മാർ മാക്കീലിന്റെ ധന്യതയിൽ അഭിമാനത്തോടെ ചങ്ങനാശേരി
ആർച്ച്ബിഷപ് തോമസ് തറയിൽ
Monday, August 11, 2025 3:45 AM IST
പുണ്യചരിതരായ പിതാക്കൻമാരുടെ അജപാലനശുശ്രൂഷകൾ ഏറ്റുവാങ്ങാൻ ഭാഗ്യം സിദ്ധിച്ച അതിരൂപതയാണ് ചങ്ങനാശേരി. അതിരൂപതയുടെ മുൻ അധ്യക്ഷൻമാരിൽ മൂന്നുപേർ വിശുദ്ധപദവിയിലേക്കുള്ള യാത്രയിലാണെന്നത് അസുലഭമായ ഭാഗ്യമാണ്. മാർ തോമസ് കുര്യാളശേരി പിതാവ് ധന്യപദവിയിലേക്കും മാർ മാത്യു കാവുകാട്ട് പിതാവ് ദൈവദാസൻ പദവിയിലേക്കും ഉയർത്തപ്പെട്ടതോടൊപ്പം മാർ മാത്യു മാക്കീൽ പിതാവും ധന്യപദവിയിലേക്ക് ഉയർത്തപ്പെട്ടുവെന്നത് ചങ്ങനാശേരി അതിരൂപത വലിയ ദൈവാനുഗ്രഹമായി കണക്കാക്കുന്നു. കോട്ടയം അതിരൂപതയോടൊപ്പം ഈ വലിയ സന്തോഷത്തിൽ പങ്കുചേരുകയും ചെയ്യുന്നു.
1896 ഓഗസ്റ്റ് 11ന് മാർ മാക്കീൽ പിതാവിനെ ‘ക്വെ റെയി സാക്രേ’ എന്ന തിരുവെഴുത്തുവഴി ലെയോ പതിമൂന്നാമൻ പാപ്പായാണ് ചങ്ങനാശേരി വികാരിയാത്തിന്റെ വികാരി അപ്പസ്തോലിക്കയായി നിയമിച്ചത്. നീണ്ട 128 വർഷങ്ങൾക്കുശേഷം 2025 മേയ് 23ന് ലെയോ പതിനാലാമൻ പാപ്പായാണ് അദ്ദേഹത്തെ ധന്യപദവിയിലേക്ക് ഉയർത്തിയത് എന്നത് ചരിത്രത്തിന്റെ അപൂർവമായ ഒരു സന്ധിചേരലായി കണക്കാക്കാം. ലെയോ പതിനാലാമൻ പാപ്പായുടെ കാലഘട്ടത്തിൽതന്നെ അദ്ദേഹം വിശുദ്ധപദവിയിലെത്തിച്ചേരട്ടെയെന്നു പ്രാർഥിക്കുന്നു.
1896 മുതൽ 1911 വരെ മാക്കീൽ പിതാവ് ചങ്ങനാശേരി വികാരിയാത്തിനെ നയിച്ചു. വികാരിയാത്തിന്റെയും പള്ളികളുടെയും ഭരണത്തിനാവശ്യമായ നിയമങ്ങളും കൽപനകളുമടങ്ങുന്ന ദക്രേത്തു (1903) പുസ്തകത്തിന്റെ രൂപീകരണം അദ്ദേഹത്തിന്റെ പ്രധാന സംഭാവനകളിലൊന്നാണ്. വികാരിയാത്തിനെ വിദ്യാഭ്യാസപരമായി ഉയർത്താൻ പിതാവ് തീവ്രമായി ആഗ്രഹിച്ചിരുന്നു. വേദപഠനത്തെ അദ്ദേഹം വളരെ ഗൗരവത്തോടെ കണ്ടിരുന്നു. സെക്കുലർ വിദ്യാഭ്യാസംതന്നെ വേദപഠനത്തിനുവേണ്ടിയാണ് എന്ന ആശയമാണ് അദ്ദേഹം പുലർത്തിയിരുന്നത്.
കത്തോലിക്കാ കുട്ടികളെ കത്തോലിക്കാ സ്കുളുകളിൽ മാത്രമേ അയയ്ക്കാവൂ, പള്ളികളുടെ സ്കൂളുകൾ ഒരിക്കലും സർക്കാരിനു വിട്ടുകൊടുക്കരുത്, പള്ളിക്കൂടങ്ങളിൽ എല്ലാ ദിവസവും ഒരു മണിക്കൂർ കത്തോലിക്കാ കുട്ടികളെ വേദപാഠം പഠിപ്പിക്കണം എന്നൊക്കെ അദ്ദേഹം കൽപനകൾ നൽകിയിരുന്നു. ഇന്ത്യൻ ഭരണഘടന രൂപംകൊള്ളു ന്നതിനും ന്യൂനപക്ഷാവകാശങ്ങൾ വ്യക്തമായി നിർവചിക്കപ്പെടുന്നതിനും അഞ്ചുപതിറ്റാണ്ടുകൾക്കുമുമ്പേ മാക്കീൽ പിതാവ് വിദ്യാഭ്യാസ-ന്യൂനപക്ഷാവകാശങ്ങളെ പരസ്പരബന്ധിതമായി മനസിലാക്കിയിരുന്നു (ഒരുപക്ഷേ അതേ സംജ്ഞകളിലല്ലെങ്കിലും) എന്നു നമുക്ക് അനുമാനിക്കാം.
