കേരളം സഹകരണ പ്രസ്ഥാനത്തിന്റെ പാഠപുസ്തകം
കെ.ജെ. ദേവസ്യ
Tuesday, August 19, 2025 12:48 AM IST
കേന്ദ്ര സഹകരണ നിയമം എത്രയോ കാലം മുന്പേ കേരളം കൈക്കുന്പിളിലേറ്റിയതാണ്. ജവഹർലാൽ നെഹ്റു ദശാബ്ദങ്ങൾക്കു മുന്പുതന്നെ സഹകരണ പ്രസ്ഥാനത്തിന്റെ അനിവാര്യത കൃത്യമായി ചൂണ്ടിക്കാണിച്ചിട്ടുണ്ട്. അതിന്റെയെല്ലാം വെളിച്ചത്തിൽ ലോകശ്രദ്ധ നേടിയ ഇന്ത്യയിലെ ഏക സംസ്ഥാനം കേരളമാണ്. പരസ്പര സഹകരണം, സത്യസന്ധത, പൗരബോധം, ദേശീയത, മതനിരപേക്ഷത എന്നിവയിലൂടെ സഹകരണ പ്രസ്ഥാനം കേരളത്തിന്റെ സ്വന്തമായിരുന്നു.
ഇന്നുകാണുന്ന പല നിശബ്ദ പദ്ധതികളിലും സഹകരണം പ്രാധാന്യത്തോടെ ലയിച്ചു ചേർന്നതിൽ മികച്ച സഹകാരികളുടെ പങ്ക് നിസ്തുലമാണ്. അതിന്റെ ശ്രദ്ധേയമായ വളർച്ച കേരളത്തിലാണ് ഏറ്റവും കൂടുതൽ കാണപ്പെട്ടത്. സാധാരണക്കാരായ ജനങ്ങളുടെ ചെറിയ പങ്കാളിത്തംപോലും വലിയ തുകയായി മാറി മാറി വലിയ സംരംഭങ്ങളായത് അനുഭവസിദ്ധമാണ്. ഈ അവസ്ഥയിൽ വേണം സഹകരണ പ്രസ്ഥാനങ്ങളെ കാണേണ്ടത്.
കേരളം പലതിലും ഇന്ത്യക്കു മാതൃകയായിട്ടുണ്ട്. ഇവിടെ പല സാന്പത്തിക ലക്ഷ്യങ്ങൾക്കും വേണ്ടി ഒരുമിച്ചു ചേർന്നു പ്രവർത്തിക്കുന്ന സംഘങ്ങളെ നല്ല മനസോടെതന്നെ സ്വീകരിക്കേണ്ടതുണ്ട്. കാർഷിക, വ്യാവസായിക, വിദ്യാഭ്യാസ, ആരോഗ്യ, കലാ-സംസ്കാരിക-കായിക രംഗങ്ങളിൾ കേരളത്തിൽ സർവതലസ്പർശിയായി സഹകരണ പ്രസ്ഥാനങ്ങൾ ശക്തിപ്പെട്ടിട്ടുണ്ട്. കേരളം ഒരു സഹകരണ പ്രസ്ഥാനത്തിന്റെ പാഠപുസ്തകമാണ്.
ദേശീയ സഹകരണ നിയമം കൊണ്ടുവന്നിരിക്കുന്നത് ഇന്ത്യയിലാകമാനം നടപ്പാക്കാനാണ്. അത് കേരള മോഡലിന്റെ കടമെടുപ്പുകൂടിയാണ്. ശാസ്ത്ര സാങ്കേതിക വിദ്യകളുടെ മുന്നേറ്റത്തിന്റെ ഭാഗമായുള്ള ഇലക്ട്രോണിക് സംവിധാനങ്ങൾ കൃത്യമായും സുതാര്യമാകുന്നു.
