ഒഡീഷയിൽ ശത്രുത വളർത്തുന്നവർ
സീനോ സാജു
Thursday, August 14, 2025 12:31 AM IST
ഛത്തീസ്ഗഡിൽ നിർബന്ധിത മതപരിവർത്തനവും മനുഷ്യക്കടത്തും ആരോപിച്ചു ജയിലിലടയ്ക്കപ്പെട്ട രണ്ടു കന്യാസ്ത്രീമാർക്ക് ജാമ്യം ലഭിച്ച് ഒരാഴ്ച തികയുന്നതിനു മുന്പേയാണ് ഒഡീഷയിൽ മലയാളി കന്യാസ്ത്രീമാർക്കും പുരോഹിതർക്കും നേരേ ആക്രമണമുണ്ടായത്.
നിർബന്ധിത മതപരിവർത്തനം നടത്തുന്നുവെന്നാരോപിച്ചാണ് ഒഡീഷയിലെ ബാലസോർ രൂപതയ്ക്കു കീഴിലുള്ള ഗംഗാധർ ഗ്രാമത്തിനു സമീപം എഴുപതോളം വരുന്ന ബജ്രംഗ്ദൾ പ്രവർത്തകർ മിഷണറിമാർക്കെതിരേ ആക്രമണം അഴിച്ചുവിട്ടത്. സ്വാതന്ത്ര്യാനന്തര ഇന്ത്യയിൽ നിർബന്ധിത മതപരിവർത്തനത്തിനെതിരേയുള്ള നിയമം ആദ്യമായി പ്രാബല്യത്തിൽ കൊണ്ടുവന്നത് 1967ൽ ഒഡീഷയാണ്. നിയമം പ്രാബല്യത്തിൽ വന്ന് അരനൂറ്റാണ്ടിലധികമായിട്ടും സമീപകാലത്താണ് ഈ നിയമം ക്രിസ്ത്യൻ മിഷണറിമാരെ ആക്രമിക്കാനുള്ള പ്രധാനപ്പെട്ട ആയുധമായി മാറിയത്.
ഒഡീഷയിൽ പുരോഹിതരും കന്യാസ്ത്രീകളുമെന്നതു മതപരിവർത്തകരായും മതപരിവർത്തനമെന്നതു ക്രിസ്തീയ സഭയായും ചിത്രീകരിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നുവെന്ന് ഈ മാസം ആറിനു ബജ്രംഗ്ദൾ പ്രവർത്തകരുടെ ആൾക്കൂട്ട ആക്രമണത്തിനിരയായ ജാലേശ്വർ ഇടവക വികാരി ഫാ. ലിജോ നിരപ്പേൽ ദീപികയോടു പറഞ്ഞു.
സംഘടിത ആക്രമണം
തനിക്കും ഫാ. ജോജോയ്ക്കും കന്യാസ്ത്രീമാർക്കും നേരേയുണ്ടായ അതിക്രമം ഫാ. ലിജോ നിരപ്പേൽ വിവരിച്ചു. ആക്രമണമുണ്ടായ അന്ന് ജാലേശ്വർ പള്ളിയിൽനിന്ന് ഏകദേശം 20 കിലോമീറ്റർ അകലെയുള്ള ഗംഗാധർ ഗ്രാമത്തിൽ കുർബാന അർപ്പിക്കാൻ പോയതായിരുന്നു. 11 ക്രൈസ്തവ കുടുംബങ്ങളുള്ള ഗ്രാമത്തിൽ ഒരു വിശ്വാസിയുടെ ആവശ്യപ്രകാരം അദ്ദേഹത്തിന്റെ വീട്ടിൽ മരണമടഞ്ഞവർക്കുവേണ്ടിയുള്ള ആണ്ട്കുർബാന അർപ്പിക്കാനാണ് പോയത്. ജോഡ ഇടവക വികാരി ഫാ. ജോജോ വൈദ്യക്കാരനെയും രണ്ടു കന്യാസ്ത്രീമാരെയും ഒപ്പം കൂട്ടി ഡ്രൈവറോടൊപ്പം ജീപ്പിലായിരുന്നു യാത്ര. പ്രദേശവാസിയായ ഒരു സഹായിയും അവരോടൊപ്പം ബൈക്കിൽ സ്ഥലത്തേക്കെത്തി. കുർബാനയ്ക്കും പ്രാർഥനകൾക്കും ശേഷം രാത്രി ഒന്പതിനാണ് അവിടെനിന്നിറങ്ങിയത്.
