ഇന്ത്യൻ ജനാധിപത്യം ‘മെയ്ഡേ കോളി’ൽ
ഫാ. നൗജിൻ വിതയത്തിൽ
Tuesday, August 19, 2025 12:51 AM IST
അഹമ്മദാബാദിലെ വിമാന ദുരന്തത്തിനുശേഷം ഏറെ ശ്രദ്ധിക്കപ്പെട്ട ഒരു വാക്കായിരുന്നു ‘മെയ്ഡേ’. ആകാശത്തിലെയും കടലിലെയും യാത്രാ സംവിധാനങ്ങൾ അപായത്തിൽപ്പെടുമ്പോൾ ആ വിവരം പുറംലോകത്തെ അറിയിക്കാൻ അത്രമേൽ അടിയന്തര സാഹചര്യത്തിൽ ആ യാത്രാവാഹനത്തെ നിയന്ത്രിക്കുന്നവർ പുറപ്പെടുവിക്കുന്ന അപായ മുന്നറിയിപ്പാണ് ‘മെയ്ഡേ’. ഫ്രഞ്ച് വേരുകളുള്ള (m’aider) ഈ വാക്കിന്റെ അർഥം ‘എന്നെ സഹായിക്കൂ’ എന്നാണ്. ജീവൻപോലും അപകടത്തിലായേക്കാവുന്ന അത്രമേൽ ആപത്കരമായ സാഹചര്യത്തിൽ തന്റെയും മറ്റുള്ളവരുടെയും രക്ഷയ്ക്കായുള്ള അവസാന ശ്രമമെന്ന നിലയിലാണ് ഈ വാക്ക് ഉപയോഗിക്കുന്നത്. അത്തരമൊരു സാഹചര്യത്തിലാണ് ഇന്ത്യൻ ജനാധിപത്യം എന്നാണു പുറത്തുവരുന്ന വാർത്തകൾ തെളിയിക്കുന്നത്.
ഇന്ത്യൻ ഭരണഘടനയുടെ ജീവനാഡിയായ ജനാധിപത്യമൂല്യങ്ങളും മതേതരത്വവും ഫെഡറൽ സംവിധാനങ്ങളും, എന്തിന് ജനവിധിപോലും താറുമാറാകുകയോ അട്ടിമറിക്കപ്പെടുകയോ ചെയ്തിരിക്കുന്നു. മാത്രമല്ല, മത ന്യൂനപക്ഷങ്ങൾ ഭൂരിപക്ഷ വർഗീയതയുടെ ഇരകളായി മാറ്റപ്പെടുകയും കലാ സംസ്കാരിക രംഗത്തുപോലും ഭരണകൂടം തങ്ങളുടെ രാഷ്ട്രീയ താത്പര്യങ്ങൾ അടിച്ചേല്പിക്കുകയും ചെയ്യുന്നു. അന്വേഷണ ഏജൻസികളും നിയമവ്യവസ്ഥകളും വ്യവഹാരങ്ങൾപോലും അവരുടെ ചൊല്പടിക്കു നിൽക്കുന്നു എന്നതും പ്രതികരിക്കുന്ന പ്രതിഷേധസ്വരങ്ങളെ തങ്ങളുടെ പണവും സ്വാധീനവും ഉപയോഗിച്ചു ദുർബലപ്പെടുത്തുന്നു എന്നതും വല്ലാത്തൊരു അപകടസാധ്യതയാണു നൽകുന്നത്.
