കെട്ടിടനിർമാണവും സംരക്ഷണവും നിയമനിർമാണം അനിവാര്യം
പ്രഫ. എം.ജി. സിറിയക്
Monday, August 11, 2025 12:20 AM IST
നമ്മുടെ നാട്ടിൽ കെട്ടിടങ്ങളുടെ നിർമാണവും സംരക്ഷണവും ഒരു ബലഹീന മേഖലയാണ്. അതിന്റെ തെളിവുകൾ നാം നിത്യം കേൾക്കുന്നുണ്ട്. കെട്ടിടങ്ങൾ തകർന്നുവീഴുന്നു, ആളുകൾ മരിക്കുന്നു. പഴയ കെട്ടിടം മാത്രമല്ല പണി നടന്നുകൊണ്ടിരിക്കുന്ന കെട്ടിടങ്ങൾതന്നെ വീഴുന്നു. ഇത്തരമൊരു സാഹചര്യത്തിൽ എന്താണ് പൂർത്തിയായ കെട്ടിടത്തിന്റെ സുരക്ഷയെപ്പറ്റിയുള്ള ധൈര്യം. സമീപകാലത്താണ് ഇങ്ങനെയുള്ള പ്രതിഭാസങ്ങൾ കൂടുതലായി കണ്ടുതുടങ്ങിയത്.
മറ്റു പല മേഖലകളിലും സംഭവിച്ചതുപോലെ കെട്ടിടനിർമാണമേഖലയിലും മൂല്യച്യുതി സംഭവിച്ചു എന്നതാണ് സത്യം. കെട്ടിടങ്ങളുടെ രൂപകല്പനയിലും നിർമാണത്തിലും മതിയായ സുരക്ഷാ മാനദണ്ഡങ്ങൾ നടപ്പിലാകുന്നില്ല എന്നത് നിരസിക്കാൻ സാധിക്കില്ല. പൊതുവേ കേരളത്തിൽ കാഴ്ചഭംഗിയുള്ള ഉള്ള കെട്ടിടം വേണം എന്നല്ലാതെ അത് സുരക്ഷിതമായിരിക്കണമെന്നോ ആവശ്യമായ സൗകര്യങ്ങൾ വേണമെന്നോ ഉള്ള ചിന്ത പലർക്കും കുറവാണ്.
പലവിധ കാര്യങ്ങളും ഒത്തുചേരുന്പോൾ മാത്രമാണ് കെട്ടിടം പൂർണമായി എന്നു കരുതാവുന്നത്. കെട്ടിടനിർമാണത്തിൽ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ ഇവയാണ്:
•രൂപരേഖ യഥാർഥ്യബോധത്തോടെ തയാറാക്കുക.
•ഘടനാപരമായ എൻജിനിയറിംഗ് ഡിസൈൻ പോലെ അനുബന്ധമായ മറ്റ് നിർമാണ വിവരങ്ങളും തയാറാക്കുക.
• നിർമാണത്തിൽ ഗുണനിലവാരം കൃത്യമായി നടപ്പിലാക്കുക.
കെട്ടിടത്തിന്റെ രൂപകല്പനയും മറ്റു ഡിസൈനുകളും കുറ്റമറ്റതാണെങ്കിൽതന്നെ ചില പ്രശ്നങ്ങൾ കെട്ടിടനിർമാണം മോശമാകാൻ ഇടയാക്കാം. കെട്ടിടനിർമാണത്തിൽ പാകപ്പിഴ പറ്റുന്നതിന്റെ കാരണങ്ങൾ ഇവയാണ്:
നിർമാണ വൈദഗ്ധ്യത്തിന്റെ കുറവ്:
പരിചയസന്പത്തും പ്രാപ്തിയുമുള്ള സ്ഥാപനങ്ങളെയോ വ്യക്തികളെയോ മാത്രമാണ് കെട്ടിടനിർമാണം ഏല്പിക്കേണ്ടത്. നിർമാണ വൈദഗ്ധ്യം എല്ലാ കാര്യങ്ങളിലും കർശനമായി പാലിക്കുകയും വേണം.
കരാർ വ്യവസ്ഥയിലെ പാകപ്പിഴ:
കടുത്ത മത്സരം നിലനിൽക്കുന്ന ഒരു മേഖലയാണ് കെട്ടിട നിർമാണം. പലരും തീരെ കുറഞ്ഞ തുകയ്ക്കു കെട്ടിടം പണി ഏറ്റെടുക്കുന്നു. കെട്ടിടത്തിന്റെ പണിപൂർത്തിയാക്കി താക്കോൽ കൊടുക്കുന്നതിനു ചതിരശ്ര അടിക്ക് ഇത്ര രൂപ എന്ന കരാർ വേണമെന്ന് പല കരാറുകാരും ആഗ്രഹിക്കുന്നു. മത്സരം മൂലം കുറഞ്ഞ തുകയ്ക്കെടുത്ത പണി പൂർത്തിയാക്കി ന്യായമായ ലാഭം കിട്ടിയാൽ മാത്രമാണ് കരാറുകാരന് നിലനിൽക്കാൻ സാധിക്കുന്നത്.
