കാർഷികസമൃദ്ധിയുടെയും സ്ത്രീശക്തീകരണത്തിന്റെയും ‘റോസ് മിഷൻ’
സീനോ സാജു
Monday, August 11, 2025 12:19 AM IST
മധ്യപ്രദേശിലെ റെയ്സെൻ ജില്ലയിലെ കർഷകനാണ് രാംഗോപാൽ. കൃഷി മാത്രം ജീവിതമായ ഒരു ഗ്രാമവാസി. തലമുറകളായി മണ്ണിൽ പണിയെടുക്കുന്ന കുടുംബം. ആകെയുള്ളത് അഞ്ചേക്കർ കൃഷിഭൂമി. ഇവിടത്തെ കർഷകരെ സംബന്ധിച്ച് ഓരോ സീസണും ഓരോ പരീക്ഷണമാണ്.
മഴക്കാലത്ത് ഏറെ പ്രതീക്ഷയോടെയാണ് സോയാബീൻ വിതയ്ക്കുക. നന്നായി വിളവു ലഭിച്ചാൽ കുട്ടികൾക്കു നല്ല വിദ്യാഭ്യാസം നല്കാം, കടങ്ങളെല്ലാം വീട്ടാം എന്നിങ്ങനെ സാധാരണ മനുഷ്യരുടെ മോഹങ്ങളെല്ലാം അവർക്കുമുണ്ട്. എന്നാൽ എപ്പോഴും ഇതൊന്നും സംഭവിക്കണമെന്നില്ല. മഴ ചതിച്ച വർഷങ്ങളുണ്ട്; കൂട്ടത്തോടെ രോഗം വന്ന് വിളകൾ നശിച്ച കാലമുണ്ട്. അപ്പോഴാണീ കർഷകർ ശരിക്കും നിസഹായരാകുക.
“എങ്കിലും ശൈത്യകാലത്ത് ഞങ്ങൾ സന്തോഷമുള്ളവരാണ്.’’രാംഗോപാൽ പറയുന്നു. അപ്പോഴാണ് ശർബതി ഗോതന്പുകൃഷി. രാജ്യത്തിന്റെ അഭിമാനമായ ഗോതന്പിനമാണിത്. ഈ ജില്ലകളിലെ കറുത്ത എക്കൽമണ്ണ് ശർബതിക്ക് തികച്ചും അനുയോജ്യമാണ്.
“നല്ല വിത്തുവാങ്ങി നല്ലപോലെ വളവും വെള്ളവും നല്കി നന്നായി പരിപാലിച്ച് വിളവെടുപ്പിന്റെ സമയമാകുന്പോഴേക്ക് ഗോതന്പുകതിരുകൾ സ്വർണംപോൽ തിളങ്ങും. അതു നല്കുന്ന ആനന്ദം പറഞ്ഞറിയിക്കാനാകാത്തതാണ്-’’രാംഗോപാൽ വീണ്ടും മനസ് തുറന്നു.

പക്ഷേ ആ സന്തോഷമൊന്നും അധികനാൾ ഉണ്ടാകില്ല. അവരുടെ ‘കതിരുതിർപ്പൂപ്പുഞ്ചിരി ചെഞ്ചുണ്ടിൽ’നിന്നടരാൻ അധികസമയം വേണ്ട. വിളവെടുപ്പ് കഴിഞ്ഞ് മാർക്കറ്റിൽ ചെന്നാൽ വിലയില്ല. അതോടെ പുഞ്ചിരിപ്പാടം കണ്ണീർപ്പാടമാകും. സംഭരണശാലകളില്ല. കച്ചവടക്കാർ പറയുന്ന വിലയ്ക്ക് വിള കൊടുത്ത് ഭാരിച്ച മനസോടെ വീട്ടിലേക്കു മടക്കം.
ഗുലാബ്ഗഞ്ജിലെ റോസാപ്പൂ
ഇതുപോലെ കഷ്ടപ്പെടുന്ന, മണ്ണിനെ അങ്ങേയറ്റം സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന കർഷകർക്കിടയിലേക്കാണ് സാഗർ രൂപതയിലെ ഗുലാബ്ഗഞ്ജിലെ റോസ് മിഷൻ എത്തുന്നത്. തീരെ ചെറിയ, ദരിദ്രരായ കർഷകർക്കുവേണ്ടി മൂന്നു ഗ്രൂപ്പുകൾ ഉണ്ടാക്കിയിട്ടുണ്ട്. ഇതിൽ 38 കർഷകർ അംഗങ്ങളാണ്.
