ജനാധിപത്യത്തിന്റെ മരണമണി
പ്രഫ. റോണി കെ. ബേബി
Friday, August 22, 2025 12:13 AM IST
ഗുരുതരമായ ക്രിമിനൽ കുറ്റങ്ങൾക്ക് അറസ്റ്റ് ചെയ്യപ്പെട്ടാൽ പ്രധാനമന്ത്രിയെയും മുഖ്യമന്ത്രിമാരെയും മന്ത്രിമാരെയും നീക്കംചെയ്യാൻ അനുവദിക്കുന്ന 130-ാം ഭരണഘടനാ ഭേദഗതി ബിൽ രാജ്യമെമ്പാടും വലിയ ചർച്ചകൾക്കു വഴിവച്ചിരിക്കുകയാണ്.
ഭരണഘടന (130-ാം ഭേദഗതി) ബിൽ 2025, ജമ്മു കാഷ്മീർ പുനഃസംഘടന (ഭേദഗതി) ബിൽ 2025, കേന്ദ്രഭരണ പ്രദേശങ്ങളുടെ ഭരണ (ഭേദഗതി) ബിൽ 2025 എന്നിങ്ങനെ മൂന്നു ബില്ലുകളാണ് കഴിഞ്ഞദിവസം കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പാർലമെന്റിൽ അവതരിപ്പിച്ചത്. ഭരണഘടനയുടെ 75, 164, 239 എഎ വകുപ്പുകളിൽ മാറ്റം വരുത്താൻ 130-ാം ഭേദഗതി ബിൽ നിർദേശിക്കുന്നു. കേന്ദ്രഭരണ പ്രദേശങ്ങളിലെ മന്ത്രിമാര്‍ക്കും ഇതേ വ്യവസ്ഥകള്‍ ബാധകമാക്കുന്നതാണ് കേന്ദ്രഭരണപ്രദേശ ഭരണ ഭേദഗതി ബില്‍.
ജമ്മു കാഷ്മീരിനെയും ഇതേ ചട്ടക്കൂടിനു കീഴില്‍ കൊണ്ടുവരുന്നതാണ് ജമ്മു കാഷ്മീര്‍ പുനഃസംഘടന (ഭേദഗതി) ബില്‍. ഗുരുതരമായ ക്രിമിനല്‍ കുറ്റങ്ങള്‍ ചുമത്തി അറസ്റ്റു ചെയ്യപ്പെടുന്ന പ്രധാനമന്ത്രി, മുഖ്യമന്ത്രിമാര്‍, മന്ത്രിമാര്‍ എന്നിവര്‍ 30 ദിവസം കസ്റ്റഡിയിലായിട്ടും രാജിവയ്ക്കുന്നില്ലെങ്കില്‍ മുപ്പത്തൊന്നാം ദിവസം നിര്‍ബന്ധിത രാജി ഉറപ്പാക്കുന്ന വ്യവസ്ഥയാണു വലിയ വിമർശനങ്ങൾ ക്ഷണിച്ചുവരുത്തിയിരിക്കുന്നത്.
നിലവിലുള്ളത് ശക്തമായ നിയമങ്ങൾ
കുറ്റകൃത്യങ്ങളിൽ ശിക്ഷിക്കപ്പെടുന്ന ജനപ്രതിനിധികളെ അയോഗ്യരാക്കുന്നതിനു നിലവിൽ ശക്തമായ നിയമങ്ങളുള്ളപ്പോൾ ആരോപണവിധേയരായി എന്നതുകൊണ്ടു മാത്രം തത്സ്ഥാനങ്ങളിൽനിന്നു പുറത്താക്കുന്നതിനു പുതിയ നിയമത്തിന്റെ ആവശ്യമെന്താണ് എന്നാണ് നിയമവിദഗ്ധരും പ്രതിപക്ഷനേതാക്കളും ചോദിക്കുന്നത്. നിലവില്‍ ജനപ്രാതിനിധ്യ നിയമപ്രകാരം രണ്ടുവര്‍ഷമോ അതില്‍ കൂടുതലോ ശിക്ഷിക്കപ്പെട്ടാല്‍ എംഎല്‍എമാരെയും എംപിമാരെയും അയോഗ്യരായി പ്രഖ്യാപിക്കാം. 2001ലെ ബി.ആർ. കപൂർ v/s സ്റ്റേറ്റ് ഓഫ് തമിഴ്നാട് കേസിൽ നിയമസഭാംഗമായി പ്രവർത്തിക്കുന്നതിൽനിന്ന് വിലക്കപ്പെട്ട ആർക്കും മുഖ്യമന്ത്രി സ്ഥാനം വഹിക്കാൻ അർഹതയില്ലെന്ന് സുപ്രീംകോടതി വിധിച്ചിരുന്നു.
