നീതിനിഷേധത്തിന്റെ 75 വർഷം
ഡോ. സിജോ ജേക്കബ് (പ്രസിഡന്റ് ഡിസിഎംഎസ് ച
Saturday, August 16, 2025 10:32 PM IST
ഇന്ന് നീതി ഞായർ
1950 ഓഗസ്റ്റ് 10നു രാഷ്ട്രപതിയുടെ പ്രത്യേക ഉത്തരവിന്റെ മൂന്നാം ഖണ്ഡികയിലൂടെ ഹിന്ദുമതത്തിൽ മാത്രം (1956ൽ സിക്ക് മതത്തിലും 1990ൽ ബുദ്ധമതത്തിലും) വിശ്വസിക്കുന്നവർക്കേ പട്ടികജാതി അവകാശങ്ങൾ നൽകുകയുള്ളൂ എന്ന് പ്രഖ്യാപിച്ച്, ക്രിസ്തുമത വിശ്വാസികളായ ദളിത് വിഭാഗങ്ങൾക്ക് പട്ടികജാതി അവകാശങ്ങൾ നൽകില്ല എന്നു പറയാതെ പറഞ്ഞുവച്ചു. സ്വതന്ത്രഭാരതത്തിൽ നടന്ന ആദ്യത്തെ ഭരണഘടനാ അവകാശ ലംഘനമായി കണക്കാക്കാവുന്നതാണ് ദളിത് ക്രൈസ്തവ പട്ടികജാതി സംവരണ നിഷേധം.
‘Justice Delayed is Justice Denied’ എന്നത് നിയമവ്യവസ്ഥയുടെ അടിസ്ഥാന തത്ത്വമാണ്. പക്ഷേ അതിന്റെ വാചികവും അല്ലാത്തതുമായ തലങ്ങളിലുള്ള നീതിനിഷേധം കഴിഞ്ഞ 75 വർഷമായി ഇന്ത്യയിൽ നിലനിൽക്കുന്നു; ഭാരതത്തിലെ ദളിത് ക്രൈസ്തവരുടെ പട്ടികജാതി സംവരണ നിഷേധം. കാലങ്ങളായി തമസ്കരിക്കപ്പെടുന്ന, അനീതിയുടെയും അവകാശലംഘനങ്ങളുടെയും വേദനപേറുന്ന ഒരു ജനതയോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് ഭാരതത്തിലെ കത്തോലിക്കാ സഭ ഇന്ന് ‘നീതി ഞായർ (Justice Sunday)’ ആയി ആചരിക്കുന്നു.
1950 ഓഗസ്റ്റ് 10നു രാഷ്ട്രപതിയുടെ പ്രത്യേക ഉത്തരവിന്റെ മൂന്നാം ഖണ്ഡികയിലൂടെ ഹിന്ദുമതത്തിൽ മാത്രം (1956ൽ സിക്ക് മതത്തിലും 1990ൽ ബുദ്ധമതത്തിലും) വിശ്വസിക്കുന്നവർക്കേ പട്ടികജാതി അവകാശങ്ങൾ നൽകൂ എന്ന് പ്രഖ്യാപിച്ച്, ക്രിസ്തുമതവിശ്വാസികളായ ദളിത് വിഭാഗങ്ങൾക്ക് പട്ടികജാതി അവകാശങ്ങൾ നൽകില്ല എന്നു പറയാതെ പറഞ്ഞുവച്ചു. ഒരേ ജാതീയ ശ്രേണിയിലും, ഒരേ സാമൂഹികഘടനാ പശ്ചാത്തലത്തിലും തുല്യമായ വർണ, ജാതി, വർഗ വിവേചനങ്ങളും, അസ്പൃശ്യതയും അനുഭവിച്ച പട്ടികജാതി / ദളിതുകളെ മതാധിഷ്ഠമായി വർഗീകരിച് ഹൈന്ദവമത വിശ്വാസികളായ ദളിതുകൾക്കു മാത്രം (പിന്നീട് സിക്ക് മതത്തിലും ബുദ്ധമതത്തിലും) സംവരണം നൽകി. സ്വതന്ത്ര ഭാരതത്തിൽ നടന്ന ആദ്യത്തെ ഭരണഘടനാ അവകാശലംഘനമായി കണക്കാക്കാവുന്നതാണ് ദളിത് ക്രൈസ്തവ പട്ടികജാതി സംവരണ നിഷേധം.