ഇവർ സ്വന്തമായി പണം സ്വരൂപിക്കുകയും ആവശ്യത്തിനു വായ്പയെടുക്കുകയും അത് തിരിച്ചടയ്ക്കുകയും ചെയ്യുന്നു. ഈ സ്വരുക്കൂട്ടലിലൂടെ വിത്ത്, വളം, മരുന്ന്, ജലസേചനം, ഉഴവ്, വിതയ്ക്കൽ, വിളവെടുപ്പ് തുടങ്ങിയ കാർഷിക ആവശ്യങ്ങൾ ബുദ്ധിമുട്ടില്ലാതെ നിറവേറ്റുന്നു. ഇതിലൂടെ കർഷകരുടെ പ്രശ്നങ്ങളും ഉത്കണ്ഠകളും കുറയ്ക്കാനാകുന്നു. വലിയ ഭൂവുടമകളെ ആശ്രയിക്കാതെ അവർക്ക് സ്വന്തമായി കാര്യങ്ങൾ കൈകാര്യം ചെയ്യാനും സാധിക്കുന്നു.
സാഗർ രൂപതയുടെ കീഴിൽ ഗുലാബ്ഗഞ്ചിൽ 2019ലാണ് റോസ് മിഷൻ ആരംഭിക്കുന്നത്. വിദിഷ, റെയ്സെൻ ജില്ലകളിലെ 15 ഗ്രാമങ്ങളിലും വിദിഷ, നട്ടേരാൻ, ഗഞ്ച് ബസോഡ, ഗ്യാരസ്പൂർ, സാഞ്ചി എന്നീ ബ്ലോക്കുകളിലുമായാണ് പ്രവർത്തനം.
ധാന്യബാങ്കുകളും വിത്ത് ബാങ്കുകളും
വിളകൾ വളർച്ചയുടെ ആദ്യഘട്ടത്തിലായിരിക്കുന്ന കനത്ത മഴക്കാലത്ത്, പ്രത്യേകിച്ച് ജൂലൈ, ഓഗസ്റ്റ് മാസങ്ങളിൽ, ഭക്ഷ്യധാന്യപ്രതിസന്ധി വളരെ രൂക്ഷമാണ്. കൂടാതെ കടുത്ത തണുപ്പു കാരണം ഒരു ജോലിയും ലഭിക്കാത്ത ജനുവരി, ഫെബ്രുവരി മാസങ്ങളിൽ അവർ പ്രാദേശിക ഭൂവുടമകളിൽനിന്നും സമ്പന്നരും ഉയർന്ന ജാതിക്കാരുമായ കർഷകരിൽനിന്നും ഭക്ഷ്യധാന്യങ്ങൾ കടംവാങ്ങാൻ നിർബന്ധിതരാകുന്നു.
ഒരു ക്വിന്റൽ ധാന്യം കടം വാങ്ങിയാൽ ഒന്നര ക്വിന്റൽ തിരികെ നൽകണം.
ചിലപ്പോൾ ഇത്തരം സമ്പ്രദായങ്ങൾ അവരെ കൂടുതൽ ദുർബലരാക്കും. വീണ്ടും വീണ്ടും ഭൂവുടമകളെ ആശ്രയിക്കാൻ നിർബന്ധിതരാക്കുകയും ചെയ്യും. കൃത്യസമയത്തു പണം തിരിച്ചടയ്ക്കാൻ സാധിക്കാതെ വന്നാൽ, അവർക്ക് ഭൂവുടമകളുടെ കൃഷിയിടത്തിൽ പണിയെടുക്കേണ്ടിവരും. അങ്ങനെ അവർ അടിമപ്പണിക്കാരായി മാറുന്നു. ഈ അവസ്ഥ കണ്ടാണ് റോസ് മിഷൻ 12 ഗ്രാമങ്ങൾക്കായി 10 ധാന്യ ബാങ്കുകൾ സ്ഥാപിച്ചത്. 260 കുടുംബങ്ങൾ ഈ ധാന്യബാങ്കുകളിൽനിന്ന് നേരിട്ടു പ്രയോജനം നേടുന്നു.
