാധകമായ അതേ നിയന്ത്രണ സംവിധാനം കൃഷിഭൂമിയിൽ വൃക്ഷങ്ങൾ നടുന്ന ചെറുകിട കർഷകർക്കും ബാധകമാക്കിയിരിക്കുകയാണ് കേന്ദ്രസർക്കാർ. ഇത് കർഷകരിൽ അധികഭാരം അടിച്ചേൽപ്പിക്കുന്നതും അവരെ ഒരു വിധത്തിലും സഹായിക്കാത്തതുമാണ്.
കർശന നിബന്ധനകൾ
മാതൃകാ നിയമപ്രകാരം പറമ്പിൽ മരം വളർത്തുന്ന കർഷകൻ നാഷണൽ ടിംബർ മാനേജ്മെന്റ് പോർട്ടലിൽ വിവരം രജിസ്റ്റർ ചെയ്യണം. ആദ്യമായാണ് കർഷകൻ മരം നടുന്നത് ദേശീയ പോർട്ടലിൽ രജിസ്റ്റർ ചെയ്തിരിക്കണമെന്ന കർശന നിബന്ധന കേന്ദ്രം ഏർപ്പെടുത്തുന്നത്. ഭൂമിയുടെ ഉടമസ്ഥാവകാശം, ഭൂമി എവിടെ സ്ഥിതി ചെയ്യുന്നു, ഓരോ ഇനത്തിലും പെട്ട എത്ര മരങ്ങൾ നട്ടു, നട്ട മാസവും വർഷവും, തൈയുടെ ശരാശരി ഉയരം തുടങ്ങിയ വിവരങ്ങൾ ഈ പോർട്ടലിൽ അപ്ലോഡ് ചെയ്യണം. തൈ നടുമ്പോൾ മാത്രമല്ല, മരം വളർന്നുവരുന്ന ഓരോ ഘട്ടത്തിലും വിശദാംശങ്ങൾ ഈ പോർട്ടലിൽ ചേർത്തുകൊണ്ടേയിരിക്കണം.
ഇതുവരെയില്ലാത്ത കഠിന നിബന്ധനകളാണ് മാതൃകാ നിയമത്തിൽ എഴുതി ചേർത്തിരിക്കുന്നത്. ഇതിലൂടെ ദേശീയ തലത്തിലും പ്രാദേശിക തലത്തിലും വനം വകുപ്പിന്റെ നിരീക്ഷണത്തിന് കർഷകർ വിധേയരാകും. രജിസ്റ്റർ ചെയ്യാതെ മരങ്ങൾ മുറിക്കാനാവില്ലെന്ന സ്ഥിതിയുണ്ടാകും. ഇതിനു പുറമെ ദൃശ്യപരമായ തിരിച്ചറിയലിനുവേണ്ടി കർഷകർ നിർബന്ധമായും മരത്തിന്റെ ജിയോടാഗ് ചെയ്ത കെഎൽഎം ഫയലുകളും ചിത്രങ്ങളും പോർട്ടലിൽ നൽകണം. ഈ വിവരങ്ങളുടെ കൃത്യത ഉറപ്പാക്കാൻ വനം, കൃഷി, തദ്ദേശ സ്വയംഭരണ വകുപ്പ് ഉദ്യോഗസ്ഥർ കൃഷി ഭൂമി പരിശോധിക്കും. പറമ്പിൽ മരം നട്ടു എന്ന ഒറ്റക്കാരണത്താൽ ഈ വകുപ്പുകളിലെ ഉദ്യോഗസ്ഥരോട് കർഷകർ നിരന്തരം ഉത്തരം പറയേണ്ടി വരും.
പരിശോധനയ്ക്കും പെർമിറ്റിനും വേരിഫൈയിംഗ് ഏജൻസി
പരിശോധനാ ഏജൻസി (വേരിഫയിംഗ് ഏജൻസി) എന്ന പേരിൽ മരം മുറിക്കാനുള്ള കർഷകരുടെ അപേക്ഷകൾ വിലയിരുത്താൻ ഒരു പുതിയ ഏജൻസിക്ക് കൂടി മാതൃകാ നിയമം വ്യവസ്ഥ ചെയ്യുന്നു. സംസ്ഥാനതല സമിതിയാണ് ഈ ഏജൻസിയെ എംപാനൽ ചെയ്യുന്നത്. ഇത് സർക്കാർ ഏജൻസിയോ സ്വകാര്യ ഏജൻസിയോ ആകാം. ഈ മേഖലയിൽ വൈദഗ്ധ്യമുണ്ടായിരിക്കണമെന്നു മാത്രം. കൃഷിക്കാരുടെ പുരയിടം സന്ദർശിച്ച് റിപ്പോർട്ട് നൽകാൻ ഈ ഏജൻസി ഓഡിറ്റർമാരെ നിയമിക്കും. ഓഡിറ്റർമാർ പരിശോധിച്ചു നൽകുന്ന റിപ്പോർട്ടിന് ശേഷം മാത്രമേ കർഷകന് മരം മുറിക്കാനുള്ള പെർമിറ്റ് ലഭിക്കുകയുള്ളൂ.