അവിടെനിന്ന് അര കിലോമീറ്റർ മുന്നോട്ടു പോയപ്പോഴാണ് എണ്പതോളം പേർ ബൈക്കിൽ വന്ന് ഒരു ആൾവാസമില്ലാത്ത ഇടുങ്ങിയ സ്ഥലത്തുവച്ചു വഴി തടഞ്ഞത്. മുന്നിൽ ബൈക്കുമായി പോയ സഹായിയെ അവർ തടഞ്ഞുനിർത്തി അടിക്കാൻ തുടങ്ങി. അദ്ദേഹത്തിന്റെ ബൈക്ക് മറിച്ചിട്ടതിനു ശേഷം പൂർണമായും നശിപ്പിച്ചു. ഇതിനുശേഷം ഞങ്ങൾ വാഹനത്തിൽനിന്നു പുറത്തിറങ്ങിയപ്പോൾ അവർ മൊബൈലുകൾ ബലമായി കൈക്കലാക്കുകയും ഡ്രൈവറെ മർദിക്കുകയും ചെയ്തു.
ഞങ്ങൾ സഞ്ചരിച്ച വാഹനത്തിന്റെ ചില്ല് അടിച്ചുപൊട്ടിക്കാൻ നോക്കി. പ്രതിഷേധിക്കാൻ ശ്രമിച്ചപ്പോൾ അടിക്കുകയും കൈയേറ്റം ചെയ്യുകയും ചെയ്തു. ‘ധർമഗുരു’ എന്നു പരിഹസിച്ചാണ് എന്നെ ഉപദ്രവിക്കാൻ തുടങ്ങിയത്. അര മണിക്കൂറോളം ആക്രമണം തുടർന്നു.
കന്യാസ്ത്രീകളെ ഉപദ്രവിക്കാത്തതിനാൽ അവർ അടുത്തുള്ള ഗ്രാമത്തിലേക്ക് ഓടിപ്പോയി. ആൾക്കൂട്ട വിചാരണയ്ക്കിടയിൽ ഓടിച്ചെന്നു കന്യാസ്ത്രീകളുടെ മൊബൈലിൽനിന്നാണ് ബാലേശ്വർ രൂപതയിൽ സംഭവം വിളിച്ചറിയിച്ചത്. ആക്രമണ വിവരം ഗ്രാമത്തിന്റെ പുറത്തേക്കെത്തിയത് ഇതോടെയാണ്. 30-35 മിനിറ്റ് കഴിഞ്ഞപ്പോഴാണ് പോലീസ് വന്നത്. മതപരിവർത്തനം നടക്കുന്നു എന്നാണ് അക്രമകാരികൾ പോലീസിനോടു പറഞ്ഞത്. എന്നാൽ, അപ്പോഴേക്കും അവിടേക്കെത്തിയ നാട്ടുകാർ മതപരിവർത്തനമൊന്നുമല്ല, ആണ്ടുകുർബാന ചൊല്ലാൻവേണ്ടിയാണ് ഞങ്ങളെ വിളിപ്പിച്ചതെന്ന് പോലീസിനോടു വിശദീകരിച്ചു. അക്രമിസംഘത്തിനൊപ്പമെത്തിയ മാധ്യമപ്രവർത്തകർ ഞങ്ങളുടെ വീഡിയോയെല്ലാം എടുത്തു സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചു.