കാഴ്ചപ്പാട്
വിശപ്പും വീടില്ലാത്ത അവസ്ഥയും മാത്രമല്ല ദാരിദ്ര്യം എന്നതാണ് മിഷന്റെ കാഴ്ചപ്പാട്. സ്നേഹരാഹിത്യവും തിരസ്കാരവും തൊട്ടുകൂടായ്മയും മറ്റുമാണ് ഏറ്റവും വലിയ ദാരിദ്ര്യം. ഈ ഉന്നതമായ നിലപാടിൽനിന്നാണ് “എല്ലാവരാലും അംഗീകരിക്കപ്പെടുകയും ആദരിക്കപ്പെടുകയും ജീവിതത്തിന്റെ എല്ലാ മേഖലകളിലും തുല്യ അവസരങ്ങൾ ലഭിക്കുകയും മാന്യമായ ജീവിതം നയിക്കാൻ വേണ്ട നീതി ലഭിക്കുകയും ചെയ്യുന്ന ഒരു സമൂഹം കെട്ടിപ്പടുക്കുക’’എന്ന ലക്ഷ്യം റോസ് മിഷൻ മുന്നോട്ടുവയ്ക്കുന്നത്.
‘ദരിദ്രരും പാർശ്വവത്കരിക്കപ്പെട്ടവരും വിവേചനം നേരിടുന്നവരും നിരാലംബരുമായ ആളുകൾക്ക് സുസ്ഥിരമായ ഉപജീവനവും മാനുഷിക അന്തസും സ്ഥാപിക്കാൻ ജനകീയ സംഘടനകൾ (സ്വയംസഹായ സംഘങ്ങൾ, ഫെഡറേഷനുകൾ, വില്ലേജ് ഡെവലപ്മെന്റ് കമ്മിറ്റികൾ) രൂപീകരിക്കുന്നതിലൂടെയും വിവരവിതരണത്തിലൂടെയും അഭിഭാഷകത്വത്തിലൂടെയും അവരെ ശക്തീകരിക്കുക’എന്ന ദൗത്യത്തിലേക്കാണ് മിഷൻ എത്തിച്ചേർന്നത്.
പർധി, മോഗിയ, കഞ്ചർ, ബേദിയ, ലവാരിയ, കലാവത് തുടങ്ങിയ സമുദായങ്ങളിലും ഗോണ്ട്, സഹാരിയ ഗോത്രങ്ങളിലും മിഷൻ കരുണയുടെ കരങ്ങളുമായി എത്തുന്നുണ്ട്.
പർധി, കഞ്ചർ
ഈ സമുദായക്കാർ ഗുൽഗാവ്, പർധിപുര എന്നീ ഗ്രാമങ്ങളിൽ നിന്നുള്ളവരാണ്. ഏകദേശം 100 കുടുംബങ്ങളും 560 പേരുമാണ് ഇവരുടെ ആകെ ജനസംഖ്യ. ഇവർ ഒരു ‘ക്രിമിനൽ ഗോത്ര’ വിഭാഗമാണ്. പുരുഷന്മാർ ഉപജീവനമാർഗത്തിനായി മോഷണം, കൊള്ള, ചാരായംവാറ്റ് എന്നിവയിൽ ഏർപ്പെടുന്നു. സ്ത്രീകൾക്ക് കൃത്രിമ പൂക്കൾ ഉണ്ടാക്കുന്നതിനുള്ള അത്ഭുതകരമായ കഴിവുണ്ട്, അവർ ഇത് വിവിധ മേളകളിൽ വിൽക്കുന്നു. ഇവർ വലിയ വിവേചനം നേരിടുന്ന നാടോടികളാണ്.
ബേദിയ / ലവാരിയ / കലാവത്
ഈ സമുദായങ്ങളുടെ പ്രധാന ഉപജീവനമാർഗം ജാതി അടിസ്ഥാനമാക്കിയുള്ള ലൈംഗിക തൊഴിലാണ്. അവരുടെ പെൺകുട്ടികളും സ്ത്രീകളും ‘നൃത്തത്തിലും ലൈംഗിക തൊഴിലിലും’ ഏർപ്പെടുന്നു. ഇത് സാമൂഹികമായി അംഗീകരിക്കപ്പെട്ട ഒരു ആചാരമാണ്. 14-15 വയസുള്ള ചെറിയ പെൺകുട്ടികൾ അവരുടെ ശരീരവ്യാപാരം തുടങ്ങുന്നു. പുരുഷന്മാർ ഒന്നും ചെയ്യുന്നില്ല. അവരുടെ പങ്ക് ഇടനിലക്കാരന്റെയും ഏജന്റിന്റെയും മാത്രമാണ്. അവർക്കു മറ്റൊരു ഉപജീവനമാർഗവുമില്ല. വളരെ കുറച്ചുപേർ കൃഷിയും ചെയ്യുന്നുണ്ട്.