അല്ലെങ്കിൽ അയാൾക്ക് പണിയുടെ ഗുണനിലവാരം കുറയ്ക്കേണ്ടിവരും. പണിയേറ്റെടുത്തത്തിനു ശേഷം ചെലവ് വർധിക്കുന്നതും സാധാരണയാണ്. ഇതിനുപകരം പണിക്കൂലി മാത്രം കൊടുക്കുന്ന രീതിയിലുള്ള കരാറാണെങ്കിൽ ഉത്തമമായിരിക്കും. നിർമാണത്തിനാവശ്യമായ എല്ലാ സാധനങ്ങളും ഉടമസ്ഥൻ വാങ്ങിനല്കുന്ന രീതി അഭികാമ്യമാണ്. എന്നു മാത്രമല്ല നിർമാണത്തിലുടനീളം ഉടമസ്ഥന്റെ നിയന്ത്രണം ശക്തമായിരിക്കും.
മറ്റൊരു തരത്തിലുള്ള കരാറാണ് നിർമാണച്ചെലവിന്റെ നിശ്ചിത ശതമാനം കരാറുകാരന് പ്രതിഫലമായി കൊടുക്കുന്ന രീതി. ഇതിലും കുറ്റമില്ല. ഉടമസ്ഥന് നിയന്ത്രണം ലഭിക്കും. പല കെട്ടിടനിർമാതാക്കളും പണി എളുപ്പമാകുക എന്ന കാരണത്താലാണ് ചതുരശ്ര അടിക്ക് നിരക്കു നിശ്ചയിച്ച് പണി കൊടുക്കുന്നത്. അങ്ങനെയുള്ള നിർമാണമാണെങ്കിൽ പണിയുടെ എല്ലാ തലത്തിലും ഗുണനിലവാരം ഉറപ്പാക്കുന്നതിനുള്ള സംവിധാനം ഉടമസ്ഥന് ആവശ്യമാണ്. സർക്കാർ നിർമാണം മുമ്പ് ഈ വ്യവസ്ഥയിലായിരുന്നു. അതിന്റെ ദോഷഫലം മനസിലായപ്പോൾ പണിയുടെ ഗുണനിലവാരം ഉറപ്പാക്കുന്നതിന് കൂടുതൽ നിയമങ്ങൾ നടപ്പിലാക്കേണ്ടിവന്നു.
ഫൗണ്ടേഷന്റെ ബലഹീനത:
കെട്ടിടങ്ങളുടെ വളരെ പ്രധാനപ്പെട്ട ഒരു കാര്യമാണ് ഫൗണ്ടേഷൻ അഥവാ അസ്ഥിവാരം. വാനം മാന്തുന്പോൾ ശക്തി കുറഞ്ഞ മണ്ണാണെന്നു മനസിലായാൽ ആവശ്യമായ പരിഹാരം ചെയ്യേണ്ടതാണ്. ഇങ്ങനെയുള്ള അവസരത്തിൽ ഒരു വിദഗ്ധന്റെ സഹായം സ്വീകരിക്കുന്നതാണ് ഉചിതം.
കോണ്ക്രീറ്റ് ക്യൂറിംഗിൽ സംഭവിക്കുന്ന പാകപ്പിഴ:
കോണ്ക്രീറ്റ് ചെയ്തു കഴിഞ്ഞാൽ കുറഞ്ഞത് ഏഴു ദിവസമെങ്കിലും നനയ്ക്കണം. കോണ്ക്രീറ്റ് ഉറച്ചു ശക്തി നേടുന്പോൾ ഉണ്ടാകുന്ന ചൂട് മാറ്റുന്നതിനാണ് ഇത് ചെയ്യുന്നത് . കോണ്ക്രീറ്റ് ഘടനയുടെ ആത്യന്തിക ശക്തി, ഈട്, മൊത്തത്തിലുള്ള പ്രകടനം എന്നിവയെ സാരമായി സ്വാധീനിക്കുന്ന അടിസ്ഥാന പ്രക്രിയയാണ് ക്യൂറിംഗ്. ഇന്ന് കെട്ടിട നിർമാണത്തിൽ ക്യൂറിംഗ് വളരെ ബാലഹീനമായിരിക്കുന്നു. ക്യൂറിംഗ് അവഗണിച്ചാൽ, കോണ്ക്രീറ്റിന് ബലക്കുറവ്, വർധിച്ച വിള്ളലുകൾ, കുറഞ്ഞ ഈട്, ഉപരിതല വൈകല്യങ്ങൾ എന്നിവയുൾപ്പെടെ നിരവധി പ്രശ്നങ്ങൾ നേരിടേണ്ടിവരും. ശരിയായ ക്യൂറിംഗ് ഇല്ലെങ്കിൽ, കോണ്ക്രീറ്റിന് അതിന്റെ ഉദ്ദേശിച്ച ഗുണങ്ങൾ നേടിയെടുക്കാൻ കഴിഞ്ഞേക്കില്ല.