മതേതരത്വത്തിന്റെ മുറിവ്
ഇന്ത്യൻ ഭരണഘടന ഉറപ്പു നൽകുന്ന അടിസ്ഥാന മൂല്യങ്ങളിലൊന്നാണ് മതേതരത്വം. ഭരണഘടനയുടെ ആരംഭത്തിൽത്തന്നെ അതിനു മതേതര സ്വഭാവമുണ്ടെങ്കിലും 1976ൽ ഭരണഘടനയുടെ 42-ാം ഭേദഗതിയിലൂടെയാണ് മതേതരത്വം എന്നുള്ള പദം ഭരണഘടനയിൽ കൂട്ടിച്ചേർക്കപ്പെട്ടത്. ഒരു ഇന്ത്യൻ പൗരൻ എന്ന നിലയിൽ ഇഷ്ടമുള്ള മതത്തിൽ വിശ്വസിക്കാനുള്ള അവകാശം ഭരണഘടന നമുക്കു നൽകുന്നുണ്ട്. പൗരന്മാർ ഏതു മതത്തിൽ വിശ്വസിച്ചാലും രാഷ്ട്രത്തിന് ഒരുപോലെയാണ്. വിവേചനം ഭരണഘടനാ വിരുദ്ധമാണ്. എന്നാൽ, ഇന്ത്യൻ മതേതരത്വവും മതസ്വാതന്ത്ര്യവും മുമ്പെങ്ങുമില്ലാത്ത വിധം അപകടകരമായ സാഹചര്യത്തിലൂടെയാണു കടന്നുപൊയ്ക്കൊണ്ടിരിക്കുന്നത്.
ഇന്ത്യയിലെ മതന്യൂനപക്ഷങ്ങൾ, പ്രത്യേകിച്ചു ക്രൈസ്തവർ ഒന്നിനു പുറകെ ഒന്നായി ആക്രമണത്തിനു വിധേയരായിക്കൊണ്ടിരിക്കുന്നു. യുണൈറ്റഡ് ക്രിസ്ത്യൻ ഫെഡറേഷന്റെ കണക്കു പ്രകാരം കഴിഞ്ഞ 10 വർഷത്തിനിടയ്ക്ക് നാലായിരത്തി അറുനൂറോളം ഒറ്റയ്ക്കും കൂട്ടവുമായിട്ടുള്ള ആക്രമണങ്ങൾക്ക് ക്രൈസ്തവർ വിധേയരായി.
അതായത് ഓരോ 36 മണിക്കൂറിലും ഒരു ഇന്ത്യൻ ക്രൈസ്തവൻ ആക്രമിക്കപ്പെടുന്നു. 2014ൽ ക്രൈസ്തവർക്കെതിരായ ആക്രമണങ്ങൾ കേവലം 127 ആയിരുന്നെങ്കിൽ 2024 ആയപ്പോഴേക്കും ഏകദേശം 834 കേസുകളാണു റിപ്പോർട്ട് ചെയ്തിരിക്കുന്നത്. അടുത്തിടെ ഛത്തീസ്ഗഡിൽ രണ്ടു സന്യസ്തർ മനുഷ്യക്കടത്തും മതപരിവർത്തനവും ആരോപിക്കപ്പെട്ട് ബജ്രംഗ്ദൾ പ്രവർത്തകരാൽ ആക്രമിക്കപ്പെട്ടതും ജയിലടയ്ക്കപ്പെട്ടതും തുടർന്നുള്ള ദിവസങ്ങളിൽ ഒഡീഷയിൽ ഏതാനും വൈദികരും സന്യസ്തരും ഇത്തരത്തിൽതന്നെ ആൾക്കൂട്ട ആക്രമണത്തിനു വിധേയമായതും ഏറെ ആശങ്കയോടെയാണു മതേതര സമൂഹം നോക്കിക്കാണുന്നത്.