മതപരിവർത്തനത്തിനു വന്ന പുരോഹിതരെയും കന്യാസ്ത്രീകളെയും ആളുകൾ തടഞ്ഞുവെന്നും പോലീസിനു കൈമാറിയെന്നുമുള്ള വാർത്തകളാണ് അവിടെയെല്ലാം പ്രചരിച്ചത്. പേരും വിവരങ്ങളുമെല്ലാം രേഖപ്പെടുത്തി സംഭവിച്ചതെന്താണെന്ന് എഴുതി നൽകിയതിനു ശേഷമാണ് പോലീസ് ഞങ്ങളെ വിട്ടയച്ചത്.
ക്രൈസ്തവർ ശത്രുക്കളെന്നു പ്രചാരണം
ആദിവാസി വിഭാഗങ്ങൾക്കിടയിലെ മതപരിവർത്തനം പ്രമേയമാക്കിയുള്ള "സനാതനി: കർമ ഹീ ധർമ' എന്ന ഒഡിയ സിനിമ ഈ വർഷമാണ് പുറത്തിറക്കിയത്. ഏതെങ്കിലുമൊരു ഗ്രാമത്തിൽ പുരോഹിതരോ കന്യാസ്ത്രീകളോ വന്നാൽ അടിച്ചോടിക്കുക എന്ന സന്ദേശമാണ് ആ സിനിമയിലൂടെ പ്രചരിക്കപ്പെടുന്നതെന്നു ഫാ. ലിജോ പറഞ്ഞു. മിഷണറിമാർക്കെതിരേയുള്ള പ്രശ്നങ്ങൾ പണ്ടു മുതലേ ഉണ്ടായിരുന്നെങ്കിലും ഈയിടയ്ക്കാണ് ഇങ്ങനെയുള്ള സംഭവവികാസങ്ങളെല്ലാം സംഘടിതമായി വർധിച്ചതെന്നും ഭൂമി കൈക്കലാക്കാൻ ക്രിസ്ത്യാനികൾ ശ്രമിക്കുന്നുവെന്നു പ്രചരിപ്പിച്ചു വിദ്വേഷം വളർത്താൻ ശ്രമിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പുരോഹിതർ അവിടെ നിലനിൽക്കുന്നതുതന്നെ മതപരിവർത്തനത്തിനാണെന്നുള്ള സന്ദേശമാണു ജനങ്ങളുടെ മനസിൽ സൃഷ്ടിച്ചിരിക്കുന്നത്. ഓഗസ്റ്റ് ആറിനു വൈദികർക്കു നേരേയുണ്ടായ ആക്രമണവും നിർബന്ധിത മതപരിവർത്തനമെന്നാരോപിച്ച് ആസൂത്രിതമായി സംഘടിച്ചു നടത്തിയതാണ്. പ്രാഥമികപരമായി ഹിന്ദു എന്ന സംവിധാനത്തിനു കീഴിൽ വരാത്ത ആദിവാസികളെ ഹിന്ദുത്വ അല്ലെങ്കിൽ സനാതന ധർമം എന്ന കുടക്കീഴിൽ കൊണ്ടുവരാനാണ് തീവ്ര ഹിന്ദുത്വ ശക്തികൾ ശ്രമിക്കുന്നത്.
ഒന്നിക്കാൻ എതിരേയൊരു പൊതുശത്രു നിലനിൽക്കേണ്ടത് അനിവാര്യമാണെന്ന തിരിച്ചറിവിൽ സംസ്ഥാനത്ത് അത്തരമൊരു ശത്രുവിനെ സൃഷ്ടിക്കാനാണ് ബജ്രംഗ്ദൾ പോലെയുള്ള ശക്തികൾ ശ്രമിക്കുന്നത്. ശത്രുവിനെ നശിപ്പിക്കാൻ അവർ ദുരുപയോഗിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട ആയുധമാണ് നിർബന്ധിത മതപരിവർത്തന നിരോധന നിയമം.