നിർമാണത്തിനുപയോഗിക്കുന്ന വെള്ളത്തിന്റ ഗുണനിലവാരക്കുറവ്:
കോണ്ക്രീറ്റ് ചെയ്യുന്നതിന് ഉപയോഗിക്കുന്ന ജലത്തിന്റെ ഗുണനിലവാരത്തിലും നിയന്ത്രണമുണ്ട്. പലപ്പോഴും വളരെ മോശമായ കലക്കവെള്ളമുപയോഗിച്ച് കോണ്ക്രീറ്റ് ചെയ്യുന്നത് ഒരു സാധാരണ കാഴ്ചയാണ്. കുടിക്കാനുപയോഗിക്കുന്ന വെള്ളം കോണ്ക്രീറ്റ് ചെയുന്നതിന് യോഗ്യമാണ് എന്നതാണ് അടിസ്ഥാന തത്ത്വം. മോശം വെള്ളം കോണ്ക്രീറ്റിന്റെ ഗുണനിലവാരം മോശമാക്കും.
കെട്ടിടനിർമാണ ചട്ടങ്ങൾ പാലിക്കുക എന്നത് അനിവാര്യമാണ്. കെട്ടിടത്തിന്റെ രൂപകല്പനയും മറ്റു ഡിസൈനുകളും തയാറാക്കുന്ന സമയത്ത് ചട്ടങ്ങൾ പാലിക്കുക.
ഗുണനിലവാരം ഉറപ്പാക്കണം
കെട്ടിടങ്ങളുടെയും മറ്റു നിർമാണങ്ങളുടെയും ഗുണനിലവാരം ഉറപ്പാക്കുന്നതിനുള്ള നിയമങ്ങൾ ബന്ധപ്പെട്ടവർ കൂടിയാലോചിച്ച് നടപ്പാക്കണം. കെട്ടിട നിർമാണ വിഷയങ്ങളിൽ സാധാരണ ജനങ്ങൾക്ക് ഉപയോഗിക്കാവുന്ന ഒരു മാനുവൽ മലയാളത്തിൽ തയാറാക്കി പരസ്യപ്പെടുത്തുന്നത് നന്നായിരിക്കും.
ഉപയോഗയോഗ്യമല്ലാത്തതും പഴക്കം വന്നതുമായ എല്ലാ നിർമാണങ്ങളും ഒഴിവാക്കണം എന്നതാണ് അടിസ്ഥാനപരമായ വലിയ ഒരു ആവശ്യം. ഇങ്ങനെയുള്ള കെട്ടിടങ്ങളും മറ്റു നിർമാണങ്ങളും പൊളിച്ച് പല ഭാഗങ്ങളും പുനരുപയോഗം ചെയ്യുന്ന സംവിധാനത്തെപ്പറ്റി ചിന്തിക്കണം. ഷൊർണൂരിൽ കാണുന്ന കൊച്ചിൻ പാലംപോലെ എന്തുമാത്രം വസ്തുക്കളാണ് നമ്മുടെ കഴുവുകേട് വിളിച്ചറിയിച്ചുകൊണ്ട് ഈ നാട്ടിൽ ഉപയോഗമില്ലാതെ നിലനിൽക്കുന്നത്.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പരിമിതികൾ
കെട്ടിടനിർമാണങ്ങളുടെ നിയന്ത്രണം തദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കാണ്. കെട്ടിടത്തിന്റെ രൂപകല്പന നോക്കി ഫീസ് വാങ്ങി പെർമിറ്റ് കൊടുക്കകയല്ലാതെ നിർമാണത്തിലെ ഗുണനിലവാരത്തെ മെച്ചപ്പെടുത്തുന്നതിന് ഉപകരിക്കുന്ന ഒരു നടപടിയും തദേശ സ്വയംഭരണ സ്ഥാപനങ്ങൾ ചെയ്യുന്നില്ല . കെട്ടിടത്തിന് കോണ്ക്രീറ്റ് ചെയുന്നതും കന്പി കെട്ടുന്നതുമെല്ലാം ശാസ്ത്രീയമായ എൻജിനിയറിംഗ് തത്ത്വങ്ങൾ മുഖേന പരിഗണിക്കേണ്ട വിഷയങ്ങളാണ്. അതൊക്കെ ഉറപ്പാക്കുന്നതിനുള്ള നടപടികളെപ്പറ്റി തദേശസ്വയംഭരണ സ്ഥാപനങ്ങൾക്കു ചിന്തിക്കാവുന്നതാണ്.
(ചെറുതുരുത്തി ജ്യോതി എൻജിയറിംഗ് കോളജിലെ സിവിൽ എൻജിനിയറിംഗ് വിഭാഗത്തിൽ അസോസിയറ്റ് പ്രഫസറാണ് ലേഖകൻ)