സ്ത്രീ ശക്തീകരണം
സ്വയംസഹായ സംഘങ്ങൾ രൂപീകരിക്കുന്നതിലൂടെയും പ്രോത്സാഹിപ്പിക്കുന്നതിലൂടെയുമാണ് സ്ത്രീശക്തീകരണത്തിലേക്കു നീങ്ങുന്നത്. 40 സ്വയംസഹായ സംഘങ്ങളാണ് സത്രീകൾക്കിടയിൽ പ്രവർത്തിക്കുന്നത്. പിന്നാക്ക വിഭാഗങ്ങളിൽപ്പെട്ട 480 പേർ അംഗങ്ങളാണ്. ഈ സംഘങ്ങളെല്ലാം സർക്കാർ പദ്ധതിയായ ദേശീയ ഗ്രാമീണ ഉപജീവന മിഷനിൽ (എൻആർഎൽഎം) രജിസ്റ്റർ ചെയ്തിട്ടുണ്ട്. 140 സ്ത്രീകൾ നേരിട്ടു വരുമാനം ഉണ്ടാക്കുന്ന പ്രവർത്തനങ്ങളിലേർപ്പെട്ടിരിക്കുന്നു. അവയിൽ ചെറിയ കടകൾ, മൃഗസംരക്ഷണം (ആട്, പശു, എരുമ വളർത്തൽ), തയ്യൽ, മണിഹാരി കടകൾ, പലചരക്ക് കടകൾ, ഇഷ്ടിക നിർമാണം, സാനിറ്ററി പാഡുകൾ വീണ്ടും പാക്ക് ചെയ്യൽ എന്നിവ ഉൾപ്പെടുന്നു.
ഗരിമകേന്ദ്രങ്ങൾ
മികച്ച വിദ്യാഭ്യാസം നേടാൻ യുവജനങ്ങളെ സഹായിക്കുന്നതിനായി ആറു ഗ്രാമങ്ങളിൽ ആറു ‘ഗരിമ കേന്ദ്രങ്ങൾ’(ഡിഗ്നിറ്റി സെന്റർ അഥവാ കോച്ചിംഗ് സെന്റർ) സ്ഥാപിച്ചു. ഒന്നു മുതൽ എട്ടാം ക്ലാസ് വരെയുള്ള 210 കുട്ടികൾ ഈ കേന്ദ്രങ്ങളിലുണ്ട്. ഇവിടെ അക്കാദമിക് വിദ്യാഭ്യാസത്തോടൊപ്പം കുട്ടികളെ നല്ല പെരുമാറ്റം, ശുചിത്വം, ആരോഗ്യം, കുട്ടികളുടെ അവകാശങ്ങൾ, സാമൂഹിക, ധാർമിക, രാഷ്ട്രീയ മൂല്യങ്ങൾ എന്നിവ പഠിപ്പിക്കുന്നു. എല്ലാ ദിവസവും പഠനത്തിന്റെ പ്രാധാന്യം അവരെ പഠിപ്പിക്കുന്നു. ഈ കേന്ദ്രങ്ങൾ ഉന്നതപഠനത്തിനായി അവരെ തയാറാക്കുകയും ചെയ്യുന്നു.