വർണവ്യവസ്ഥയിൽ അധിഷ്ഠിതമായ സാമൂഹികഘടന നിലനിന്നിരുന്ന ഇന്ത്യയിൽ ജാതീയ വേർതിരിവിന്റെ തിക്തഫലങ്ങൾ അനുഭവിച്ച ദളിത് വിഭാഗങ്ങൾക്കു രാഷ്്്ട്രീയ, സാമൂഹിക, സാമ്പത്തിക, വിദ്യാഭ്യാസ മേഖലകളിൽ രാജ്യം നൽകേണ്ട കരുതലായി സംവരണത്തെ അംബേദ്കർ അടക്കമുള്ള ഭരണഘടനാ വിധാതാക്കൾ കണ്ടു. എന്നാൽ ഒരേ ജാതീയ ശ്രേണിയിൽ നിലനിന്ന, അടിമത്ത്വവും ജാതീയ വിവേചനങ്ങളുമടക്കം ഒരേ സാമൂഹിക പശ്ചാത്തലത്തിന്റെ തിക്തഫലങ്ങൾ അനുഭവിച്ച ഭാരതത്തിലെ പട്ടികജാതി വിഭാഗങ്ങളിൽനിന്ന് ഹിന്ദുമതത്തിൽ മാത്രം വിശ്വസിക്കുന്ന പട്ടികജാതി വിഭാഗങ്ങൾക്കു മാത്രമേ സംവരണമുണ്ടാകൂ എന്ന ഉത്തരവിറക്കിയത്തിന് പിന്നിൽ രാഷ്ട്രീയ മൗഢ്യമോ അതോ രാഷ്ട്രീയ ഗൂഢാലോചനയോ? 1950 വരെ പട്ടികജാതി വിഭാഗമായി കരുതപെട്ട ജനതയെ സ്വാതന്ത്ര്യാനന്തരം പ്രത്യേക ഉത്തരവിലൂടെ പുറത്താക്കിയെങ്കിൽ ഗൂഢാലോചനയുടെ വേരുകൾതേടി കടൽ കടന്നുപോകേണ്ടതുണ്ടോ?
മതാധിഷ്ഠിത പട്ടികജാതി നിർണയത്തിലൂടെ ഏതൊരു മതത്തിൽ വിശ്വസിക്കാനും പിന്തുടരാനും പ്രചരിപ്പിക്കാനും പൗരന് അവകാശം ഉറപ്പുവരുത്തുന്ന ഭരണഘടനയുടെ നഗ്നമായ ലംഘനമാണ് ഭരണകൂടങ്ങൾ നടത്തിയത്, ഒപ്പം ഒരു ജനതയോടുള്ള വഞ്ചനയും. 1956 സിക്ക് മതം പിന്തുടരുന്ന ദളിതുകൾക്കും 1990ൽ ബുദ്ധമതത്തിൽ വിശ്വസിക്കുന്ന ദളിതുകൾക്കും പട്ടികജാതി സംവരണം നൽകാനായി ഭരണഘടന ഭേദഗതി ചെയ്തു എന്നറിയുന്നിടത്താണ് ദളിത് ക്രൈസ്തവരുടെ കാര്യത്തിൽ മതാധിഷ്ഠിതമായ വിവേചനം നടന്നു എന്നു വ്യക്തമായി തിരിച്ചറിയുന്നത്.
ദളിത് ക്രൈസ്തവർക്ക് പട്ടികജാതി സംവരണം പാടില്ല എന്നു വാദിക്കുന്നവർ ഉയർത്തുന്ന വിവിധ ആശയങ്ങളിൽ ഒന്നാണ്, ക്രിസ്തുമതത്തിൽ ജാതീയതയിൽ അധിഷ്ഠിതമായ വിവേചനമില്ല എന്നുള്ളത്. ഇവിടെ ശ്രദ്ധിക്കേണ്ട വസ്തുത ജാതീയതയിൽ അധിഷ്ഠിതമായ വിവേചനം സമൂഹത്തിൽനിന്നു മാറ്റാനുള്ള മാർഗമായല്ല ഭരണഘടനാ വിധാതാക്കൾ പട്ടിക ജാതി സംവരണം ആവിഷ്കരിച്ചത്, മറിച്ചു നൂറ്റാണ്ടുകളായി മൃഗതുല്യരായി കരുതപ്പെട്ട ഒരു ജനതയെ കൈപിടിച്ചു നടത്താനുള്ള സാമൂഹിക ശക്തീകരണ നടപടി എന്ന നിലയിലായിരുന്നു. ഒരാൾ മതം മാറുമ്പോൾ സാമൂഹ്യഘടനയിലെ അയാളുടെ ജാതീയ സ്ഥാനത്തിനും മാറ്റമുണ്ടാകുമോ? ഇത് പ്രസക്തമായ ചോദ്യമാണ്. ഇതിനു ഉത്തരം ഇല്ല എന്നുതന്നെയാണ്. അങ്ങനെ മാറുമായിരുന്നെങ്കിൽ ക്രിസ്തുമതം സ്വീകരിച്ച ദളിതുകൾ ‘ദളിതുകൾ’ എന്ന് അറിയപ്പെടുമായിരുന്നില്ല. മതംമാറ്റത്തിലൂടെ ജനിച്ച ജാതീയ സ്ഥാനത്തിലും സാമൂഹികസ്ഥാനത്തിലും ഒരു മാറ്റവും സംഭവിക്കുന്നില്ല. കാരണം, ഭാരതത്തിലെ ജാതീയ ചിന്തകൾ നിലനിൽക്കുന്നത് മതത്തിന്റെ അസ്തിത്വത്തിൽ അല്ല, മറിച്ച് സാമൂഹികഘടന തലത്തിലാണ്.