ഇത്തരം സംഭവങ്ങളിൽ ഏറെ സങ്കടകരമായ കാര്യം ഇത്തരത്തിലുള്ള ആക്രമണങ്ങൾക്ക് നിയമപാലകരും ജനനേതാക്കളും മൗനസമ്മതം നൽകുന്നു എന്നുള്ളതാണ്. ഛത്തീസ്ഗഡിൽ അറസ്റ്റിലായ സിസ്റ്റേഴ്സിനെ പോലീസിന്റെ സാന്നിധ്യത്തിൽ ഏതാനും ബജ്രംഗ്ദൾ പ്രവർത്തകർ കൈയേറ്റം ചെയ്യുന്നതും അവരുടെ ജാമ്യം നിഷേധിക്കപ്പെട്ടപ്പോൾ അത് ആഘോഷമായി മാറ്റിയതുമെല്ലാം ഇന്ത്യൻ മതേതരത്വം എത്ര അപകടകരമായ സാഹചര്യത്തിലൂടെയാണു കടന്നുപൊയ്ക്കൊണ്ടിരിക്കുന്നത് എന്നതിന് പ്രകടമായ ഉദാഹരണമാണ്.
ദേശീയ ചലച്ചിത്ര അവാർഡ്
എഴുപത്തൊന്നാമത് ദേശീയ ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിക്കപ്പെട്ടപ്പോൾ അതിനു പിന്നിൽ ഒളിഞ്ഞിരിക്കുന്ന തീവ്ര വലതുപക്ഷ രാഷ്ട്രീയത്തിന്റെ അജൻഡകൾ കുറേക്കൂടി മറനീക്കി പുറത്തുവന്നു. കലാമൂല്യമുള്ള, പ്രകടനംകൊണ്ടും നിർമാണ മികവുകൊണ്ടും ഏറെ നിലവാരം പുലർത്തിയ കലാസൃഷ്ടികളെ ബോധപൂർവം മാറ്റിനിർത്തിക്കൊണ്ട് ‘കേരള സ്റ്റോറി’ പോലെ പ്രൊപ്പഗാന്ത സിനിമകൾക്ക് അവാർഡ് നൽകിയപ്പോൾ അവാർഡ് നിർണയ കമ്മിറ്റിയുടെ നിഷ്പക്ഷതയും ഉദ്ദേശ്യശുദ്ധിയും ചോദ്യം ചെയ്യപ്പെടണ്ടായി.
‘എമ്പുരാൻ’ എന്ന ചലച്ചിത്രത്തിനു സെൻസർഷിപ്പിനുശേഷവും 17 ‘കട്ട്’ കൊടുത്തതും ‘ജാനകി v/s സ്റ്റേറ്റ് ഓഫ് കേരള’യിലെ ജാനകിയുടെ പേര് വി. ജാനകി എന്നാക്കി പലയിടങ്ങളിലും മ്യൂട്ട് ചെയ്യിക്കേണ്ടിവന്നതും കലാ-സംസ്കാരികരംഗത്ത് ആവിഷ്കാര സ്വാതന്ത്ര്യത്തിന് എത്രത്തോളം കടിഞ്ഞാൺ വീണുകഴിഞ്ഞു എന്നതിന്റെ ഉദാഹരണമാണ്.
ഭരണവർഗത്തെ പ്രീതിപ്പെടുത്തുന്ന ദൃശ്യ ആവിഷ്കാരങ്ങൾക്കും മാധ്യമ സൃഷ്ടികൾക്കും കൂടുതൽ പരിഗണനയും ഉപഹാരങ്ങളും നൽകുകയും അവരെ വിമർശിക്കുന്ന കലാസൃഷ്ടികളെയും കലാകാരന്മാരെയും മാധ്യമ പ്രവർത്തകരെയും ബോധപൂർവം തഴയുകയും ചെയ്യുന്ന പ്രവണത ഒരു ജനാധിപത്യ രാജ്യത്തിൽ തികച്ചും ലജ്ജാകരമാണ്. അതുകൊണ്ടുതന്നെ നിഷ്പക്ഷമായി ചിന്തിക്കുന്നവർക്ക് ഈ വർഷത്തെ ദേശീയ ചലച്ചിത്ര അവാർഡ് പ്രഖ്യാപനം ഒരു ദുരന്ത നാടകമോ കോമഡി ഷോയോ ആയി മാത്രമേ കാണാനാവൂ.