സ്വാതന്ത്ര്യ ലബ്ധിക്കുശേഷം കേരളം എല്ലാ പഞ്ചായത്തുകളിലും നേരിട്ടുതന്നെ സഹകരണ സംഘങ്ങൾ ഉണ്ടാക്കിയിരുന്നു. പ്രാഥമിക സംഘം, ജില്ലാ സംഘം, സംസ്ഥാന സംഘം എന്ന നിലയിലാണല്ലോ കേരള സ്റ്റേറ്റ് സഹകരണ സംഘം ബാങ്കായത്. ജനാധിപത്യ സഹകരണത്തെ മാറ്റിനിറുത്തി പ്രാഥമിക സംഘത്തെ ഞെരുക്കി ജില്ലാ സംഘത്തെ ഇല്ലാതാക്കി പുതിയ സംവിധാനം സൃഷ്ടിച്ചത് തികച്ചും കേന്ദ്രീകൃത സഹകരണ ജനാധിപത്യത്തിനു ചേർന്നതല്ലായിരുന്നുവെന്നു പറയാതെവയ്യാ.
ജില്ലാ സഹകരണ സംഘങ്ങൾക്കു പുനർജീവൻ നൽകേണ്ടതുതന്നെയാണ്. മാത്രവുമല്ല സഹകരണരംഗത്തു കേന്ദ്രീകൃത സഹകരണമല്ല, തട്ടുതട്ടുകളായുള്ള സഹകരണ ജനാധിപത്യമാണു വേണ്ടത്. ഇതൊന്നുമറിയാതെ കേവലം പണം കടംകൊടുക്കുന്ന ബാങ്കുകളെപ്പോലെ സഹകരണ സ്ഥാപനങ്ങളെ കരുതരുത്.
നികുതിയിളവിലെ ആശ്വാസം, മൾട്ടിസ്റ്റേറ്റ് സഹകരണ സംഘങ്ങൾ, കേന്ദ്ര-സംസ്ഥാന പദ്ധതികളുടെ നടത്തിപ്പ് എന്നിവയിലെല്ലാം കേന്ദ്രനിയമം നമുക്ക് ഗുണകരമാവും. സഹകരണരംഗത്ത് ആരെങ്കിലും അതിന്റെ ഉദ്ദേശ്യശുദ്ധിക്കു വിപരീതമായി പ്രവർത്തിച്ചിട്ടുണ്ടെങ്കിൽ അതിനായി അവരെ നിയമാനുസരണം നിലയ്ക്കു നിറുത്തുക അഥവാ തെറ്റു തിരുത്തലിന് വിധേയമാക്കുക. അതിനവസരം സഹകരണ നിയമങ്ങളിലുള്ളപ്പോൾ എന്തിനാണ് നിയമഭേദഗതി. കേരളത്തിൽ കൊണ്ടുവന്ന സഹകരണ നിയമഭേദഗതി ശരിയായിരുന്നില്ല.
ലോക്സഭ, രാജ്യസഭ, നിയമസഭ തുടങ്ങിയ ഇടങ്ങളിലും പ്രാദേശിക ഗവണ്മെന്റുകളിലും തെരഞ്ഞെടുപ്പുകളിൽ മത്സരിക്കുന്നതിനു ടേം എന്ന നിബന്ധനകളില്ല. എന്നാൽ കേരളത്തിൽ പുതിയ നിയമ ഭേദഗതിയിലൂടെ ടേം എന്നത് സഹകരണരംഗത്തു കടന്നുവന്നു. മാത്രവുമല്ല, തികച്ചും ജനാധിപത്യപരമായ അധികാരങ്ങളുള്ള ഭരണസമിതിയെത്തന്നെ ദുർബലമാക്കി സബ് കമ്മിറ്റികളിലും മറ്റും ഉദ്യോഗസ്ഥ, റിട്ടയേർഡ് ഉദ്യോഗസ്ഥ പ്രാതിനിധ്യത്താൽ സങ്കീർണമാക്കി.