പെർമിറ്റ് നൽകുന്നതും പരിശോധനാ ഏജൻസിയാണ്. എത്ര മരം വെട്ടാമെന്നും ഏതളവിൽ വെട്ടാമെന്നും തീരുമാനമെടുക്കുന്നത് വേരിഫൈയിംഗ് ഏജൻസിയാണ്. കർഷകന് ഇക്കാര്യത്തിൽ സ്വതന്ത്ര തീരുമാനമെടുക്കാനാവില്ല. ഡിഎഫ്ഒയുടെ നിയന്ത്രണത്തിലാണ് പരിശോധനാ ഏജൻസിയുടെ പ്രവർത്തനം. അഴിമതിക്കും കർഷകദ്രോഹത്തിനും ലൈസൻസ് രാജിനും വഴിതെളിക്കുന്നതാണ് മരംവെട്ട് പെർമിറ്റിന് പുതിയ ഏജൻസിയെ നിയമിക്കാനുള്ള വ്യവസ്ഥ.
പത്തിൽ താഴെ മരങ്ങളാണ് മുറിക്കുന്നതെങ്കിൽ പരിശോധനാ ഏജൻസിയുടെ അംഗീകാരം വേണ്ട. നാഷണൽ ടിംബർ മാനേജ്മെന്റ് സിസ്റ്റത്തിലേക്ക് കർഷകൻ ഓൺലൈനായി അപേക്ഷ നൽകണം. മരത്തിന്റെ ചിത്രവും ചുറ്റളവും ഉൾപ്പെടെയുള്ള വിശദ വിവരങ്ങളും അപ്ലോഡ് ചെയ്യണം. ഇതിന്റെ അടിസ്ഥാനത്തിൽ മരം മുറിക്കാനുള്ള പെർമിറ്റ് പോർട്ടലിൽനിന്ന് സ്വമേധയാ ഓൺലൈനായി കർഷകർക്ക് ലഭിക്കും. മരം മുറിച്ചതിനു ശേഷം മരക്കുറ്റികളുടെ ചിത്രങ്ങൾ കർഷകർ പോർട്ടലിലേക്ക് അപ് ലോഡ് ചെയ്യണം.
അപ്പീലിന് വ്യവസ്ഥയില്ല
കേന്ദ്രത്തിലെയും സംസ്ഥാനങ്ങളിലെയും വനം ഉദ്യോഗസ്ഥർ തയാറാക്കിയതാണ് മാതൃകാ മരംവെട്ടൽ നിയമം. കേന്ദ്രം റദ്ദാക്കിയ മൂന്ന് വിവാദ കാർഷിക നിയമങ്ങൾപോലെ ഇതിലും കർഷക സംഘടനകളുടെയും ജനപ്രതിനിധികളുടെയും അഭിപ്രായം ആരാഞ്ഞിട്ടില്ല. ഐക്യരാഷ്ട്രസഭയുടെ സുസ്ഥിര വികസന ലക്ഷ്യങ്ങളും പാരീസ് കാലാവസ്ഥാ ഉടമ്പടിയിലെ ഹരിതഗൃഹ വാതക വിസർജനം കുറയ്ക്കുന്നതിനുള്ള ലക്ഷ്യങ്ങളും നേടുന്നതിന് കേന്ദ്രസർക്കാരിന് വനത്തിന് പുറത്തുള്ള വൃക്ഷാവരണം 2030ന് മുമ്പ് വൻതോതിൽ വർധിപ്പിക്കണം. കൃഷിഭൂമിയിൽ നടുന്ന ഓരോ മരത്തിന്റെയും കണക്ക് ദേശീയ ടിംബർ മാനേജ്മെന്റ് രജിസ്ട്രിയിൽ ചേർക്കുന്നത് ഇതുസംബന്ധിച്ച ദേശീയ കണക്കുകൾ തയാറാക്കാൻ കേന്ദ്ര വനംവകുപ്പിന് സഹായകമാകും.
നിയമത്തിന്റെ ആമുഖത്തിൽ പ്രസ്താവിച്ചിരിക്കുന്ന ലക്ഷ്യങ്ങൾ വളരെ വിശാലവും ആകർഷകവുമാണ്. എന്നാൽ, കൃഷിഭൂമിയിൽ മരം നട്ടുപിടിപ്പിക്കുന്ന കർഷകന് സർക്കാർ ഒരു സാമ്പത്തിക സഹായവും ചെയ്യുന്നില്ല. പരാതികളുണ്ടെങ്കിൽ കർഷകന് അപ്പീൽ സമർപ്പിക്കാനും വ്യവസ്ഥയില്ല. ഏതു മരം വെട്ടാമെന്നും എത്ര അളവിൽ വെട്ടാമെന്നുമുള്ള ഉദ്യോഗസ്ഥരുടെ തീരുമാനം ചോദ്യം ചെയ്യാതെ കർഷകൻ അംഗീകരിക്കേണ്ടിവരും. മാതൃകാ മരംവെട്ടൽ നിയമം സങ്കീർണമായ നടപടിക്രമങ്ങളിൽ കർഷകരെ കുരുക്കും. ഉദ്യോഗസ്ഥ ദുഷ്പ്രഭുത്വത്തിന്റെ അഴിമതിക്കും ഭീഷണികൾക്കും കർഷകൻ വഴങ്ങേണ്ടിവരും. നട്ടുവളർത്തുന്ന മരം യഥേഷ്ടം മുറിച്ചുമാറ്റാൻ കർഷകന് സ്വാതന്ത്ര്യം നൽകുന്ന നിയമമാണ് നടപ്പാക്കേണ്ടത്.
(കേരള കാർഷിക സർവകലാശാലാ മുൻ പ്രഫസറാണ് ലേഖകൻ)