ഈയൊരു അവബോധം ആധുനികകാലത്തു നമുക്ക് കൈമോശം വരുന്നുണ്ടോയെന്നു ഗൗരവമായി ചിന്തിക്കണം. ന്യൂനപക്ഷാവകാശങ്ങളുടെമേലുള്ള സർക്കാർ കൈയേറ്റങ്ങളെ കണ്ടില്ലെന്നു നടിക്കുന്നത് വിദ്യാഭ്യാസംകൊണ്ടു തിരുസഭ ലക്ഷ്യം വയ്ക്കുന്നതെന്തോ അതിൽനിന്നുള്ള വ്യതിചലനമാണ്.
മാക്കീൽ പിതാവ് ഭക്തിപ്രസ്ഥാനങ്ങളെ പ്രോത്സാഹിപ്പിക്കുകയും ചില സന്ന്യാസസമൂഹങ്ങളുടെ ആരംഭത്തിന് സഹായിക്കുകയും ചെയ്തിരുന്നു. എസ്എബിഎസ്, എസ്എച്ച് സന്ന്യാസിനി സമൂഹങ്ങൾ അദ്ദേഹത്തിന്റെ അജപാലനകാലത്ത് ചങ്ങനാശേരി വികാരിയാത്തിൽ രൂപപ്പെട്ടതാണ്. ഇന്നു കേരളത്തിലെ പ്രശസ്ത മരിയൻ തീർത്ഥാടനകേന്ദ്രമായി മാറിയിരിക്കുന്ന പാറേൽ സെന്റ് മേരീസ് പള്ളി 1905ൽ അദ്ദേഹം സ്ഥാപിച്ചതാണ്.
ശീശ്മയിൽപെട്ടവരെ തിരികെ സ്വീകരിക്കാൻ എപ്പോഴും തയാറായിരുന്ന സ്നേഹപിതാവായിരുന്നു മാർ മാക്കീൽ. അജപാലന സന്ദർശനങ്ങൾ അദ്ദേഹത്തിന്റെ പ്രത്യേക കാരിസമായിരുന്നു. ചെന്നുപറ്റാൻ വളരെ പ്രയാസമുള്ള ദുർഘടപ്രദേശങ്ങളിലെ ഇടവകകളിൽപോലും പിതാവ് വളരെ താത്പര്യപൂർവം ഇടയസന്ദർശനങ്ങൾ നടത്തിയിരുന്നു. രോഗികളുടെയും മറ്റും ഭവനങ്ങളും സന്ദർശിച്ചിരുന്നു.
1896 ഓഗസ്റ്റ് 11ന് നിയമിതനായതു മുതൽ പതിനഞ്ചു വർഷക്കാലം നീണ്ട ഇടയശുശ്രൂഷയ്ക്കു ശേഷം, 1911 ഓഗസ്റ്റ് 29ന് പുതിയതായി രൂപീകരിക്കപ്പെട്ട കോട്ടയം വികാരിയാത്തിന്റെ വികാരി അപ്പസ്തോലിക്കാ ആയി മാർ മാക്കീൽ ചങ്ങനാശേരിയോടു യാത്രപറഞ്ഞു. ഇന്നു ഭാരതസഭയിൽ പ്രശോഭിച്ചു നിൽക്കുന്ന രണ്ടു വലിയ അതിരൂപതകളെ അവയുടെ ബാലാരിഷ്ടതകളിൽ ചുമലിൽതാങ്ങി അജപാലനപ്രയാണം നടത്തിയ ആ വലിയ ഇടയന്റെ കഷ്ടതകളും ത്യാഗങ്ങളും വിസ്മരിക്കാവുന്നതല്ല. അദ്ദേഹം ചങ്ങനാശേരിയുടെ വികാരി അപ്പസ്തോലിക്കയായി നിയമിതനായതിന്റെ നൂറ്റിമുപ്പതാം വർഷത്തിലേക്കു പ്രവേശിക്കുന്ന ഈ വേളയിൽ ആ ധന്യാത്മാവിന്റെ ദീപ്തസ്മരണയ്ക്കു മുമ്പിൽ ശിരസു നമിക്കുന്നു.