നിലവിൽതന്നെ പൊതു ഭരണക്രമത്തിൽ ആകമാനം ബ്യൂറോക്രസി അഴിഞ്ഞാടി ഒരു സർക്കാരിനു സാധാരണ ജനങ്ങൾക്കിടയിൽനിന്നു വലിയതോതിൽ അവമതിപ്പുണ്ടാക്കുന്ന സന്ദർഭത്തിലാണ് പുതിയ ഭേദഗതി ഉണ്ടാകുന്നത്.
പുതിയ നിയമഭേദഗതിയിലൂടെ ലക്ഷ്യം വയ്ക്കുന്നത് എന്തുതന്നെയായിരുന്നാലും ഉദ്ദേശ്യശുദ്ധി ഇല്ലാത്തതാണ്. ധാരാളം സംഘങ്ങളിലെ വ്യക്തികളുടെ സത്യസന്ധവും ആത്മാർഥവുമായ കർമഫലമായാണു സംഘങ്ങൾ നിലനിൽക്കുന്നത്. അതുകാണാതെ ടേം ഉണ്ടാക്കിയതും ഉദ്യോഗസ്ഥ മേധാവിത്വത്തിന് വഴിതെളിച്ചതും ഭൂഷണമല്ലെന്നു പറഞ്ഞേ തീരൂ.
ഈ സാഹചര്യത്തിൽ ജനകീയ കോടതിയുടെ വിധി കാത്തിരിപ്പുണ്ട്. കേന്ദ്ര സഹകരണ നിയമത്തെ അംഗീകരിക്കാതിരുന്നാൽ മറ്റു പല കാര്യങ്ങളിലുമെന്നപോലെ കേന്ദ്ര വിരുദ്ധ സമരം മാത്രമേ ശരണമായി വരൂ, സഹകരണമാണാവശ്യം. കേന്ദ്ര സഹകരണ നിയമവുമായി സഹകരിക്കുന്നതാണ് കാലികപ്രസക്തമായ ദൗത്യം. ഇനിയും കേന്ദ്ര നിയമങ്ങളെ അകറ്റി നിറുത്തണമെങ്കിൽ കേരളം മാത്രം വിചാരിച്ചാൽ പോരാതാനും. ജിഎസ്ടി അടക്കമുള്ള കാര്യങ്ങളിൽ ഇതു നാം കണ്ടതാണ്.
ശക്തമായ കേന്ദ്രവും സംതൃപ്തമായ സംസ്ഥാനങ്ങളും എന്ന ആശയം പലവട്ടം ചർച്ചചെയ്യപ്പെട്ടതും ഇനിയും എവിടെയുമെത്താത്തതുമാണ്. ഉരുൾപൊട്ടൽ ദുരന്തത്തിൽ വലിയ തോതിൽ കെടുതികളുണ്ടായ കേരളത്തെ വലിയ തോതിൽ അവഗണിച്ച കേന്ദ്രം, പ്രകൃതി ദുരന്തം നേരിട്ട ഇതര സംസ്ഥാനങ്ങളെ കൈയയച്ചു സഹായിച്ചതു നാം കണ്ടതാണ്.
ഈ വൈരുദ്ധ്യം ഇപ്പോഴും നിലനിൽക്കുന്പോൾ കേന്ദ്രാധികാരത്തിന്റെ പരിധിയിലുള്ള സഹകരണ മേഖലയെ സഹായിക്കാൻ ബാധ്യസ്ഥരായ സ്ഥാപനങ്ങൾ നമ്മെ തിരിച്ചറിഞ്ഞു സഹായിക്കാതിരിക്കില്ലേ? ഇത്തരം സാഹചര്യത്തിൽ കേന്ദ്ര സഹകരണ നിയമങ്ങളുമായി യോജിച്ചു മുന്നോട്ടു നീങ്ങി കേരളത്തിന്റെ ആവശ്യങ്ങളും അവകാശങ്ങളും നേടിയെടുക്കാൻ മുൻവിധിയില്ലാതെ മുന്നോട്ടു വരികതന്നെ വേണം.