എംപി/എംഎൽഎ തുടങ്ങിയവരുടെ അംഗത്വം ഭരണഘടനയുടെ ആർട്ടിക്കിൾ 102,191, ജനപ്രാതിനിധ്യ നിയമം എന്നിവയുടെ അടിസ്ഥാനത്തിലാണു നിയന്ത്രിക്കുന്നത്. നിലവിൽ 1951ലെ ജനപ്രാതിനിധ്യ നിയമപ്രകാരം അയോഗ്യനാക്കപ്പെട്ടില്ലെങ്കിൽ, വിചാരണ നേരിടുമ്പോഴോ കസ്റ്റഡിയിലായിരിക്കുമ്പോഴോ തത്സ്ഥാനത്തു തുടരുന്നതിൽനിന്ന് പ്രധാനമന്ത്രിയെയും മുഖ്യമന്ത്രിമാരെയും മന്ത്രിമാരെയും ഒരു നിയമവും തടഞ്ഞിട്ടില്ല.
ലക്ഷ്യം പ്രതിപക്ഷവേട്ട
130-ാം ഭരണഘടനാ ഭേദഗതി ഭരണഘടനയുടെ അടിസ്ഥാനതത്വങ്ങള്‍ക്കു നിരക്കാത്തതാണെന്നും പല സംസ്ഥാനങ്ങളിലും പ്രതിപക്ഷ പാര്‍ട്ടികളെ ലക്ഷ്യമിട്ടുകൊണ്ടുള്ള ബില്ലാണിതെന്നുമുള്ള ശക്തമായ വിമർശനമാണ് പ്രതിപക്ഷം ഉയർത്തുന്നത്.
എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പരിധി ലംഘിക്കുന്നു എന്ന വിമർശനം പലതവണ സുപ്രീംകോടതിയുടെ ഭാഗത്തുനിന്നുണ്ടായതു പ്രതിപക്ഷ ആരോപണങ്ങൾക്കു ബലം നൽകുന്നുണ്ട്. 2015 മുതൽ കള്ളപ്പണ നിരോധന നിയമ പ്രകാരം ഇഡി രജിസ്റ്റർ ചെയ്ത 5,892 കേസുകളിൽ കോടതി ശിക്ഷിച്ചത് 15 കേസുകളിൽ മാത്രമാണെന്ന് കേന്ദ്ര ധനകാര്യ മന്ത്രി രാജ്യസഭയിൽ പറഞ്ഞിരുന്നു. കേസുകളിൽ 0.25% മാത്രമാണു ശിക്ഷിക്കപ്പെട്ടത്.
കേന്ദ്രത്തില്‍ ബിജെപി അധികാരത്തിലെത്തിയ 2014 മുതല്‍ ഇഡി രജിസ്റ്റര്‍ ചെയ്ത 95% കേസുകളും പ്രതിപക്ഷ പാര്‍ട്ടികളിലെ നേതാക്കള്ക്കെതിരേയാണെന്ന കണക്കുകളും പുറത്തുവന്നിട്ടുണ്ട്. യുപിഎ ഭരിച്ച 2004-2014 കാലത്ത് ഇഡി കേസെടുത്തത് 26 രാഷ്ട്രീയനേതാക്കള്‍ക്കെതിരേ ആയിരുന്നെങ്കിൽ 2014 മുതല്‍ 2022 വരെ ഇഡി അന്വേഷണം നേരിടുന്നത് 121 രാഷ്ട്രീയ നേതാക്കളാണ്. ഇതില്‍ 115 പേര്, അതായത് 95 ശതമാനം പേര് പ്രതിപക്ഷപാര്ട്ടികളിലുള്ളവരാണ്. യുപിഎ കാലത്ത് പ്രതിപക്ഷ പാര്‍ട്ടികളില്‍ ഉള്‍പ്പെട്ടവര്‍ 14 പേര് അഥവാ 54 ശതമാനം മാത്രമാണ്.