നേട്ടങ്ങൾ
മിഷന്റെ പ്രവർത്തനങ്ങളിലൂടെ സ്ത്രീകൾക്കും കർഷകർക്കും ആത്മവിശ്വാസവും സാമൂഹികാംഗീകാരവും അന്തസും ലഭിച്ച കാര്യം സിസ്റ്റർ ദൊറോത്തി ബെക്ക് എടുത്തുപറയുന്നു. “ഞങ്ങളുടെ ഇടപെടൽമൂലം കാർഷിക ഉത്പാദനം 50 ശതമാനം വർധിച്ചു. കർഷകരുടെ സാന്പത്തികസ്ഥിതി മെച്ചപ്പെട്ടു. ഞങ്ങളുടെ പരിശീലനകേന്ദ്രങ്ങളിൽനിന്ന് ഇരുപത്തഞ്ചോളം കുട്ടികൾക്ക് തുടർപഠനത്തിനു പോകാൻ കഴിഞ്ഞു. ഇടയ്ക്കുവച്ച് പഠനം നിർത്തുന്നവരുടെ എണ്ണം അഞ്ചു ശതമാനത്തോളം കുറഞ്ഞു. കുട്ടികളുടെയും കുടുംബാംഗങ്ങളുടെയും ശുചിത്വം, പെരുമാറ്റം, ജീവിതരീതി എന്നിവയിൽ വ്യത്യാസം വരുത്താനുമായി. മഴക്കാലത്തും തണുപ്പുകാലത്തും 110 കുടുംബങ്ങൾക്ക് ഭക്ഷ്യക്ഷാമമില്ലാതായി. വീടുകളിൽ സന്തോഷം നിറഞ്ഞു-’’സിസ്റ്റർ ദൊറോത്തി ചൂണ്ടിക്കാട്ടി.
പ്രീ-സ്കൂൾ പോഷകാഹാര, വിദ്യാഭ്യാസ പദ്ധതി
‘ജീവദയാ ഫൗണ്ടേഷൻ’വഴി 80 പാവപ്പെട്ട, പോഷകാഹാരക്കുറവുള്ള കുട്ടികൾക്ക് അവരുടെ സന്പൂർണ ഭക്ഷണാവശ്യം നിറവേറ്റാൻ എല്ലാ ദിവസവും പാലും ബിസ്കറ്റും നൽകുന്നു. മൂന്നു ഗ്രാമങ്ങളിൽ നടപ്പാക്കുന്ന പദ്ധതിയിലൂടെ ആറു മാസംമുതൽ അഞ്ചു വയസുവരെയുള്ള കുട്ടികൾക്ക് ഈ പദ്ധതിയിൽനിന്നു പ്രയോജനം ലഭിക്കുന്നു. കുട്ടികൾക്ക് യൂണിഫോം, ഷൂസ്, പഠന കിറ്റ് എന്നിവ നൽകുന്നു. കൂടാതെ വർഷത്തിൽ രണ്ടുതവണ കുട്ടികളുടെ കുടുംബങ്ങൾക്ക് റേഷൻ കിറ്റുകളും ലഭിക്കുന്നു. ഹിന്ദി, ഇംഗ്ലീഷ് അക്ഷരമാലയുടെ അടിസ്ഥാന കാര്യങ്ങൾ, അക്കങ്ങൾ, അവരുടെ പേര്, മാതാപിതാക്കളുടെ പേര്, ഗ്രാമം തുടങ്ങിയവയും പഠിപ്പിക്കുന്നു.
ഹ്യൂമൻ ജസ്റ്റീസ് ഫെലോഷിപ്പ്
ഹ്യൂമൻ ജസ്റ്റീസ് ഫെലോഷിപ്പ് പരിപാടിയുടെ ഭാഗമായി ഏറെ ശ്രദ്ധയോടെ പ്രവർത്തിക്കുന്ന മൂന്ന് സംയോജിത ഗ്രാമങ്ങളും നാലു വലിയ ഗ്രാമങ്ങളുമുണ്ട്. മറ്റു ഗ്രാമങ്ങളിൽ, മിഷൻ പ്രവർത്തകർ ഇടയ്ക്കിടെ ബോധവത്കരണ പരിപാടികൾ നടത്തുകയും ഇന്ത്യൻ ഭരണഘടനയെക്കുറിച്ചും അവരുടെ അവകാശങ്ങളുടെ അന്തസിനെക്കുറിച്ചും പഠിപ്പിക്കുകയും ചെയ്യുന്നു. ‘സംവിധാൻ യോദ്ധാക്കൾ’എന്നറിയപ്പെടുന്ന 15 പേർ മൂന്നു സംയോജിത ഗ്രാമങ്ങളിൽ സന്നദ്ധപ്രവർത്തനം നടത്തുന്നു. അവർ വിവിധ സെഷനുകളിൽനിന്ന് പഠിച്ച കാര്യങ്ങൾ അതതു ഗ്രാമങ്ങളിൽപോയി ബോധവത്കരിക്കുകയാണ് ചെയ്യുന്നത്.
(തുടരും)