ഒരു വ്യക്തി മതം മാറുന്നതിലൂടെ അയാളുടെ ആത്മീയതയ്ക്കും ദൈവികസങ്കല്പങ്ങൾക്കും മാത്രമാണു പരിവർത്തനമുണ്ടാകുന്നത്; സാമൂഹിക, ജാതീയ മാനങ്ങളിൽ അല്ല. ഭാരതത്തിലെ എല്ലാ മതങ്ങളിലും ജാതീയ ചിന്തകൾ പ്രത്യക്ഷമായോ പരോക്ഷമായോ പ്രകടമാണ്. കാരണം ഈ മതങ്ങളെല്ലാം നിലനിൽക്കുന്നതു ജാതീയത രൂഢമൂലമായ ഈ നാടിന്റെ മണ്ണിലാണ്.
ദളിത് ക്രൈസ്തവർക്കുള്ള സംവരണ നിഷേധത്തിൽ പ്രതിഷേധിച്ച് 1950ൽ രാഷ്ട്രപതിയെയും പ്രധാനമന്ത്രിയെയും സന്ദർശിച്ച ക്രൈസ്തവ നേതാക്കൾക്ക് നൽകിയ എഴുത്തിൽ തുടങ്ങി 2023ൽ നിയമിതമായ ജസ്റ്റീസ് ബാലകൃഷ്ണൻ കമ്മീഷൻവരെ നീണ്ടുനിൽക്കുന്നു ദളിത് ക്രൈസ്തവ സംവരണ നിഷേധത്തിന്റെ ചരിത്രം. ഇത്രയേറെ പഠനങ്ങൾ, കമ്മീഷനുകൾ, റിപ്പോർട്ടുൾ, നിയമ പോരാട്ടങ്ങൾ നടന്ന ഒരു വിഷയം സ്വതന്ത്ര ഭാരതത്തിലിലുണ്ടായിട്ടുണ്ടോ എന്നു സംശയമാണ്. സ്വതന്ത്ര ഇന്ത്യയിലെ ആദ്യ പിന്നാക്ക പഠന കമ്മീഷനായ കാക്ക കാലേൽക്കർ കമ്മീഷൻ (1953), രണ്ടാം പിന്നാക്ക പഠന കമ്മീഷനായ മണ്ഡൽ കമ്മീഷൻ എന്നീ കമ്മീഷനുകൾ മതം സാമൂഹിക വ്യവസ്ഥയിൽ മാറ്റം വരുത്തില്ല എന്നും, ദളിത് ക്രൈസ്തവരുടെ അവസ്ഥ പിന്നാക്കമാണ് എന്നും ആയതിനാൽ പട്ടികജാതി സംവരണ വിഷയത്തിൽ അനുകൂല നിലപാട് സ്വീകരിക്കാം എന്നും വിവരിച്ചു. 2009ൽ നിയമിതനായ രംഗനാഥ് മിശ്ര കമ്മീഷൻ സാമൂഹിക വ്യവസ്ഥകളും സാഹചര്യങ്ങളും പഠിച്ചു ദളിത് ക്രൈസ്തവരുടെ പട്ടികജാതി സംവരണ വിഷയത്തിൽ അനുകൂല നിലപാടുകൾ എടുക്കണം എന്ന് ശിപാർശ ചെയ്തു. കൃത്യമായ സാഹചര്യ പഠനങ്ങൾ നടത്താതെയാണ് രംഗനാഥ് മിശ്ര കമ്മീഷൻ പരിവർത്തിത ക്രൈസ്തവരുടെ സംവരണ വിഷയത്തിൽ അനുകൂല റിപ്പോർട്ട് നൽകിയത് എന്ന വാദമുയർത്തി വിരമിച്ച സുപ്രീംകോടതി ചീഫ് ജസ്റ്റീസ് കെ. ജി. ബാലകൃഷ്ണൻ അധ്യക്ഷനായ കമ്മീഷനെ കേന്ദ്ര സർക്കാർ 2023ൽ നിയമിച്ചു.
ദളിത് ക്രൈസ്തവ സംവരണ വിഷയത്തിലുള്ള ഉത്തരവാദപ്പെട്ടവരുടെ നിഷേധാത്മകതയും നിസംഗതയും തിരുത്തണം. 1950 ഓഗസ്റ്റ് 10നു പുറത്തിറങ്ങിയ രാഷ്ട്രപതിയുടെ പ്രത്യേക ഉത്തരവ് പിൻവലിക്കേണ്ടത് അത്യന്താപേക്ഷിതമാണ്.