വിവിധ സംസ്ഥാനങ്ങളിൽ മുഖ്യമന്ത്രിമാരായിരുന്ന ലാലുപ്രസാദ് യാദവ്, ഭൂപേഷ് ബാഘേല്‍, അശോക് ഗഹ്ലോട്ട്, അരവിന്ദ് കേജരിവാൾ, ഹേമന്ദ് സോറൻ, ഭുപീന്ദര്‍ സിംഗ് ഹൂഡ, അഖിലേഷ് യാദവ്, ഫാറൂഖ് അബ്ദുള്ള, ഉമര്‍ അബ്ദുള്ള, മെഹബൂബ മുഫ്തി, നബാം തുകി, ഒക്രം ഇബോബി സിംഗ്, ശരദ് പവാര്‍, രാജസ്ഥാൻ ഉപമുഖ്യമന്ത്രിയായിരുന്ന സച്ചിന് പൈലറ്റ് തുടങ്ങിയ പ്രതിപക്ഷ നേതാക്കളെല്ലാം നിലവിൽ ഇഡിയുടെ അന്വേഷണപരിധിയിലാണ്.
അതേസമയം, ബിജെപിയില്‍ ചേര്‍ന്ന നേതാക്കള്‍ക്കെതിരായ ഇഡി കേസുകള്‍ പാതിവഴി നിലച്ചതിന്റെയും വേഗം കുറഞ്ഞതിന്റെയും ഉദാഹരണങ്ങളും നിരവധിയുണ്ട്. അജിത് പവാര്‍, ഹിമന്ത ബിശ്വ ശര്‍മ, സുവേന്ദു അധികാരി, മുകുള്‍ റോയി തുടങ്ങിയ പ്രതിപക്ഷ നേതാക്കൾ ബിജെപിയിൽ ചേർന്നതോടെ അവർക്കെതിരായ കേസുകളെല്ലാം മാഞ്ഞുപോയി. ബിജെപിക്കെതിരേ പ്രതിപക്ഷം ഉന്നയിച്ച "വാഷിംഗ് മെഷീൻ' ആരോപണം ശരിയാണെന്നതിലേക്കാണ് ഇക്കാര്യങ്ങൾ വിരൽ ചൂണ്ടുന്നത്.
അഴിമതിക്കേസുകളിൽ കഴിഞ്ഞ പത്തു വർഷത്തിനുള്ളിൽ കേന്ദ്ര ഏജൻസികളുടെ നടപടി നേരിട്ട 25 പ്രതിപക്ഷ നേതാക്കൾ ബിജെപിയിൽ ചേർന്നു. എന്നാൽ, ബിജെപിയുടെയോ ബിജെപിയിൽ ചേർന്നതോ ആയ ഒരു നേതാവിനെതിരേയും അന്വേഷണമില്ല. ഈ ഇരട്ടത്താപ്പാണ് പ്രതിപക്ഷം ചൂണ്ടിക്കാണിക്കുന്നത്. അഴിമതിക്കേസില്‍ അറസ്റ്റിലായവര്‍ പാര്‍ട്ടി മാറി ബിജെപിയിലെത്തിയാല്‍ വിശുദ്ധരാകുന്ന വിചിത്ര യുക്തി ഏത് ഭരണഘടനാ ധാര്‍മികതയുടെ പേരിലാണെന്നുകൂടി ബിജെപി വിശദീകരിക്കേണ്ടതുണ്ട്.