ഓപ്പറേഷൻ മഹാ
‘ഓപ്പറേഷൻ മഹാദേവപുരം’ എന്നപേരിൽ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി മുന്നോട്ടുവച്ച വോട്ടുമോഷണമെന്ന ആരോപണം അത്ര നിസാരമായി തള്ളിക്കളയാവുന്നതല്ല. തെരഞ്ഞെടുപ്പ് കമ്മീഷനെപ്പോലും നോക്കുകുത്തിയാക്കിക്കൊണ്ട്, അതല്ലെങ്കിൽ അവരുടെതന്നെ മൗന അനുവാദത്തോടുകൂടി ജനാധിപത്യത്തിലെ ഏറ്റവും വലിയ വോട്ടിംഗ് സംവിധാനം അട്ടിമറിക്കപ്പെട്ടു എന്നുള്ള ആരോപണം ഏറെ ആശങ്കാജനകമാണ്.
വ്യാജ വോട്ടർമാരെ കൂട്ടിച്ചേർത്തും ഒരേ വോട്ടർമാർ പലയിടങ്ങളിലായി മൾട്ടിപ്പിൾ വോട്ടിംഗ് ചെയ്തും പുതിയ വോട്ടർമാർ എന്ന പേരിൽ തെറ്റായ വ്യക്തികൾ വോട്ടർപട്ടികയിൽ ഇടം പിടിച്ചും ഒരേ മേൽവിലാസത്തിൽ ഒട്ടനേകം പേർ വോട്ടു ചെയ്തുമെല്ലാം ജനവിധി അട്ടിമറിച്ചുവെന്നു തെളിവുകൾ നിരത്തി പ്രതിപക്ഷ നേതാവ് ആരോപണമുന്നയിക്കുമ്പോൾ പ്രതിക്കൂട്ടിലാവുന്നത് തെരഞ്ഞെടുപ്പ് കമ്മീഷനും അതിന്റെ വിശ്വാസ്യതയുമാണ്. ആ ആരോപണത്തിൽ കഴമ്പുണ്ടെങ്കിൽ തീർച്ചയായും കഴിഞ്ഞ ലോക്സഭാ ഇലക്ഷനിലെ, കേരളത്തിലെ തൃശൂർ അടക്കമുള്ള പല മണ്ഡലങ്ങളിലെയും തെരഞ്ഞെടുപ്പ് വിജയം സംശയത്തിന്റെ മുൾമുനയിൽ നിൽക്കുകയാണ്. ജനാധിപത്യരാജ്യത്ത് ഏറ്റവും സുതാര്യവും കണിശവുമായി നടക്കേണ്ട വോട്ടിംഗ് സംവിധാനംപോലും അട്ടിമറിക്കപ്പെട്ടു എന്നുള്ള ആരോപണം ഏറെ ആശങ്കയോടെ വിലയിരുത്തേണ്ടതാണ്.
കാവിവത്കരണത്തിന്റെ രണ്ടാം വരവ്
മുന്പ് വാജ്പേയ് സർക്കാരിന്റെ കാലത്ത് വിദ്യാഭ്യാസ, കലാ-രാഷ്ട്രീയ-സാംസ്കാരിക മേഖലകളിൽ കാവിവത്കരണമുണ്ടായി. തികച്ചും മതേതരത്വം പുലർത്തുന്ന ഇന്ത്യൻ ഭരണഘടനയെ മാറ്റിയെഴുതാനും ഇന്ത്യ എന്ന സെക്കുലർ രാജ്യത്തെ ഹൈന്ദവവത്കരിക്കാനുമുള്ള ബോധപൂർവമായ ശ്രമങ്ങൾ അംഗീകരിക്കാവുന്നതല്ല. ഇന്ത്യ എന്ന രാജ്യം ഒരു ദിവസം ഭാരതം എന്നാകുന്നതും ഇന്ത്യൻ പീനൽ കോഡ് ഭാരതീയ ന്യായ സംഹിതയായി മാറുന്നതും നാം കണ്ടു. നിരവധി സ്ഥലനാമങ്ങൾ മാറ്റി.
പത്തോളം വലിയ റെയിൽവേ സ്റ്റേഷനുകൾക്കാണ് അടുത്തിടെയായി പേര് മാറ്റപ്പെട്ടത്. നഗരങ്ങളുടെയും വിമാനത്താവളങ്ങളുടെയും റെയിൽവേ സ്റ്റേഷനുകളുടെയും പേരു മാറ്റത്തിനു പുറമേ ഏകദേശം 122 വ്യത്യസ്ത ഭാഷകളുള്ള (2011 സെൻസസ് പ്രകാരം) രാജ്യത്ത് ഹിന്ദിയെ ഏക ദേശീയ ഭാഷയാക്കാനായി ചിലർ നടത്തുന്ന ശ്രമങ്ങളും കണ്ടില്ലെന്നു നടിച്ചുകൂടാ. ഏതാണ് ഇന്ത്യയുടെ രാഷ്ട്രഭാഷ എന്നുള്ള ചോദ്യത്തിന് തമിഴ്നാട്ടിലെ ഡിഎംകെ നേതാവ് കനിമൊഴി എംപി നൽകിയ ‘നാനാത്വത്തിൽ ഏകത്വം’ എന്ന മറുപടി കുറിക്കുകൊള്ളുന്നതായി.
മതപരിവർത്തനവും ‘ഘർ വാപ്പസി’യും
ഒരു ഇന്ത്യൻ പൗരന് തനിക്ക് ഇഷ്ടമുള്ള മതം സ്വീകരിക്കാം എന്നുള്ള അവകാശം ഭരണഘടന നല്കിയിരിക്കേ പല സംസ്ഥാനങ്ങളും മതപരിവർത്തന നിരോധന നിയമം പാസാക്കുകയും അത്തരം ഒരാരോപണം ഉന്നയിച്ചു സദുദ്ദേശ്യത്തോടെ സേവനം ചെയ്യുന്ന ക്രൈസ്തവ മിഷനറിമാരുടെ പ്രവർത്തങ്ങളിൽ കരിനിഴൽ വീഴ്ത്തുകയും ചെയ്യുന്ന രീതി അംഗീകരിക്കാവുന്നതല്ല. അതേസമയം, ഹൈന്ദവവിശ്വാസധാരയിൽനിന്നു മറ്റു മതങ്ങളിലേക്കു ചേക്കേറിയവരെ പ്രലോഭിപ്പിച്ചും ഭീഷണിപ്പെടുത്തിയും വീണ്ടും ഹൈന്ദവ ധർമത്തിലേക്കു തിരിച്ചു കൊണ്ടുവരാനായി ‘ഘർ വാപ്പസി’ എന്ന പേരിൽ നടക്കുന്ന മതപരിവർത്തനത്തിനു പിന്നിലെ ഉദ്ദേശ്യശുദ്ധിയെയും പരിശോധിക്കേണ്ടിയിരിക്കുന്നു.
പല കാരണങ്ങളാൽ ഒരിക്കൽ ഹൈന്ദവ വിശ്വാസം ഉപേക്ഷിച്ചവരെ തിരിച്ചുകൊണ്ടുവരാൻ ചില തീവ്രനിലപാടുകാർ ശ്രമിക്കുമ്പോൾ അതു മതപരിവർത്തന നിരോധന നിയമത്തിന്റെ പരിധിയിൽ വരുന്നുമില്ല. അതുകൊണ്ടുതന്നെ ക്രൈസ്തവരെ പ്രതിക്കൂട്ടിലാക്കുക എന്ന ദുരുദ്ദേശ്യത്തോടെ ചില തീവ്രവർഗീയ ശക്തികളുടെ കൈയിലെ തുറുപ്പുചീട്ടായി പലപ്പോഴും ഈ മതപരിവർത്തന നിരോധന നിയമം മാറുന്നു എന്നുള്ളതാണ് വാസ്തവം.